Tuesday, August 11, 2026
Home Blog Page 116

ദില്ലി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നുവെന്ന് അരവിന്ദ് കെജരിവാള്‍

0

ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാള്‍. തെരഞ്ഞടുപ്പ് വരെ തനിക്ക് പകരം ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചു.താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് കെജരിവാള്‍
പറഞ്ഞു.

ആംഅദ്മി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആണ് അരവിന്ദ് കെജരിവാള്‍ രാജി പ്രഖ്യാപിച്ചത്.രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും എന്നാണ് പ്രഖ്യാപനം.തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തനിക്ക് പകരം ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനം.ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപു്പ് നവംബറില്‍ നടത്തണം എന്നും അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിഞ്ഞതിന് ശേഷമേ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരികയുള്ളു എന്നും കെജവരിവാള്‍ പറഞ്ഞു.താന്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. ഓരോ വീട്ടിലും നേരിട്ട് എത്തും.

താന്‍ മുഖ്യമന്ത്രിയാകണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ജനങ്ങളില്‍ നിന്നും നിന്ന് തീരുമാനം ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിക്കസരേയില്‍ ഇരിക്കില്ലെന്നും കെജരിവാള്‍ പറഞ്ഞു.തന്നെ ജയിലില്‍ അടയ്ക്കുന്നതിലൂടെ പാര്‍ട്ടിയേയും ദില്ലി സര്‍ക്കാരിനെയും തകര്‍ക്കാന്‍ കഴിയും എന്നാണ് ബിജെപി കരുതിയത്. പക്ഷെ പാര്‍ട്ടി തകര്‍ന്നില്ല.ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ ആംആദ്മി പാര്‍ട്ടി പ്രതിരോധിച്ചു. താന്‍ രാജിവെയ്ക്കാതിരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ്.ബിജെപി പരാജയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ജയിലില്‍ ആക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും കെജരിവാള്‍ ആരോപിച്ചു.

സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്:ആറ് ദിര്‍ഹം ഒറ്റയടിക്ക് കൂടി

0

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് യുഎഇയിലും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 311 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായി ഉയര്‍ന്നു.ഒരു ദിവസത്തിനിടയില്‍ മാത്രം ആറ് ദിര്‍ഹത്തിലധികം ആണ് വര്‍ദ്ധന.
വിലയില്‍ പുതിയ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് സ്വര്‍ണ്ണം.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 288 ദിര്‍ഹമായിട്ടാണ് ഇന്ന് ഉയര്‍ന്നത്. ഇരുപത്തിയൊന്ന് ക്യാരറ്റിന് 279 ദിര്‍ഹവും പതിനെട്ട് ക്യാരറ്റിന് 239 ദിര്‍ഹവും ആണ് യുഎഇ വിപണിയില്‍ ഇന്ന് വില.രാജ്യാന്തരവിപണിയില്‍ ഔണ്‍സ്വര്‍ണ്ണത്തിന്റെ വില 2570 ഡോളറിലേക്ക് വരെ ഉയര്‍ന്നു.

അമേരിക്കയില്‍ നിന്നും സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സ്വര്‍ണ്ണവിലയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണം. അമേരിക്ക സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.തൊഴിലില്ലായ്മ ഉയര്‍ന്നതും പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായതും അമേരിക്കന്‍ സമ്പദ് രംഗത്തിന് നല്ല സൂചനയല്ല നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ അടുത്ത യോഗത്തില്‍ കുറച്ചേക്കും എന്നാണ് സൂചന.ഒറ്റയടിക്ക് പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിക്കില്ലെങ്കിലും ചെറിയൊരു കുറവ് പോലും സ്വര്‍ണ്ണവിലയെ സ്വാധീനിക്കും.കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നതോടെ വില വീണ്ടും കൂടും.

സെപ്റ്റംബര്‍ പതിനേഴ് പതിനെട്ട് തീയതികളില്‍ ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം.തീരുമാനങ്ങള്‍ സെപ്റ്റംബര്‍ പതിനെട്ടിന് പ്രഖ്യാപിക്കും.

മദ്യനയ അഴിമതി:സിബിഐ കേസിലും അരവിന്ദ് കെജരിവാളിന് ജാമ്യം

0

മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം.സിബിഐ രജിസ്റ്റര്‍ ചെയ്ത് കേസില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.സിബിഐ കേസിലും ജാമ്യം ലഭിച്ചതോടെ കെജരിവാള്‍ ജയില്‍ മോചിതനാകും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജരിവാളിന് സ്ഥിരജാമ്യം ആണ് കോടതി അനുവദിച്ചത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെരിവാളിന് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിരണ്ട് മാസം കഴിഞ്ഞാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം അപ്രസക്തമാകാന്‍ മാത്രമാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തിടുക്കപ്പെട്ട് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ വിചാരണ ഉടന്‍ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ ഇരുപത്തിയാറിന് ആണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്.അഞ്ചരമാസത്തിന് ശേഷം ആണ് കെജരിവാള്‍ ജയില്‍ മോചിതനാകുന്നത്.

ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക നീക്കം:മൊഴി നല്‍കിയവരെ നേരിട്ട് കാണാന്‍ അന്വേഷണ സംഘം

0

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക നീക്കവുമായി സര്‍ക്കാര്‍ രുപീകരിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിനാണ് തീരുമാനം. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുള്ളവരുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെയാണ് മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച് കേസെടുക്കേണ്ട കാര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് ഇരകളേ നേരിട്ട് കാണുന്നതിനുള്ള തീരുമാനം.അന്‍പത് പേരാണ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മൊഴില്‍ നല്‍കിയത്.ഇവരെ അന്വേഷണസംഘം നാലാ തിരിച്ച് നേരിട്ട് കാണും.

മൊഴിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ പരാതിയായി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.ഓണത്തിന് ശേഷം മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിന് ആണ് തീരുമാനം. രണ്ടാഴ്ച്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ഹൈകോടതി നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ പത്ത് ദിവസത്തിനുള്ളില്‍ മൊഴി നല്‍കിയ മുഴുവന്‍ ആളുകളേയും നേരിട്ട് കാണുന്നതിന് ആണ് തീരുമാനം.

അബുദബിയില്‍ എണ്ണഖനനത്തിന് ഇന്ത്യന്‍ കമ്പനിക്ക് അനുമതി

0

യുഎഇ തലസ്ഥാനമായ അബുദബിയില്‍ എണ്ണഖനനം നടത്തുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി. ഇന്ത്യന്‍ പൊതുമേഖലാ സംരംഭമായ ഊര്‍ജ ഭാരതിന് ആണ് അബുദബിയില്‍ എണ്ണ ഉത്പാദനം ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. റുവൈസ് മേഖലയില്‍ ആണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണഖനനം നടത്തുന്നതിന് അവകാശം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ഊര്‍ജ ഭാരത് പ്രൈവറ്റ് ലിമിറ്റഡിന് ആണ് അബുദബിയില്‍ എണ്ണ ഉത്പാദനം നടത്തുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. അബുദബി സുപ്രീംകൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ആന്റ് എക്കണോമിക്ക് അഫയേഴ്‌സ് ആണ് ഊര്‍ജ ഭാരതിന് ഉത്പാദന അനുമതി നല്‍കിയതായി പ്രഖ്യാപിച്ചത്. അബുദബിയില്‍ എണ്ണ ഉത്പാദനം നടത്തുന്നതിന് ഒരു വിദേശകമ്പനിക്ക് ലഭിക്കുന്ന ആദ്യ സമ്പൂര്‍ണ്ണ കരാറാണ് ഊര്‍ജ ഭാരതുമായുള്ളത്.

റുവൈസിലെ ഓണ്‍ഷോര്‍ ബ്ലോക്ക് ഒന്നില്‍ ആണ് ഇന്ത്യന്‍ കമ്പനിക്ക് ഉത്പാദന അവകാശം ലഭിച്ചിരിക്കുന്നത്. 6162 ചതുരശ്രമീറ്റര്‍ പ്രദേശം ആണ് ഊര്‍ജ്ജ ഭാരത് ലിമിറ്റഡിന് ഖനനത്തിനായി അനുവദിച്ചിരിക്കുന്നത്.അഞ്ച് വര്‍ഷത്തിലധികമായി ഊര്‍ജ ഭാരത് ലിമിറ്റഡ് റുവൈസിലെ ഓണ്‍ഷോര്‍-ബ്ലോക്ക് വണ്ണില്‍ എണ്ണപര്യവേഷണം നടത്തുന്നുണ്ട്. മുപ്പത്തിയെട്ട് ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തായിരുന്നു പര്യവേഷണങ്ങള്‍.ഇത് വിജയം കണ്ടതോട് കൂടിയാണ് ഉത്പാദന അവകാശം അനുവദിച്ചിരിക്കുന്നത്.എണ്ണശേഖരത്തിന് ഒപ്പം വന്‍തോതില്‍ പ്രകൃതിവാദക ശേഖരവും ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തല്‍.ഇതുവരെ 164 ദശലക്ഷം ഡോളര്‍ ഊര്‍ജഭാരത് ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.ഇന്ത്യ -യുഎഇ ബന്ധത്തില്‍ പുതുചരിത്രം രചിക്കുന്നതാണ് പൊതുമേഖലാ എണ്ണകമ്പനിയ്ക്ക് അബുദബിയില്‍ എണ്ണഉത്പാദനാവകാശം അനുവദിച്ച നടപടി.

റെഡ് സല്യൂട്ട്:സീതാറാം യെച്ചുരി അന്തരിച്ചു,വിടവാങ്ങിയത് പാര്‍ട്ടിയുടെ സൗമ്യ മുഖം

0


സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിരിക്കെ ആണ് മരണം.ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രായോഗികവാദിയും ജനകീയനുമായ നേതാവാണ് വിടവാങ്ങിയിരിക്കുന്നത്.യെച്ചൂരിയുടെ ഭൗതിക ദേഹം ദില്ലി എയിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനല്‍കും.

സിപിഐഎം പലവിധ പ്രതിസന്ധികളെ നേരിട്ട ഘട്ടത്തില്‍ പതറാതെ ഒന്‍പത് വര്‍ഷക്കാലം ജനറല്‍സെക്രട്ടറിയായി നയിച്ച നേതാവാണ് വിടവാങ്ങിയത്. എഴുപത്തിരണ്ടാം വയസില്‍ ആണ് അന്ത്യം.കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശബ്ദമായിരുന്നു സീതാറാം യെച്ചൂരി.2004-ലെ ഒന്നാം യൂ.പി.എ സര്‍ക്കാരിന്റെ രുപീകരണം മുതല്‍ 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ചേരി ഇന്ത്യ സഖ്യമായി രൂപപ്പെടുന്നത് അടക്കമുള്ള ബിജെപി വിരുദ്ധ നീക്കങ്ങളില്‍ യെച്ചൂരിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.1952 ഓഗസ്റ്റ് പന്ത്രണ്ടിന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.പിന്നീട് പേരില്‍ നിന്നും ജാതിവാല്‍ മുറിച്ച് സീതാറാം യെച്ചുരിയായി.സമ്പന്നബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച യച്ചുരി ജെ.എന്‍.യുവിലെ ബിരുദാന്തരപഠനകാലത്താണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായത്.

പ്രകാശ് കാരാട്ടിന് ഒപ്പം 1970-കളുടെ തുടക്കത്തില്‍ എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച യെച്ചുരി എഴുപത്തിയഞ്ചില്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി. 1978-ല്‍ എസ്എഫ്‌ഐ ദേശിയ ജോയിന്റ് സെക്രട്ടറിയും 84-ല്‍ ദേശീയപ്രസിഡന്റുമായി. ആ വര്‍ഷം തന്നെ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവും തൊട്ടടുത്ത വര്‍ഷം അംഗവുമായി യെച്ചുരി.1992-ല്‍ ആണ് സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ യെച്ചുരി എത്തുന്നത്.2005-ല്‍ ആണ് രാജ്യസഭാംഗമായി യെച്ചുരി പാര്‍ലമെന്റി രാഷ്ട്രീയത്തിലേക്കും യെച്ചുരി എത്തി.2017 വരെ പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായി തുടര്‍ന്നു.2015-ല്‍ ആണ് സിതാറാം യെച്ചുരി സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്.

ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ പ്രതിപക്ഷ ശബ്ദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് അതിന് വേണ്ടി ഏറ്റവും അധികം യത്‌നിച്ചവരില്‍ ഒരാള്‍ വിടവാങ്ങുന്നത്.പ്രത്യയശാസ്ത്രത്തെ കൈവിടാതെ പ്രായോഗിക രാഷ്ട്രിയത്തെ മുറുകെപിടിച്ച നേതാവ് കൂടിയാണ് മടങ്ങുന്നത്.രാഷ്ട്രിയത്തിന് അതീതമായി ദില്ലി രാഷ്ട്രീയത്തിലെ പലമുതിര്‍ന്ന നേതാക്കളുടെയും പ്രിയസുഹൃത്ത് കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.

ഗാസ യുദ്ധം: അടിയന്തര ചികിത്സ ആവശ്യമുള്ളവരെ അബുദബിയില്‍ എത്തിച്ച് യുഎഇ

0

ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെ അടിയന്തരചികിത്സയ്ക്കായി യുഎഇയില്‍ എത്തിച്ചു.ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് അടിയന്തര ഒഴിപ്പിക്കല്‍.അടിയന്തര ചികിത്സ ആവശ്യമുള്ള തൊണ്ണൂറ്റിയേഴ് പേരെയാണ് അബുദബിയില്‍ എത്തിയത്.

ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരും രോഗികളും കുടുംബങ്ങളും അടക്കം 252 പേരെയാണ് ഇത്തിഹാദ് വിമാനത്തില്‍ ഗാസയില്‍ നിന്നും യുഎഇ അബുദബിയില്‍ എത്തിച്ചത്.ചികിത്സ ആവശ്യമുള്ള 97 പേരും കുടുംബാംഗങ്ങളായ 155 പേരും ആണ് അബുദബിയില്‍ എത്തിയത് സംഘത്തില്‍ 142 പേര്‍ കുട്ടികളാണ്.ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ യുഎഇയിലേക്ക് കൊണ്ടുവന്നത്.ഖറാം അബു സലാം ക്രോസിംഗ് വഴിയാണ് ഗാസയില്‍ നിന്നും ഇവരെ റാമോണ്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ലോകാരോഗ്യസംഘടനയും യുഎഇയും കൈകോര്‍ത്താണ് അടിയന്തര ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായത്.

ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്നും പലസ്തീനികളുമായി യുഎഇയിലേക്ക് പറക്കുന്ന രണ്ടാമത്തെ വിമാനം ആണ് ഇതിനെന്ന് യുഎഇ രാജ്യാന്തരസഹകരണ സഹമന്ത്രി റീം അല്‍ അല്‍ ഹാഷിമി പറഞ്ഞു.അടിയന്തരചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആണ് യുഎഇയുടെ ശ്രമം. യുഎഇയ്ക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുകയാണെന്ന് ലോകാരോഗ്യസംഘടന മേധാവി ടെട്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു.ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെയായി യുഎഇ ചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളും അടക്കം 1917 പേരെയാണ് അബുദബിയില്‍ എത്തിച്ചത്.

ഹരിതോര്‍ജ്ജം: ഗ്രീന്‍ ബസ് പുറത്തിറക്കി അബുദബി ഗതാഗത വകുപ്പ്‌

0


ഹരിതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ നിരത്തിലിറക്കി അബുദബി ഗതാഗത വകുപ്പ്. ഇലക്ട്രിക്-ഹൈഡ്രജന്‍ ബസുകള്‍ ആണ് യുഎഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണഘട്ടത്തിന് ശേഷം എമിറേറ്റില്‍ കൂടുതല്‍ ഹരിത ബസുകള്‍ നിരത്തിലിറക്കുന്നതിന് ആണ് പദ്ധതി.അബുദബി മൊബിലിറ്റിയുടെ ഹരിത ബസ് പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവര്‍ത്തിക്കുന്ന ബസുകള്‍ ആണ് അബുദബിയില്‍ ഇന്ന് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. റൂട്ട് 65-ല്‍ ആണ് ആദ്യഘട്ടത്തില്‍ ഗ്രീന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.

മറീന മാളില്‍ നിന്നും റീം ഐലന്‍ഡിലേക്കാണ് സര്‍വീസ്. ഫോസില്‍ ഇന്ധനത്തില്‍ നിന്നും ഘട്ടംഘട്ടമായി ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിനുള്ള അബുദബിയുടെ പദ്ധതി പ്രകാരം ആണ് റൂട്ട് 65-ല്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. 2030-ഓട് കൂടി അബുദബി ഐലന്‍ഡിനെ പൂര്‍ണ്ണമായും പൊതുഗതാഗത ഹരിതമേഖലയാക്കി മാറ്റുകയാണ് ഐടിസിയുടെ ലക്ഷ്യം.പൊതുഗാതഗത്തിന് പൂര്‍ണ്ണമായും ഇലക്ട്രിക്-ഹൈഡ്രജന്‍ ബസുകളിലേക്ക് മാറുന്നതിനാണ് ശ്രമം.

2023-ല്‍ ആണ് അബുദബി ഗതാഗതവകുപ്പ് ഗ്രീന്‍ ബസ് പ്രോഗ്രാമിന് തുടക്കമിട്ടത്. 2025 ജൂണ്‍ വരെയാണ് പരീക്ഷണം തുടരുക.ഈ ഘട്ടത്തില്‍ ബസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് അബുദബി മൊലിറ്റിയുടെ നേതൃത്വത്തില്‍
പരിശീലനം നല്‍കും. പരിശീലനഘട്ടത്തില്‍ പ്രകടനം വിലയിരുത്തിയശേഷമായിരിക്കും ഗ്രീന്‍ബസുകള്‍ വ്യാപിപ്പിക്കുക.പാരിസ് ഉടമ്പടിയുടെ ഭാഗമായി 2050-ഓട് കൂടി കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് അബുദബിയുടെ ലക്ഷ്യം.

സംയുക്ത പട്രോളിംഗിന് ദുബൈ ആര്‍ടിഎയും പൊലീസും

0

ദുബൈയില്‍ ട്രക്കുകള്‍ അടക്കമുള്ള ഭാരവാഹനങ്ങളുടെ നിരീക്ഷണത്തിന്
സംയുക്ത നീക്കവുമായി പൊലീസും ആര്‍ടിഎയും. സംയുക്ത പെട്രോള്‍ യൂണിറ്റിനാണ് രൂപം നല്‍കിയിരിക്കുന്നത്എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലെ പരിശോധന ക്യാമ്പയിന്‍ ലക്ഷ്യമിട്ടാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയും പൊലീസും ചേര്‍ന്ന് സംയുക്ത പട്രോള്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അല്‍ഖൈല്‍ റോഡ്, റാസല്‍ഖോര്‍ റോഡ്, അല്‍മക്തും എയര്‍പോര്‍ട്ട് റോഡ്, അബുദബി അല്‍ഐന്‍ റോഡ് എന്നിവിടങ്ങളിലാണ് സംയുക്ത പരിശോധന. ഗതാഗത നിരീക്ഷണം, ഗതാഗതബോധവത്കരണം എന്നിവയും സംയുക്ത നീക്കത്തിന്റെ ഭാഗമായി നടക്കും. ഭാരവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും വേഗപരിധി ലംഘിക്കരുതെന്നും ആര്‍ടിഎയും പൊലീസും ആവശ്യപ്പെട്ടു. ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ ആവശ്യമായ വിശ്രമം എടുക്കണം എന്നും വാഹനം കൃത്യമായ ഇടവേളകളില്‍ പരിശോധയ്ക്ക് വിധേയമാക്കണം എന്നും പൊലീസും ആര്‍ടിഎയും ആവശ്യപ്പെട്ടു.

73861 ഭാരവാഹനങ്ങള്‍ ആണ് ദുബൈ ആര്‍ടിഎയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു: ദുബൈയില്‍ ഗ്രാമിന് 305 ദിര്‍ഹം

0

യുഎഇയില്‍ സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 305 ദിര്‍ഹമായി ഉയര്‍ന്നു. കേരളത്തില്‍ 53720 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.കഴിഞ്ഞ രണ്ട് ദിവസമായി കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്ന് വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം 282 ദിര്‍ഹം അന്‍പത് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 273 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു. രാജ്യാന്തരവിപണിയിലെ ചലനങ്ങള്‍ ആണ് യുഎഇയുടെ ആഭ്യന്തരവിപണിയിലും സ്വര്‍ണ്ണവില വര്‍ദ്ധനയ്ക്ക് കാരണം. 2518 ഡോളറിലേക്കാണ് ഇന്ന് രാജ്യാന്തരവിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചത്. അമേരിക്ക കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നതും ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.

സെപ്റ്റംബര്‍ പതിനേഴ് പതിനെട്ട് തീയതികളില്‍ ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം.തീരുമാനങ്ങള്‍ സെപ്റ്റംബര്‍ പതിനെട്ടിന് പ്രഖ്യാപിക്കും.അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്നാണ് സൂചന.എങ്കില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിക്കും.