Tuesday, August 11, 2026
Home Blog Page 114

നിയമലംഘനം:സൗദി അറേബ്യയില്‍ 22716 വിദേശികള്‍ അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായവരുടെ പുതിയ പട്ടിക പുറത്ത് വിട്ട് ആഭ്യന്തരമന്ത്രാലയം. ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ആഴ്ച്ച മാത്രം അറസ്റ്റിലായത്. പിടിയിലായവരില്‍ ഭൂരിഭാഗവും താമസനിയമലംഘകര്‍ ആണ്.
സെപ്റ്റംബര്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായ വിദേശികളുടെ കണക്കുകള്‍ ആണ് ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 22716 നിയമലംഘകര്‍ ആണ് പിടിയിലായത്. ഇതില്‍ 14446 പേര്‍ രാജ്യത്ത് മതിയായ രേഖകള്‍ ഇല്ലാതെ താമസിച്ചിരുന്നവര്‍ ആണ്. തൊഴില്‍നിയമങ്ങളുടെ ലംഘനത്തിന് 4780 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 3940 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1513 പേരും അറസ്റ്റിലായെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതില്‍ തൊണ്ണുറ്റിയൊന്‍പത് ശതമാനം പേരും യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ്.

സൗദിയില്‍ നിന്നും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് കടക്കാന്‍ ശ്രമിച്ച മുപ്പത്തിയെട്ടും പേരും ഇക്കാലയളവില്‍ പിടിയിലായി.നിലവില്‍ 15752 പ്രവാസികള്‍ സൗദിയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്.നിയമലംഘകരമായ 12101 വിദേശികളെ ഇക്കാലയളവില്‍ നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഹിസ്ബുള്ളയും:ലബനനില്‍ നാനൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം

0

ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണം തുടര്‍ന്ന്
ഇസ്രയേല്‍ സൈന്യം. ലബനനില്‍ നാനൂറോളം ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഇസ്രയേലില്‍ ഒരു സൈനിക ബേസിന് നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുളളയും അവകാശപ്പെട്ടു.ഇസ്രയേലില്‍ കൂടുതല്‍ ഉള്ളിലേക്ക് ഹിസ്ബുള്ള റോക്കറ്റുകള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.യുദ്ധത്തിന്റെ പുതിയ മുഖം എന്ന് വിശേഷിപ്പിച്ച് ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആരംഭിച്ച ആക്രമണം കൂടുതല്‍ കടുപ്പിക്കുകയാണ്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നാനൂറോളം ആക്രമണങ്ങള്‍ ലബനനില്‍ നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെടുന്നത്. ഇന്നലെ രാത്രി മാത്രം നൂറിലധികം വ്യോമാക്രമണങ്ങള്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നടത്തിയെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ക്കപ്പെട്ടു.ഹിസ്ബുള്ളയും ശക്തമായ തിരിച്ചടിക്കുന്നുണ്ട്. ഇസ്രയേലിന്റെ റാമത് ഡേവിഡ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയെന്നും ഡസ്സന്‍ കണക്കിന് മിസൈലുകള്‍ തകര്‍ത്തെന്നും ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേലിന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ എത്തുന്നുണ്ടെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലി നഗരമായ ഹെയ്ഫയ്ക്ക് സമീപം നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഹിസ്ബുള്ള ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഹിസ്ബുള്ളയും ആക്രമണം കടുപ്പിച്ചതോട് കൂടി ഇസ്രയേലിന്റെ വടക്കന്‍ ഭാഗത്തും ഗോലാന്‍ കുന്നിലും നിയന്ത്രണം കടുപ്പിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടംകൂടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി.

അന്‍വര്‍ തിരുത്തണം:നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

0

മാധ്യമങ്ങളിലുടെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.വി അന്‍വര്‍
എം.എല്‍.എയുടെ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐഎം.അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പി.വി അന്‍വറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് അന്‍വറിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സര്‍ക്കാരും സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പാര്‍ട്ടിയും പരിശോധന നടത്തിവരികയാണ്.

വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് പി.വി അന്‍വര്‍ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.അന്‍വറിന്റെ ഈ നിലപാട് പാര്‍ട്ടി ശത്രികള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു.ഇത്തരം നിലപാടുകള്‍ പിവി അന്‍വര്‍ തിരുത്തണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ദുബൈയില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച വ്യക്തി പിടിയില്‍

0

ദുബൈയില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച വ്യക്തി പൊലീസ് പിടിയില്‍.ഇയാളുടെ വാഹനം കണ്ടുകെട്ടിയതായും പൊലീസ് അറിയിച്ചു.ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചയാളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് പായിച്ച ഇയാള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സയിഫ് മുഹൈര്‍ അല്‍ മസ്രൂയി
പറഞ്ഞു. ഇയാളെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്കിന്റെ വേഗത വീണ്ടും വര്‍ദ്ധിപ്പിക്കുകയണ് ചെയ്തത്.

അമിത വേഗതയില്‍ ബൈക്കോടിച്ച വ്യക്തിക്ക് അന്‍പതിനായിരം ദിര്‍ഹം പിഴ ചുമത്തിയെന്നും പൊലീസ് അറിയിച്ചു.തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി എന്നും പൊലീസ് അറിയിച്ചു.

2600 ഡോളര്‍ തൊട്ട് സ്വര്‍ണ്ണവില: യുഎഇയിലും വില പുതിയ ഉയരത്തില്‍

0


ആഭ്യന്തര-രാജ്യാന്തര വിപണികളില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ്ണവില. രാജ്യാന്തര വിപണിയില്‍ ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2600 ഡോളര്‍ കടന്നു.യുഎഇയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 314 ദിര്‍ഹമായി ഉയര്‍ന്നു.അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണ്ണവിലയിലെ കുതിപ്പ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2600 ഡോളറിലേക്ക് ഉയര്‍ന്നു.2600 ഡോളറിന്റെ പരിസരത്ത് തന്നെയാണ് ഇപ്പോഴും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്നത്.

യുഎഇയുടെ പ്രാദേശികവിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 290 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ 281 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സ്വര്‍ണ്ണവിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. പലിശനിരക്ക് കുറച്ചത് മൂലം അമേരിക്കന്‍ കടപത്രങ്ങളില്‍ നിന്നടക്കമുള്ള വരുമാനം കുറയും എന്നതാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരം എത്തിക്കുന്നത്.

ഈ വര്‍ഷം ഇനിയും പലിശനിരക്കില്‍ കുറവ് വരുത്തും എന്നാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെ എങ്കില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതിനും വില ഇനിയും ഉയരുന്നതിനും കാരണമാകും.ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 3000 ഡോളറില്‍ എത്തിയാലും അല്‍ഭുതപ്പെടേണ്ടതില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ലബനനില്‍ രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍ സൈന്യം

0

പേജര്‍-വോക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ലബനനില്‍ രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. നൂറുകണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ഇസ്രയേല്‍ നടത്തുന്നത് യുദ്ധപ്രഖ്യാപനം ആണെന്നും എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പറഞ്ഞു.ആശയവിനിമയ ഉപകരണങ്ങള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രണം നടത്തിയ ലബനനെ ഭീതിയിലാഴ്ത്തിയത്.

തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അടക്കം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറന്ന് ഭീതിപരത്തി.ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകള്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ വ്യോമാക്രമണം ആണ് ഇസ്രയേല്‍ ഇന്നലെ ലബനനില്‍ നടത്തിയതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം മാത്രം ദക്ഷിണ ലബനനില്‍ അന്‍പത്തിരണ്ട് ആക്രമണങ്ങള്‍ ആണ് നടത്തിയത്. ഇത് യുദ്ധത്തിന്റെ പുതിയ ഘട്ടം ആണെന്നും ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രമണം തുടരും എന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റ് പറഞ്ഞു.

ഇസ്രയേലിന്റെ വടക്കന്‍ മേഖലയിലുള്ളവരെ സുരക്ഷിതരായി വീടുകളില്‍ തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും യോവ് ഗല്ലാന്റ് പറഞ്ഞു. ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ അറുപതിനായിരത്തിലധികം ജനങ്ങളെയാണ് ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്.ഇസ്രയേലും-ഹിസ്ബുള്ളയും അടിയന്തരമായ സമാധാനത്തിന്റെ പാതയിലേക്ക് എത്തണം എന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നും ബ്രിട്ടന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.അതെസമയം പേജര്‍-വോക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ആസൂത്രണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്.സുരക്ഷാ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം ഹിസ്ബുള്ള ആരംഭിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണി : ജനുവരി 16 വരെ അല്‍മക്തും ബ്രിഡ്ജില്‍ ഗതാഗതനിയന്ത്രണം

0

ദുബൈ അല്‍മക്തും ബ്രിഡ്ജ് ജനുവരി വരെ ഭാഗികമായി അടച്ചിടും.വാരാന്ത്യങ്ങളില്‍ മുഴുവന്‍ സമയവും മറ്റ് ദിവസങ്ങളില്‍ രാത്രികളിലും പാലം അടച്ചിടും. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അല്‍മക്തും ബ്രിഡ്ജ് അടച്ചിടുന്നത്.2025 ജനുവരി പതിനാറ് വരെയാണ് അല്‍മക്തും പാലത്തില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പാലം അടച്ചിടുന്നത്.ഞായറാഴ്ച്ചകളില്‍ പാലം പുര്‍ണ്ണമായും അടച്ചിടും എന്നും ആര്‍ടിഎ അറിയിച്ചു.ഈ സമയങ്ങളില്‍ വാഹനയാത്രികര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം എന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.

ദേരയ്ക്കും ബര്‍ദുബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജ്,ഷിന്ദഗ ടണല്‍,ഗര്‍ഹൂദ് ബ്രിഡ്ജ്,ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ് എന്നിവ ഉപയോഗിക്കണം എന്ന് ആര്‍ടിഎ ആവശ്യപ്പെട്ടു.ദുബൈ ക്രീക്കിന് കുറുകെ 1962-ല്‍ നിര്‍മ്മിച്ച അല്‍മക്തും ബ്രിഡ്ജ് എമിറേറ്റിലെ ഏറ്റവും പഴക്കംചെന്ന പാലമാണ്. പ്രതിവാര-പ്രതിമാസ-വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ദുബൈ ആര്‍ടിഎ അല്‍മക്തും പാലം പരിപാലിക്കുന്നത്. 2023-ല്ഡ 104 തവണയാണ് അല്‍മക്തും ബ്രിഡ്ജില്‍ ആര്‍ടിഎ അറ്റകുറ്റപ്പണികള്‍ നടത്തിയത്.

ലബനനില്‍ വോക്കിടോക്കി സ്‌ഫോടന പരമ്പര: ഇരുപത് പേര്‍ മരിച്ചു

0

ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കി സ്‌ഫോടനങ്ങളും.വോക്കി ടോക്കി പൊട്ടിത്തെറിച്ച് ഇരുപത് പേരാണ് മരിച്ചത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിസായ മൊസാദ് ആണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ആരോപണം.എന്നാല്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിസ്ബുള്ളയുടെ ആശയവിനിമയം ഉപകരണങ്ങള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുകയാണ്. ആദ്യ ദിനം മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് മരണവും 2750 പേര്‍ക്ക് പരുക്കും സംഭവിച്ചു.രണ്ടാം ദിനം വോക്കിടോക്കികള്‍ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിത്തെറിച്ചത്.

പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ആണ് പലയിടത്തും വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്.ജപ്പാന്‍ നിര്‍മ്മിത ഐകോമിന്റെ ലേബല്‍ ഉള്ള വോക്കിടോക്കികള്‍ ആണ് പൊട്ടിത്തെറിച്ചത്.എന്നാല്‍ ഹിസ്ബുള്ളയുടെ കൈവശമുള്ള വോക്കിടോക്കികള്‍ തങ്ങള്‍ നിര്‍മ്മിച്ചതല്ലെന്നാണ് ഐകോം വിശദീകരിക്കുന്നത്.ഇത്തരം വോക്കിടോക്കികളുടെ നിര്‍മ്മാണം പത്ത് വര്‍ഷം മുന്‍പെ അവസാനിപ്പിച്ചതാണെന്നും ഐകോം അറിയിച്ചു.തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ പേജറുകളും വോക്കി ടോക്കികളും ഉപയോഗിക്കുന്നത് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌ഫോടനം ഭയന്ന് പലരും ആശയവിനിമയ ഉപകരണങ്ങള്‍ എറിഞ്ഞുകളഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് ഹിസ്ബുള്ള ആശയവിനിമയ സംവിധാനത്തെ ആകെ ബാധിച്ചിട്ടുണ്ട്.

ഹിസ്ബുള്ളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയ്യാട്ടാണ് ആശയവിനിമയ സംവിധാനങ്ങളുടെ പൊട്ടിത്തെറി വിലയിരുത്തുന്നത്.

നിര്‍ണ്ണായക യു.എസ് സന്ദര്‍ശനത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

0

ഔദ്യോഗിക യു.എസ് സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് വാഷിങ്ടണ്ണില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ണ്ണായക ചര്‍ച്ച നടത്തും. ഗാസ യുദ്ധം അടക്കം യുഎഇ പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും

യുഎഇ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച വാഷിങ്ടണ്ണില്‍ എത്തുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുഎഇയും-യുഎസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. വാണിജ്യം,നിക്ഷേപം,ശാസ്ത്രസാങ്കേതികം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം,പുനരുപയോഗ ഊര്‍ജ്ജ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചയാകും.

ഗാസ യുദ്ധവും സുഡാന്‍ പ്രതിസന്ധിയും യുഎഇ-യുഎസ് നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തും. ബൈഡനും കമലയും ഷെയ്ഖ് മുഹമ്മദുമായി ഗാസ വിഷയം ചര്‍ച്ച ചെയ്യും എന്ന് വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

പലിശനിരക്കുകള്‍ കുറച്ച് ഗള്‍ഫ് സെന്‍ട്രല്‍ ബാങ്കുകള്‍

0

അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ചുവട് പിടിച്ച് പലിശനിരക്കുകള്‍ കുറച്ച് ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വായ്പാ പലിശനിരക്കുകളില്‍ കുറവ് വന്നേക്കും.
യുഎഇ സെന്‍ട്രല്‍ ബാങ്ക് ഓവര്‍നൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്കുള്ള പലിശനിരക്കില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒ.ഡി.എഫ് പലിശനിരക്കില്‍ അന്‍പത് ബേസിസ് പോയിന്റെ കുറവാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദി സെന്‍ട്രല്‍ ബാങ്ക് റിപോ നിരക്കില്‍ അന്‍പത് ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് 5.5 ശതമാനമാക്കുന്നതിനും റിവേഴ്‌സ് റിപ്പോനിരക്ക് അഞ്ച് ശതമാനമാക്കുന്നതിനും ആണ് സൗദി കേന്ദ്രബാങ്കിന്റെ തീരുമാനം.ബഹ്‌റൈന്‍ കേന്ദ്രബാങ്ക് അടക്കം ജിസിസിയിലെ മറ്റ് സെന്‍ട്രല്‍ബാങ്കുകളും പലിശനിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.