Tuesday, August 11, 2026
Home Blog Page 113

അബുദബിയില്‍ സ്വയംനിയന്ത്രിത ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ യൂബര്‍

0

അബുദബിയില്‍ സ്വയംനിയന്ത്രത ടാക്‌സി സര്‍വീസ് ഈ വര്‍ഷം ആരംഭിക്കാന്‍ യൂബര്‍ ടെക്കനോളജീസ് ഒരുങ്ങുന്നു.യൂബര്‍ ആപ്പില്‍ നിന്നും യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകള്‍ക്ക് തെരഞ്ഞെടുക്കാം.ചൈനീസ് കമ്പനിയുടെ സ്വയംനിയന്ത്രിത കാറാണ് യൂബര്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്നത്.

ഈ വര്‍ഷം അവസാനത്തോടെ അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ ടാക്‌സി സര്‍വീസ് ആരംഭിക്കും എന്നാണ് യൂബര്‍ വ്യക്തമാക്കുന്നത്. ചൈനീസ് കമ്പനിയായ വീറൈഡിന്റെ റോബോടാക്‌സി ആണ് അബുദബിയില്‍ സര്‍വീസ് നടത്തുക.ടാക്‌സി ബുക്ക് ചെയ്യുന്നവര്‍ക്ക് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും റോബോടാക്‌സി തെരഞ്ഞെടുക്കുന്നതിന് സാധിക്കും.അതെസമയം എത്ര സ്വയംനിയന്ത്രിത വാഹനങ്ങള്‍
നിരത്തിലിറക്കുമെന്ന് യൂബര്‍ വ്യക്തമാക്കിയിട്ടില്ല.

2023-ല്‍ യുഎഇയില്‍ ആദ്യമായി സ്വയംനിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ലൈസന്‍സ് സ്വന്തമാക്കിയ കമ്പനിയാണ് വീറൈഡ്.സ്വയംനിയന്ത്രിത വാഹനങ്ങള്‍ നിരത്തിലറക്കുന്നതിന് മധ്യപൂര്‍വ്വദേശത്ത് തന്നെ ദേശീയ ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ കമ്പനിയുമാണ് വീറൈഡ്. അമേരിക്കയില്‍ സ്വയംനിയന്ത്രിത ടാക്‌സികള്‍ ആരംഭിക്കുന്നതിന് മറ്റ് ചില കമ്പനികളുമായും യൂബര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

0

എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഡിജിപിക്ക് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ സര്‍ക്കാര്‍ തുടരന്വേഷണവും പ്രഖ്യാപിക്കും എന്നാണ് സൂചന.തുടരന്വേഷണത്തിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ മുതര്‍ന്ന മേതാവ് രാംമാധവ് എന്നിവരുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയത് ആണ് വിവാദമായത്.ആര്‍എസ്എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിപക്ഷത്തിന് ഒപ്പം ഇടതുമുന്നണിയില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐ,എന്‍സിപി,ആര്‍ജെഡി എന്നിവര്‍ അജിത്കുമാറിനെ ക്രമസാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നും ആവശ്യപ്പെട്ടു.

സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ ആണ് സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.എഡിജിപിക്ക് എതിരെ ആരോപണം ഉയര്‍ന്ന് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം ആണ് അന്വേഷണത്തിന് ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എം.വിന്‍സെന്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം ഒരുക്കി അജ്മാന്‍ പൊലീസ്

0

വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം ഒരുക്കി അജ്മാന്‍ പൊലീസ്. അത്യാധുനിക റഡാറുകള്‍ ആണ് അജ്മാനിലെ നിരത്തുകളില്‍ നിയമലംഘകരെ പിടികൂടുകം.

ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്മാര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റം അജ്മാന്‍ നിരത്തുകളില്‍ ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് പൊലീസിന്റെ അറിയിപ്പ്. മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കം ഡ്രൈംവിഗിലെ ശ്രദ്ധമാറുന്ന മറ്റ് നിയമലംഘങ്ങനങ്ങളും റഡാറില്‍ കുടുങ്ങും.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ.സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും നാനൂറ് ദിര്‍ഹം പിഴ ലഭിക്കും. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ലഭിക്കും.

മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം:ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തെന്ന് ഇസ്രയേല്‍

0

ഇസ്രയേല്‍ രഹസ്യാന്വേഷണം ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനം
ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്ത് ലബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 569-ആയി ഉയര്‍ന്നു.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലെ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തിയത്. ആദ്യമായിട്ടാണ് ഒരു ഹിസ്ബുള്ള മിസൈല്‍ ടെല്‍അവീവില്‍ എത്തുന്നത്.ലബനനില്‍ നിന്നും എത്തിയ മിസൈല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവധാനം തകര്‍ത്തു.ടെല്‍അവിവിലേക്ക് എത്തിയ മിസൈല്‍ തകര്‍ക്കപ്പെട്ടുവെങ്കിലും ഹിസ്ബുള്ള ഇസ്രയേലിന് നല്‍കുന്ന സന്ദേശം തങ്ങള്‍ക്ക് ഇനിയും ആക്രമണശേഷിയുണ്ടെന്നാണ്.

പേജര്‍-വോക്കി ടോക്കി സ്‌ഫോടനവും ഇസ്രയേല്‍ വ്യോമാക്രമണങ്ങളും അടക്കം വന്‍ തിരിച്ചടിയാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഹിസ്ബുള്ളയ്ക്ക് നേരിടേണ്ടിവന്നത്.ഇതിന് ശേഷവും ഇസ്രയേല്‍ ലക്ഷ്യമിട്ട് ശക്തമായ ആക്രമങ്ങള്‍ക്ക് ഹിസ്ബുള്ളയ്ക്ക് കഴിയുന്നുണ്ട്.ഇന്നും നിരവധി തവണ ഹിസ്ബുള്ള റോക്കറ്റുകള്‍ ലബനന്‍ അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ പ്രവേശിച്ചു.ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഒപ്പം ചെറിയ റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള ഇസ്രയേലിലേക്ക് അയക്കുന്നുണ്ട്.അതെസമയം ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. അന്‍പത് കുട്ടികള്‍ അടക്കം 569-ആയി മരണസംഖ്യ വര്‍ദ്ധിച്ചു.തിങ്കളാഴ്ചയ്ക്ക് ശേഷം മാത്രം ആയിരത്തിലധികം വ്യോമാക്രമണങ്ങള്‍ ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ നടത്തിയത്.

ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഈജിപ്ത് ഇറാഖ് ജോര്‍ദ്ദാന്‍ എന്നി രാജ്യങ്ങള്‍ രംഗത്ത് എത്തി.യുദ്ധം ഗാസയ്ക്ക് പുറത്ത് മേഖലയില്‍ ആകെ വ്യാപിപ്പിക്കുന്നതിന് ആണ് ഇസ്രയേല്‍ ശ്രമം എന്ന് മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ആരോപിച്ചു.

യുഎഇയുടെ സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു:22 ക്യാരറ്റ് വില 300 ദിര്‍ഹത്തിനരുകില്‍

0

യുഎഇയില്‍ ഒരു ഗ്രാമം സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ് ദിര്‍ഹത്തിനരികില്‍.രണ്ടാഴ്ച്ചക്കിടയില്‍ മാത്രം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വര്‍ദ്ധിച്ചത് ഇരുപത്തിയഞ്ച് ദിര്‍ഹം ആണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം ആണ് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന വരുത്തുന്നത്.
യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 298 ദിര്‍ഹമായിട്ടാണ് വര്‍ദ്ധിച്ചത്. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 322 ദിര്‍ഹമായും ഉയര്‍ന്നു.

ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന് 288 ദിര്‍ഹം അന്‍പത് ഫില്‍സും പതിനെട്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 247 ദിര്‍ഹം ഇരുപത്തിയൊന്ന് ഫില്‍സായും ഉയര്‍ന്നു. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന സംഭവിക്കുകയാണ്. രാജ്യാന്തരവിപണിയില്‍ 2660 ഡോളറിലേക്ക് ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു.

പശ്ചിമേഷ്യയില്‍ ആശങ്കപരത്തി ഹിസ്ബുള്ള ഇസ്രയേല്‍ ഏറ്റുമൂട്ടല്‍ രൂക്ഷമായതാണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. യുദ്ധഭീതി വര്‍ദ്ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നതാണ് വില വര്‍ദ്ധിപ്പിക്കുന്നത്.വരും ദിവസങ്ങളില്‍ തന്നെ രാജ്യാന്തരവിപണിയില്‍ ഔണ്‍സ് വില 2700 ഡോളര്‍ കടന്നേക്കും

ലൈംഗീകാതിക്രമം:മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

0

ലൈംഗിക അതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ആണ് മുകേഷിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി മുകേഷിനെ വിട്ടയച്ചു.രാവിലെ പത്ത് മണിയോട് കൂടിയാണ് മുകേഷ് കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ അഭിഭാഷകന് ഒപ്പം ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. പിന്നീട് ആണ് അറസറ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുകേഷിനെ വിട്ടയച്ചു.

അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ആണ് അറസ്റ്റ് ചെയ്ത ശേഷം മുകേഷിനെ ജാമ്യത്തില്‍ വിട്ടത്.

യുഎഇ ഇനി അമേരിക്കയുടെ സുപ്രധാന പ്രതിരോധ പങ്കാളി:പ്രഖ്യാപനം നടത്തി ബൈഡന്‍

0

യുഎഇയെ അമേരിക്കയുടെ പ്രധാനപ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.അമേരിക്കയില്‍ ജോ ബൈഡനുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി.ഗാസയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യമാണെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.യുഎഇ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടണ്ണില്‍ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മള സ്വീകരണം ആണ് ലഭിച്ചത്.

ഒരു യുഎഇ പ്രസിഡന്റിന്റെ ആദ്യ വൈറ്റ്ഹൗസ് സന്ദര്‍ശനവും ആണ് ഇത്. തുടര്‍ന്ന് ജോബൈഡനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ആണ് അമേരിക്കയുടെ പ്രധാനപ്രതിരോധ പങ്കാളിയായി യുഎഇയെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചത്.സംയുക്ത പരിശീലനം അടക്കം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.നിലവില്‍ ഇന്ത്യയുമായി മാത്രമാണ് അമേരിക്കയ്ക്ക് ഈ വിധത്തിലുള്ള സഹകരണം ഉളളത്.ഗാസയില്‍ അടിയന്തരമായി കൂടുതല്‍ മാനുഷിക സഹായം എത്തിക്കണം എന്നും യുഎസ്.യുഎഇ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഗാസയില്‍ അടിയന്തരവെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതും പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്.ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം ഒഴിവാക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും ജോബൈഡന്‍ പറഞ്ഞു. യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അമേരികന്‍ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തി.

യുഎഇ പൊതുമാപ്പുകാര്‍ക്ക് അനുവദിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റിന്റെ കാലാവധി നീട്ടി

0

യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസനിയമലംഘകര്‍ക്ക് അനുവദിക്കുന്ന എക്‌സിറ്റ് പാസിന്റെ കാലാവധി നീട്ടി. ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെയാണ് എക്‌സിറ്റ് പാസിന് കാലാവധി ലഭിക്കുക.പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന താമസനിയമലംഘകര്‍ക്ക് അനുവദിക്കുന്ന എക്‌സിറ്റ് പാസിന്റെ കാലാവധിയാണ് ഐസിപി നീട്ടിയത്. എക്‌സിറ്റ് പാസ് അനുവദിച്ച് പതിനാല് ദിവസത്തിനുള്ളില്‍ രാജ്യം വിടണം എന്നതായിരുന്നു നേരത്തെയുളള നിബന്ധന. എന്നാല്‍ ഇനി മുതല്‍ എക്‌സിറ്റ് പാസ് ലഭിക്കുന്നവര്‍ക്ക് പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് രാജ്യത്ത് നിന്നും പുറത്ത് കടന്നാല്‍ മതിയാകും.

താമസനിയമലംഘകര്‍ക്ക് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് പുതിയ തീരുമാനം എന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.എന്നാല്‍ കാലാവധിക്ക് ശേഷവും രാജ്യത്ത് നിന്നും പുറത്ത് കടക്കുന്നില്ലെങ്കില്‍ എക്‌സിറ്റ് പാസ് അസാധുവാകും. മാത്രമല്ല റദ്ദാക്കപ്പെട്ട താമസനിയമലംഘന പിഴകള്‍ പുനസ്ഥാപിക്കപ്പെടുകയും
ചെയ്യും.യുഎഇയില്‍ സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പൊതുമാപ്പ് പതിനായിരങ്ങളാണ് പ്രയോജനപ്പെടുത്തിയത്. രേഖകള്‍ ക്രമപ്പെടുത്തി രാജ്യത്ത് തന്നെ പുതിയ ജോലികളില്‍ പ്രവേശിക്കുന്നതിന് ആണ് ഭുരിഭാഗം പേരുടെയും ശ്രമം.

പുതിയ നിയമം: മൂന്ന് വര്‍ഷത്തേക്ക് ഷാര്‍ജയില്‍ വാടകവര്‍ദ്ധന പാടില്ല

0

ഷാര്‍ജയില്‍ പുതിയ കെട്ടിടവാടക നിയമം പ്രഖ്യാപിച്ചു.വാടകകരാര്‍ ഒപ്പുവെച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മൂന്ന് വര്‍ഷത്തേക്ക് വാടകവര്‍ദ്ധനയും അനുവദിക്കില്ല.
യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതിയ വാടകനിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

താമസകെട്ടിടങ്ങളില്‍ നിന്ന് മൂന്ന് വരെയും വാണിജ്യ കെട്ടിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷം വരെയും വാടകക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ വാടകനല്‍കിയില്ലെങ്കില്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതിന് ഉടമയ്ക്ക് അവകാശം ഉണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള ആവശ്യത്തിന് അല്ലാതെ കെട്ടിടം ഉപയോഗിച്ചാലും ഒഴിയാന്‍ ആവശ്യപ്പെടാം.വാടകക്കാരന്‍ നിയമപരമായ വീഴ്ച്ചവരുത്തുകയോ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്താലും ഉടമയ്ക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാം.

വാടകകരാര്‍ ഒപ്പുവെച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് വാടക വര്‍ദ്ധനവ് പാടില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷക്കാലയളവിന് ഇടയില്‍ വാടകവര്‍ദ്ധന വരുത്തണം എങ്കില്‍ വാടകകക്കാരന്റെ കൂടി അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ വാടകവര്‍ദ്ധന വരുത്തിയാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടകവര്‍ദ്ധന പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.കെട്ടിടം നല്‍കി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഉടമ വാടകകരാര്‍ നല്‍കണം എന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

യുഎഇയില്‍ വേനല്‍ക്കാലത്തിന് സമാപനം

0

യുഎഇയില്‍ അടുത്ത രണ്ട് മാസങ്ങള്‍ക്കിടയില്‍ താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ കുറവ് രേഖപ്പെടുത്തും എന്ന് കാലാവസ്ഥാ വിദഗദ്ധര്‍.രാജ്യത്ത് വരും മാസങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ പറഞ്ഞു.

യുഎഇയില്‍ വേനല്‍ക്കാലത്തിന് സമാപനമാവുകയാണ്.സെപ്റ്റംബര്‍ അവസാനിക്കുന്നതോട് കൂടി വേനല്‍ക്കാലം പൂര്‍ണ്ണമായും രാജ്യത്ത് സമാപിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. നിലവില്‍ രാജ്യത്ത് നാല്‍പ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിനും നാല്‍പ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആണ് താപനില. ഇത് ഒക്ടടോബറില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ് മുപ്പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസിനും നാല്‍പ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും അനുഭവപ്പെടുക.

നവംബറില്‍ താപനില മുപ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും മുപ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴും. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങളുടെ മാസങ്ങളാണ് വരുന്നതെന്നും വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ മേഖലയിലും മഴയ്ക്കും സാധ്യതയുണ്ട്.