Tuesday, August 11, 2026
Home Blog Page 117

ഒമാനിലെ വാദി ദൈഖ അണക്കെട്ട് സെപ്റ്റംബര്‍ 15ന് തുറക്കും

0

ഒമാനിലെ വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഈ മാസം പതിനഞ്ചിന് തുറക്കും. കൃഷിയാവശ്യം മുന്‍നിര്‍ത്തിയാണ് അണക്കെട്ടില്‍ നിന്നും ജലം തുറന്ന് വിടുന്നത്. പൊതുജനങ്ങള്‍ വാദിയില്‍ നിന്നും മാറിനില്‍ക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന വാദി ദൈഖ അണക്കെട്ട് തുറന്ന് പതിനഞ്ച് ദശലക്ഷം മെട്രിക് ക്യൂബ് ജലം പുറത്തേക്ക് ഒഴുക്കുന്നതിന് ആണ് തീരുമാനം.

എഴുപത്തിയഞ്ച് മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന് നൂറ് ദശലക്ഷം മെട്രിക് ക്യൂബ് ജലം സംഭരിക്കുന്നതിനാണ് ശേഷിയുള്ളത്. ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനും ദഘമര്‍ ഹെയില്‍ അല്‍ ഖാഫ് തുടങ്ങിയ മേഖലകളിലെ കൃഷിഭൂമികളില്‍ ജലം എത്തിക്കുന്നതിനുമായിട്ടാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതെന്ന് ഒമാന്‍ കാര്‍ഷിക ജലസേചന മന്ത്രാലയം അറിയിച്ചു. സമീപത്തുള്ള മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന വാദികളില്‍ നിന്നുള്ള ജലം ആണ് വൈദി ദൈഖ അണക്കെട്ടില്‍ ശേഖരിച്ചിരിക്കുന്നത്.120 വാദികള്‍ ആണ് മേഖലയില്‍ ഉള്ളത്. ജലസേചനത്തിന് ഒപ്പം മേഖലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മലവെള്ളപ്പാച്ചില്‍ ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് അണക്കെട്ട് നിര്‍മ്മിച്ചത്.

മസ്‌ക്കത്തില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വാദി ദൈഖ അണക്കെട്ടും പരിസര പ്രദേശങ്ങളും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുമാണ്. 2012-ല്‍ ആണ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും ഈ സമയം അണക്കെട്ട് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത് പതിവാണ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തി; പിന്നില്‍ അജിത്കുമാറും പി ശശിയും എന്ന് പി.വി അന്‍വര്‍

0

എഡിജിപി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.വി അന്‍വര്‍ എം.എല്‍.എ…..ആര്‍.എസ്.എസ്-എഡിജിപി ചര്‍ച്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തിയെന്നാണ് ആരോപണം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പൊലീസിലെ ആര്‍എസ്എസ് സംഘം അട്ടിമറിച്ചെന്നും അന്‍വര്‍ ആരോപിച്ചു.

ആര്‍എസ്എസ് നേതാക്കളുമായി അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നാണ് പിവി അന്‍വര്‍ പറയുന്നത്. അജിത്കുമാറും പി ശശിയും ചേര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തി . ആര്‍എസ്എസ് നേതാവുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ആ സമയത്ത് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നുവെന്ന് പിവി അന്‍വര്‍ ആരോപിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി പിന്നീട് ആ വിവരം അറിയുന്നത്.

വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. പൊലീസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് പൊലീസിലെ ആര്‍എസ്എസ് സംഘം ആണ് വഴിതിരിച്ചുവിട്ടത്. കേസ് അന്വേഷണം വഴിതെറ്റിച്ച ഡിവൈഎസ്പി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ബൂത്ത് ഏജന്റ് ആയിരുന്നുവെന്നും പി.വി അന്‍വര്‍ പറഞ്ഞു.

യുഎഇ ആകാശ ടാക്‌സി ലൈസന്‍സിന് അപേക്ഷിച്ച് ജോബി ഏവിയേഷന്‍

0

യുഎഇയില്‍ ആകാശടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തന ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍. യുഎഇയില്‍ ആകാശ ടാക്‌സി ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യ കമ്പനിയാണ് ജോബി ഏവിയേഷന്‍. അടുത്ത വര്‍ഷം ആദ്യ യുഎഇയില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടിക്കാണ് ജോബി ഏവിയേഷന്‍ ആകാശ ടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്.ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സയിഫ് മുഹമ്മദ് അല്‍ സുവൈദിക്ക് ജോബി ഏവിയേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ജോബെന്‍ ബെവിര്‍ട്ട് ആണ് അപേക്ഷ കൈമാറിയത്. പ്രവര്‍ത്തനാനുമതിക്കായി അഞ്ച് ഘട്ടങ്ങളിലായുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ ആണ് ജോബി ഏവിയേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ജോബി ഏവിയേഷന്റെ യുഎഇയിലെ സംവിധാനങ്ങളുടെ പരിശോധനയും പൈലറ്റുമാരുടെ പരിശീലനവും പരീക്ഷണവും അടക്കമുള്ളതാണ് ഘട്ടങ്ങള്‍.

ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന ആകാശ ടാക്‌സിയാണ് ജോബി ഏവിയേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ ഇരുനൂറ് മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്‍ വികസിപ്പിച്ചരിക്കുന്ന ആകാശ ടാക്‌സി. ദുബൈയിലെ വിവിധ കേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിനാണ് തീരുമാനം. ദുബൈ രാജ്യാന്തര-വിമാനത്താവളത്തില്‍ നിന്നും പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ എത്താന്‍ കഴിയും എന്നാണ് ജോബി ഏവിയേഷന്‍ വ്യക്തമാക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനും യുഎഇയില്‍ ആകാശടാക്‌സി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യ-യുഎഇ വാണിജ്യ വ്യവസായ ബന്ധം ദൃഢമാക്കി വ്യവസായ സംഗമം

0

ഇന്ത്യ-യുഎഇ വാണിജ്യ-വ്യവസായ ബന്ധം കൂടുതല്‍ ദൃഢമാക്കി മുംബൈയില്‍ നടന്ന വ്യവസായ സംഗമം.നിരവധി സുപ്രധാന കരാറുകളില്‍ ആണ് ഇരുരാജ്യങ്ങളിലേയും സ്ഥാപനങ്ങള്‍ തമ്മില്‍ ഒപ്പുവെച്ചത്.അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഎഇ വാണിജ്യമന്ത്രാലയം ആണ് മുംബൈയില്‍ വ്യവസാ സംഗമം സംഘടിപ്പിച്ചത്. ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു സംഗമം. ഇരുരാജ്യങ്ങളിലും നിന്നുമുള്ള വ്യവസായികളുടെ പ്രതിനിധി സംഘം സംഗമത്തില്‍ പങ്കെടുത്തു.

ആരോഗ്യസുരക്ഷ,ബയോടെക്‌നോളജി,പുനരുപയോഗ ഊര്‍ജ്ജം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഊന്നിയാണ് സെപയുടെ കീഴില്‍ വ്യവസായ സംഗമം വിളിച്ചുചേര്‍ത്തത്. അബുദബി കിരീടവകാശിയുടെ സാന്നിധ്യത്തില്‍ നടന്ന സംഗമത്തില്‍ ഇരുരാജ്യങ്ങളിലേയും കമ്പനികളും സ്ഥാപനങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു.ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ വിര്‍ച്വല്‍ കോറിഡേര്‍ വികസിപ്പിക്കുന്നതിനുള്ള കരാറില്‍ അബുദബി പോര്‍ട്‌സ് ഗ്രൂപ്പും ഇന്ത്യന്‍ തുറമുഖവകുപ്പും തമ്മില്‍ ഒപ്പുവെച്ചു.യുഎഇ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കമ്പനിയായ ഗ്ലോബല്‍ ജെറ്റ് ടെക്‌നിക് ഇന്ത്യന്‍ കമ്പനികളായ എയര്‍ഇന്ത്യ,ആകാശ എയര്‍, ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ സര്‍വീസ് എന്നിവയുമായി സഹകരണകരാറില്‍ ഒപ്പുവെച്ചു. ഈ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് യുഎഇ വിമാനത്താവളങ്ങള്‍ അറ്റമുറ്റപ്പണി നടത്തുന്നതിനാണ് കരാര്‍.

യുഎഇയിലും ഇന്ത്യയിലും സ്വകാര്യമേഖലയില്‍ നിക്ഷേപ അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലാണ് അബുദബി ചേമ്പര്‍ ഓഫ് കൊമേഴ്‌സും കോണ്‍ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഒപ്പുവെച്ചത്.ഇന്ത്യയില്‍ നിന്നും ജൈവ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ലുലു ഗ്രൂപ്പും ഇന്ത്യാ സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെച്ചു.യുഎഇ-ഇന്ത്യ വ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 2820 കോടി ഡോളറായി വര്‍ദ്ധിച്ചെന്ന് യുഎഇ വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു.ആഗോളതലത്തില്‍ വ്യാപാര വളര്‍ച്ച മാന്ദ്യത്തെ നേരിടുമ്പോള്‍ യുഎഇ-ഇന്ത്യ വ്യാപാരത്തില്‍ 9.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു.

ഒമാനില്‍ ക്രൂസ് കപ്പലുകളില്‍ എത്തുന്നവര്‍ക്ക് സൗജന്യ വീസ

0

ഒമാനിലേക്ക് എത്തുന്ന ക്രൂസ് കപ്പല്‍ യാത്രികര്‍ക്ക് സൗജന്യ വീസ പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ സൗജന്യ വീസ ആണ് അനുവദിക്കുക എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പദ്ധതി.
ക്രൂസ് ഷിപ്പുകളിലെ യാത്രക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഒമാന്‍ പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുന്നത്. വീസ അനുവദിച്ച തീയതി മുതല്‍ മുപ്പത് ദിവസത്തിനുള്ള ഒമാനില്‍ പ്രവേശിക്കണം എന്നാണ് നിബന്ധന.

ഒമാനില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ആണ് പത്ത് ദിവസം കാലാവധി ലഭിക്കുന്നത്. ആഢംബര കപ്പലുകളില്‍ എത്തുന്നവര്‍ക്ക് മുപ്പത് ദിവസം കാലാവധിയുള്ള ഒമാന്‍ വീസയ്ക്കും അപേക്ഷിക്കാം. നിലവിലുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ഒമാന്‍ പത്ത് മുപ്പത് ദിവസം കാലാവധിയുള്ള പ്രത്യേക വീസകള്‍ അനുവദിക്കുന്നത്. ചൂടുകാലം അവസാനിക്കുകയും ക്രൂസ് ടൂറിസം സീസണ്‍ അടക്കം വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന കാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ഒമാന്റെ തീരുമാനം.ഗള്‍ഫ് മേഖലയിലേക്ക് എത്തുന്ന ക്രൂസ് കപ്പലുകളേയും സഞ്ചാരികളേയും ഒമാനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വീസ നിയമങ്ങളില്‍ ഭരണകൂടം ഭേദഗതി വരുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ ആണ് ക്രൂസ് ടൂറിസം സീസണ്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ക്രൂസ് ടൂറിസം സീസണില്‍ ദുബൈയിലും ദോഹയിലും എല്ലാം പതിനായിരങ്ങലാണ് ആഢംബര കപ്പലുകളില്‍ എത്തുക.ഒമാനില്‍ മസ്‌ക്കത്ത്, സലാല,ഖസബ് തുടങ്ങിയ തുറമുഖങ്ങളിലും ക്രൂസ് കപ്പലുകള്‍ എത്തും.

ഗാസ യുദ്ധം:തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 40 മരണം

0

ഗാസയില്‍ വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. തെക്കന്‍ ഗാസയിലെ ടെന്റ് ക്യാമ്പിന് നേരെ നടന്ന ആക്രമണങ്ങളില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിന് സമീപം അല്‍ മവാസിയില്‍ ആണ് അഭയാര്‍ത്ഥികള്‍ കൂടാതെ കെട്ടി താമസിക്കുന്ന സ്ഥലത്ത് ഇസ്രയേല്‍ ആക്രമണം നടത്തിയത്.ഗാസയില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രയേല്‍ തന്നെ മാനുഷിക മേഖലയായി തിരിച്ചിട്ടിരുന്ന പ്രദേശത്താണ് ആക്രമണം നടന്നത്.

നാല് മിസൈലുകള്‍ ആണ് പതിച്ചത്. ആക്രമണത്തില്‍ നാല്‍പ്പത്തിലധികം പേര്‍ മരിച്ചിട്ടുണ്ടെന്ന് ഗാസ ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇരുപത് കൂടാരങ്ങള്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ ആണ് ആണ് ഇവിടെ കൂടാരങ്ങളില്‍ താമസിച്ചിരുന്നത്.

ഇസ്രയേല്‍ മാറ്റിപ്പാര്‍പ്പിച്ചവരെ ഇസ്രയേല്‍ സൈന്യം തന്നെ കൂട്ടക്കൊല ചെയ്തിരിക്കുകയാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഹമാസിന്റെ ഒരു ബേസ് ക്യാമ്പ് ആണ് ആക്രമണിച്ചത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി അബുദബി കിരീടവകാശി:വൃക്ഷത്തൈയും നട്ടു

0

ദില്ലി രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി രാജ്ഘട്ടില്‍ അബുദബി കിരീടവകാശി വൃക്ഷത്തൈയും നട്ടു.രാജ്ഘട്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് നിന്നുള്ള മൂന്ന് തലമുറയില്‍പ്പെട്ട നേതാക്കള്‍ വൃക്ഷത്തൈ നടുന്നത്.

രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ എത്തിയ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു മിനുട്ട് മൗനമാചരിച്ചതിന് ശേഷം ആണ് പുഷ്പാര്‍ച്ചന നടത്തിയത്. തുടര്‍ന്ന് രാജ്ഘട്ടിലെ സന്ദര്‍ശക രജിസ്ട്രറിലും അബുദബി കിരീടവകാശി ഒപ്പുവെച്ചു.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാത്മാഗാന്ധി തന്റെ ജനതയുടെയും ലോകജനതയുടെയും ഹൃദയങ്ങളില്‍ എന്നും അനശ്വരനായിരിക്കും എന്നാണ് ഷെയ്ഖ് ഖാലിദ് സന്ദര്‍ശക രജിസ്ട്രറില്‍ കുറിച്ചത്.ഇന്ത്യയുടെ യുഎഇയും തമ്മിലുള്ള ആഴ്ത്തില്‍ വേരൂന്നിയ ബന്ധത്തിന്റെ പ്രതീകമായി രാജ്ഘട്ടില്‍ ഒരു വൃക്ഷത്തൈയും അബുദബി കിരീടവകാശി നട്ടു.വളര്‍ന്ന് പടര്‍ന്ന് മഞ്ഞ പൂക്കള്‍ വിരിയുന്ന കൊന്നമരത്തിന്റെ തൈയാണ് ഷെയ്ഖ് ഖാലിദ് രാജ്ഘട്ടില്‍ നട്ടത്.

1975-ല്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താനും 2016-ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും രാജ്ഘട്ട് സന്ദര്‍ശന വേളയില്‍ മരങ്ങള്‍ നട്ടിരുന്നു.ഷെയ്ഖ് സായിദ് നട്ട തൈ ഇന്ന് വലിയ മരമായി വളര്‍ന്നുകഴിഞ്ഞു. ഇലഞ്ഞിമരത്തിന്റെ തൈയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്ഘട്ടില്‍ നട്ടത്.ഇരുവരും നടന്ന മരങ്ങള്‍ക്ക് ചുവട്ടിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജലം പകര്‍ന്ന് നല്‍കി.

യുഎഇ പൊതുമാപ്പ്:ഭൂരിഭാഗം നിയമലംഘകരും രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍

0

യുഎഇ പൊതുമാപ്പിന് അപേക്ഷിക്കുന്ന താമസനിയമലംഘകരില്‍ ഭൂരിഭാഗം രാജ്യത്ത് തന്നെ തുടരാന്‍ താത്പര്യപ്പെടുന്നവര്‍ എന്ന് ഐസിപി. പന്ത്രണ്ട് ശതമാനം പേര്‍ മാത്രമാണ് രാജ്യത്ത് നിന്നും പോകാന്‍ തീരുമാനിച്ചവര്‍.ദുബൈയില്‍ മാത്രം ആദ്യ ആഴ്ച്ചയില്‍ ഇരുപതിനായിരത്തോളം പേരാണ് പൊതുമാപ്പിന് അപേക്ഷിച്ചത്.പൊതുമാപ്പ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗം പേരും യുഎഇയില്‍ തന്നെ തുടര്‍ന്ന് ജീവിക്കുന്നതിനും തൊഴിലെടുക്കുന്നതിനും ആഗ്രഹിക്കുന്നവരാണെന്നാണ് ഐസിപി വ്യക്തമാക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ പൊതുമാപ്പിനായി അപേക്ഷിച്ചവരില്‍ എണ്‍പത്തിയെട്ട് ശതമാനം പേരും രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തുടരാന്‍ താത്പര്യപ്പെടുന്നവര്‍ ആണെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടാണ് താമസനിയമലംഘകര്‍ക്ക് പിഴയോ വിലക്കോ കൂടാതെ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തന്നെ തുടരുന്നതിന് യുഎഇ അവസരം നല്‍കുന്നതെന്നും ഐസിപി മേധാവി പറഞ്ഞു.അതെസമയം പൊതുമാപ്പ് പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് നിയമലംഘകര്‍ ആണ് എത്തിക്കൊണ്ടിരിക്കുന്നത്.ദുബൈയില്‍ മാത്രം ആദ്യ ആഴ്ച്ചയില്‍ 19784 അപേക്ഷകള്‍ ആണ് ലഭിച്ചത്. ഇതില്‍ 98.96 ശതമാനം അപേക്ഷകളും നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീര്‍പ്പാക്കി.

അപേക്ഷകളില്‍ തൊണ്ണൂറ് ശതമാനത്തോളവും ഡിജിറ്റല# പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ലഭിച്ചത്. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ 2393 പേര്‍ ആണ് ആദ്യ ആഴ്ച്ചയില്‍ എത്തിയത്. 17391 അപേക്ഷകള്‍ 86 അമര്‍ സെന്ററുകളിലായിട്ടാണ് കൈകാര്യം ചെയ്തതെന്നും ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും പൊതുമാപ്പ് നടപടിക്രമങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു.

ഷാര്‍ജയില്‍ നിര്‍മ്മാണത്തിലുള്ള സ്‌കൂള്‍ കെട്ടിടം തകര്‍ന്നു: രണ്ട് മരണം

0

ഷാര്‍ജ കല്‍ബയില്‍ നിര്‍മ്മാണത്തിലുള്ള സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.കല്‍ബയില്‍ ആണ് നിര്‍മ്മാണം നടക്കുന്ന സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചത്. കല്‍ബ നഗരത്തിലെ വ്യവസായമേഖലയില്‍ നിര്‍മ്മാണം നടന്നിരുന്ന സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് ആണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത് എന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. മൂന്ന് പേരെ പരുക്കുകളോടെ തകര്‍ന്ന കോണ്‍ക്രിറ്റ് പാളികള്‍ക്കിടയില്‍ നിന്നും പൊലീസിന് രക്ഷിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന നടത്തിയ തെരച്ചിലില്‍ ആണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യന്‍ രാജ്യക്കാരാണ് അപകടത്തില്‍പ്പെട്ടത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ആണ് പൊലീസും സിവില്‍ഡിഫന്‍സ് സംഘവും തെരച്ചില്‍ അവസാനിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു.

ഒന്നര പതിറ്റാണ്ട്:ദുബൈ മെട്രോയ്ക്ക് ഇന്ന് പതിനഞ്ചാം പിറന്നാല്‍

0

ദുബൈ മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായി.പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 240 കോടി യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചതായാണ് ആര്‍ടിഎയുടെ കണക്കുകള്‍.99.7 ശതമാനം ആണ് ദുബൈ മെട്രോയുടെ സമയനിഷ്ഠ.നേട്ടങ്ങളുടെ നെറുകയില്‍ നിന്നുകൊണ്ടാണ് ദുബൈ മെട്രോ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്. 2009 സെപ്റ്റംബര്‍ ഒന്‍പതിന് ആണ് ദുബൈ മെട്രോ യാത്ര ആരംഭിച്ചത്. ഒന്നരപതിറ്റാണ്ടിനിടയില്‍ ആകെ നാല്‍പ്പത് ലക്ഷത്തിലധികം യാത്രകള്‍. സഞ്ചരിച്ചതാകട്ടെ 240 കോടി യാത്രക്കാരും. നിലവില്‍ പ്രതിദിനം 7.6 ലക്ഷം യാത്രക്കാര്‍. ഇരുപതിനായിരത്തില്‍ നിന്നും ആണ് 767000 പേരിലേക്ക് ദുബൈ മെട്രോയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നത്.

പത്ത് സ്റ്റേഷനുകളില്‍ നിന്നും അന്‍പത്തിമൂന്ന് സ്റ്റേഷനുകളിലേക്കും ദുബൈ മെട്രോ ഇക്കാലയളവില്‍ വളര്‍ന്നു.തുടക്കത്തില്‍ അന്‍പത്തിരണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ആയിരുന്നു ദുബൈ മെട്രോ സര്‍വീസ് നടത്തിയിരുന്നത്. ഇന്ന് അത് തൊണ്ണൂറ് കിലോമീറ്ററായി ഉയര്‍ന്നു. ബ്ലുലൈനും നിര്‍മ്മിച്ച് മെട്രോയെ നഗരത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ ഭരണകൂടം. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ 99.7 ശതമാനം ആണ് ദുബൈ മെട്രോയുടെ പ്രത്യേകത. മെട്രോയുടെ കൃത്യനിഷ്ഠ നൂറ് ശതമാനമാക്കും എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ദുബൈയുടെ സംസ്‌കാരത്തേയാണ് മെട്രോ പ്രതിനിധീകരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികളും മെട്രോ സ്‌റ്റേഷനുകളിലെ സംഗീതപരിപാടികളും എല്ലാമായി വിപുലമായിട്ടാണ് ദുബൈ മെട്രോയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്.