Tuesday, August 11, 2026
Home Blog Page 109

ഹിസ്ബുള്ളയെ കുടഞ്ഞെറിയണം:ലബനന്‍ ജനതയ്ക്ക് നെതന്യാഹുവിന്റെ സന്ദേശം

0

ലബനനില്‍ ഗാസയിലേതിന് സമാനമായ നശീകരണമുണ്ടാകും എന്ന ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ലബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള വീഡിയ സന്ദേശത്തിലാണ് നെതന്യാഹുവിന്റെ ഭീഷണി. അതെസമയം അതിര്‍ത്തിയില്‍ ഇസ്രയേല്‍-ഹിസ്ബുള്ള പോരാളികള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച്ച ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രസിദ്ധീകരിച്ച വീഡിയ സന്ദേശത്തിന് സമാനമായിട്ടാണ് ലബനന്‍ ജനതയ്ക്കുള്ള നെതന്യഹുന്റെ സന്ദേശം. ഹിസ്ബുള്ളയെ കുടഞ്ഞെറിഞ്ഞു കളഞ്ഞ് രാജ്യത്ത രക്ഷിക്കാന്‍ ലബനന്‍ ജനതയ്ക്ക് അവസരം ഉണ്ടെന്നാണ് നെതന്യാഹുന്റെ പ്രസ്താവന. ഗാസയിലേതിന് സമാനമായ നാശത്തിലേക്കും ദുരിതത്തിലേക്കും നീണ്ട യുദ്ധത്തിലേക്കും വീഴുന്നതിന് മുന്‍പ് ലബനന്‍ ജനത അതിന് തയ്യാറാകണം എന്നും നെതന്യാഹു ആവശ്യപ്പെട്ടു.ഈ യുദ്ധം അവസാനിക്കുന്നതിന് ലബനനെ ഹിസ്ബുള്ളയില്‍ നിന്നും സ്വതന്ത്രമാക്കണം.

അന്തരിച്ച ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ പ്രതിരോധ സേന വധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.നസ്രല്ല അടക്കം ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരരെ വധിച്ചെന്നും നെതന്യാഹു പറഞ്ഞു.ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാഷിം സഫിയീദിനേയും വധിച്ചെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.സഫിയീദിനെ മരണം നിലവില്‍ ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ലയ.അതെസമയം ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പക്കലിന് ആണ് ലബനന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പന്ത്രണ്ട് ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. ചില ലബനന്‍ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.ഇതിനിടെ ലബനന്‍ അതിര്‍ത്തിക്ക് സമീപം ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യത്തിന് എതിരെ ഹിസ്ബുള്ള രൂക്ഷമായ ആക്രമണം നടത്തിയെന്ന് രാജ്യാന്തരവാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെലയ്തു.

യുദ്ധഭീതി: ഇറാന്‍ ഇറാഖ് വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

0

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ എയര്‍ലൈനുകളുടെ വിമാന റദ്ദാക്കലും തുടരുന്നു. ഇറാന്‍ ഇറാഖ് ലബനന്‍ എന്നിവിടങ്ങളിലേക്കുളള വിമാനങ്ങള്‍ വീണ്ടും റദ്ദാക്കുകയാണെന്ന് ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

ഇസ്രയേല്‍ ഒരു പക്ഷത്തും ഇറാനും ഹിസ്ബുള്ളയും ഹമാസും മറുപക്ഷത്തും നിന്നുള്ള ഏറ്റുമുട്ടലും യുദ്ധഭീതിയും പശ്ചിമേഷ്യയിലെ വ്യോമഗതാഗത വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വദേശത്ത് നിരവധി വിമാനസര്‍വീസുകള്‍ ആണ് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത്. ഇറാഖിലെ ബാഗ്ദാദിലേക്കും ബസ്ര നഗരങ്ങളിലേക്കും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കും ഉള്ള വിമാനങ്ങള്‍ തുടര്‍ന്നും റദ്ദാക്കുകയാണെന്ന് ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

ഒക്ടോബര്‍ പതിനാറ് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ദുബൈ വഴിയുള്ള ഇറാഖ് ഇറാന്‍ എന്നിവടങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരേയും സ്വീകരിക്കില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു.ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം നടക്കുന്ന ലബനനിലേക്കുള്ള വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ പതിനഞ്ച് വരെയാണ് ലബനന്‍ വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുന്നത്.

ഇത്തിഹാദ് റെയില്‍:ഫുജൈറയില്‍ പുതിയ പാസഞ്ചര്‍ സ്‌റ്റേഷന്‍

0

ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രഖ്യാപിച്ചു. ഫുജൈറയിലെ സഖംകാമിലാണ് പുതിയ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഏഴ് എമിറേറ്റുകളിലെയും പതിനൊന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുക.

ഫുജൈറയില്‍ അല്‍ ഹിലാല്‍ സ്ട്രീറ്റിലെ പാസഞ്ചര്‍ സ്റ്റേഷനു പുറമേയാണ് എമിറേറ്റിലെ പുതിയ സ്റ്റേഷന്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചത്. ഫുജൈറയിലെ സഖംകാമിലാണ് പുതിയ സ്‌റ്റേഷന്‍ നിര്‍മ്മിക്കുക. ഗുവെയ്ഫാത്തില്‍ നിന്നുമാണ് റെയില്‍ ശൃംഖല ഫുജൈറയുമായി ബന്ധിപ്പിക്കുന്നത്. യാത്രക്കാര്‍ക്കായി നൂതന സൗകര്യങ്ങളാകും സ്‌റ്റേഷനില്‍ ഒരുക്കുക. 2030 ഓടെ 36 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു. അബുദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇത്തിഹാദ് റെയില്‍ സര്‍വ്വീസ് ആരംഭിക്കുക.

ഷാര്‍ജയില്‍ യൂണിവേഴ്‌സിറ്റി സിറ്റിയിലും പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നും ദേശീയ റെയില്‍ കമ്പനി അറിയിച്ചു. അബുദബിയില്‍ നടക്കുന്ന ആഗോള റെയില്‍ കോണ്‍ഫറന്‍സിലാണ് ഇത്തിഹാദ് റെയില്‍ പുതിയ സ്‌റ്റേഷനുകള്‍ വെളിപ്പെടുത്തിയത്. നിലവിലെ ചരക്ക് റെയില്‍ ശൃംഖലയുടെ അതേ പാതകള്‍ തന്നെ പാസഞ്ചര്‍ ട്രെയിനുകളും ഉപയോഗിക്കും. 900 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റെയില്‍ ശൃംഖല. അതേസമയം സര്‍വ്വീസുകള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഹരിയാനയില്‍ ബിജെപി:ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യം

0

ഹരിയാനയില്‍ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. സീറ്റെണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ബിജെപി ഹരിയാനയില്‍ ഹാട്രിക് ജയം നേടുന്നത്. ജമ്മു-കശ്മീര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യസംഖ്യത്തിനാണ് ജയം
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ഹരിയാനയില്‍ മൂന്നാ വട്ടം വിജയക്കൊടി പാറിക്കുകയാണ് ബിജെപി.

പത്ത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ നാല്‍പ്പത്തിയാറ് സീറ്റുകളും കടന്നാണ് മുന്നേറിയത്. കഴിഞ്ഞ തവണ നാല്‍പ്പത് സീറ്റുകള്‍ ആണ് ബിജെപിക്ക് ലഭിച്ചിരുന്നത്. സര്‍ക്കാരിന് എതിരെ വന്‍ ജനരോഷമുണ്ടെന്നും അത് അനുകൂലമാകുമെന്നും കരുതിയ കോണ്‍ഗ്രസിന് പക്ഷെ ഹരിയാനയില്‍ പിഴച്ചു.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അധികാരത്തിലേക്ക് എന്ന് സൂചന നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന് ആയിരുന്നു ലീഡ്. ഇതെ തുടര്‍ന്ന് എഐസിസി ആസ്ഥാനത്ത് അടക്കം ആഘോഷപരിപാടികളും ആരംഭിച്ചിരുന്നു.എന്നാല്‍ അതിന് അല്‍പ്പായുസ്സായിരുന്നു. വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തിയ്യപ്പോള്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ച് അധികാരത്തുടര്‍ച്ച ഉറപ്പിച്ചു.കോണ്‍ഗ്രസിന് ഹരിയാനയില്‍ നാല്‍പ്പത് സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ജമ്മുകശ്മീരില്‍ പക്ഷെ ഇന്ത്യ സഖ്യത്തിന് ആണ് ജയം. നാല്‍പപ്പത്തിയേഴ് സീറ്റുകളില്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിച്ച് കയറാന്‍ കഴിഞ്ഞത്. ജമ്മുകശ്മീരില്‍ ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാകും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അറിയിച്ചു.

യുദ്ധവ്യാപനം: ലബനനില്‍ കൂടുതല്‍ മേഖലയിലേക്ക് യുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍

0

ലബനനില്‍ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്ക്-പടിഞ്ഞാറന്‍ ലബനനിലേക്ക് ആണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം വ്യാപിപ്പിച്ചത്.ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പന്ത്രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായെന്ന് ലബനന്‍ സര്‍ക്കാര്‍ അറിയിച്ചു.

സെപ്റ്റംബര്‍ മുപ്പതിന് ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ കരയുദ്ധം ആരംഭിച്ചത്. നിയന്ത്രിതമായ രീതിയില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം.ഒരാഴ്ച്ച പിന്നിടുമ്പോള്‍ ലബനനില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് കരയുദ്ധം വ്യാപിപ്പിക്കുയാണ് ഇസ്രയേല്‍. തുടക്കത്തില്‍ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലായിരുന്നു കരയുദ്ധം നടത്തിയിരുന്നത്.എന്നാല്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും ഇപ്പോള്‍ യുദ്ധം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ആണ് ഇസ്രയേല്‍ പുതിയ മേഖലകളില്‍ ആക്രമണം നടത്തുന്നത്.ഗാസയിലേതിന് സമാനമായി ലബനനിലും യുദ്ധം നീണ്ടുനിന്നേക്കും എന്ന ആശങ്കയാണ് ഇസ്രയേലിന്റെ പുതിയ നീക്കം സൃഷ്ടിക്കുന്നത്. തലസ്ഥാനമായ ബെയ്‌റൂത്ത് അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണവും മറുവശത്ത് ഇസ്രയേല്‍ നടത്തുന്നുണ്ട്.

ഇസ്രയേല്‍ ലബനനില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പന്ത്രണ്ട് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായത്. ഓരോ ദിവസും ആയരങ്ങള്‍ക്കാണ് വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ഓടേണ്ടിവരുന്നത്. നാല് ലക്ഷത്തോളം പേര്‍ അയല്‍രാജ്യമായ സിറിയയിലേക്ക് ആണ് പലായനം ചെയ്തത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയന്‍ ആഭ്യന്തരയുദ്ധകാലത്തേക്ക് ലബനനില്‍ അഭയം തേടിയവര്‍ ആണ്.ഒരു ലക്ഷത്തോളം ലബനന്‍ സ്വദേശികളും സിറിയയില്‍ അഭയം തേടി.കഴിഞ്ഞ മൂന്നാഴ്ച്ചക്കിടയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ 1400 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഷാര്‍ജ പുസ്തകമേളയില്‍ 2500-ല്‍ അധികം പ്രസാധകര്‍

0

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ പുതിയ പതിപ്പില്‍ 2500-ല്‍ അധികം പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിട്ടി.1300-അല്‍ അധികം പരിപാടികളും ഇത്തവണ ഉണ്ടാകും.നവംബര്‍ ആറ് മുതല്‍ പതിനേഴ് വരെയാണ് ഷാര്‍ജ പുസ്തകമേളയുടെ നാല്‍പ്പത്തിമൂന്നാം പതിപ്പ്.

112 രാജ്യങ്ങളില്‍ നിന്നായി 2522 പ്രസാധകരാണ് ഇത്തവണ പുസ്തകമേളയില്‍ പങ്കെടുക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിട്ടി അറിയിച്ചു. യുഎഇയില്‍ നിന്നാണ് ഏറ്റവും അധികം പ്രസാദ്ധകര്‍. 234 പ്രസാധകര്‍ ഇത്തവണ യുഎഇയില്‍ നിന്നും മേളയ്ക്ക് എത്തും.ഇന്ത്യയില്‍ നിന്നും 52 പ്രസാധകരാണ് പങ്കെടുക്കുക.ഈജിപ്തില്‍ നിന്നും 172 പ്രസാധകരും ലബനനില്‍ നിന്നും എണ്‍പത് പ്രസാധകരും പുസ്തകമേളയുടെ നാല്‍പ്പത്തിമൂന്നാം പതിപ്പില്‍ പങ്കെടുക്കും.63 രാജ്യങ്ങളില്‍ നിന്നായി 250 അതിഥികള്‍ പങ്കെടുക്കുന്ന 1357 പരിപാടികളും പുസ്തകമേളയില്‍ നടക്കും. അറുനൂറോളം വര്‍ക്ക് ഷോപ്പുകളും ഇത്തവണ ഉണ്ടാകും. എഴുത്തുകാരും ചിന്തരും കലാകാരന്‍മാരും രാജ്യാന്തരപുരസ്‌കാര ജേതാക്കളും അടക്കും 134 പ്രമുഖരും ഇത്തവണ പുസ്തകമേളയുടെ ഭാഗമാകും എന്ന് ബുക്ക് അതോറിട്ടി അറിയിച്ചു. മലയാളത്തില്‍ നിന്നും റഫീക് അഹമദ് അടക്കം വിവധ ഭാഷകളില്‍ നിന്നുള്ള കവികള്‍ പങ്കെടുക്കുന്ന കവി സദസും ഇത്തവണ അരങ്ങേറും.

മലയാളം കൂടാതെ,അറബിക്,ഇംഗ്ലീഷ്,ഉറുദു, പഞ്ചാബി,തഗാലോത് തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള കവികള്‍ ആണ് പങ്കെടുക്കുക. പുസ്തകമേളയ്ക്ക് മുന്നോടിയായി നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രസാധക സംഗമവും നടക്കുമെന്ന് ഷാര്‍ജ ബുക്ക് അഥോറിട്ടി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ബുക്ക് അതോറിട്ടി സി.ഇ.ഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീറി,പുസ്തകമേള ജനറല്‍ കോര്‍ഡിനേറ്റര്‍ കൗല അല്‍ മുജൈനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

2025-ലേക്ക് റെക്കോര്‍ഡ് ബജറ്റുമായി യുഎഇ മന്ത്രിസഭ

0

ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറല്‍ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. 2025 സാമ്പത്തിക വര്‍ഷത്തേക്ക് 7150 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.ബജറ്റിന്റെ മുപ്പത്തിയൊന്‍പത് ശതമാനവും സാമൂഹ്യവികസന മേഖലയില്‍ ആണ് വകയിരുത്തിയിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് 2025 വര്‍ഷത്തേക്കുള്ള ഫെഡറല്‍ ബജറ്റിന് അംഗീകാരം നല്‍കിയിരിക്കുന്നത്. യുഎഇ ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള ഫെഡറല്‍ ബജറ്റുകളില്‍ ഏറ്റവും വലുതാണ് 2025-ലേത്. സാമൂഹ്യവികസനം പെന്‍ഷന്‍ എന്നി മേഖലകളിലേക്കാണ് ഏറ്റവും അധികം തുക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 2786 കോടി ദിര്‍ഹം.

സര്‍ക്കാര്‍കാര്യങ്ങള്‍ക്കായി 2557 കോടി ദിര്‍ഹവും ബജറ്റില്‍ വകയിരുത്തി. അടിസ്ഥാനസകൗര്യവികസനം വാണിജ്യം തുടങ്ങിയ മേഖലകളില്‍ 258 കോടി ദിര്‍ഹം ആണ് വകയിരുത്തിയിരിക്കുന്നത്. ധനകാര്യനിക്ഷേപ രംഗത്തിന് 286 കോടി ദിര്‍ഹവും വകയിരുത്തി.മറ്റ് ഫെഡറല്‍ ചിലവുകള്‍ക്കായി 1262കോടി ദിര്‍ഹവും വകയിരുത്തിയിട്ടുണ്ട്.

ലബനനിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ഒരുങ്ങി യുഎഇ

0

യുദ്ധക്കെടുതികള്‍ നേരിടുന്ന ലബനനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ യുഎഇ. ആറ് വിമാനങ്ങളിലായിട്ടാണ് യുഎഇ സഹായം എത്തിച്ച് നല്‍കുന്നത്.. സിറിയയില്‍ അഭയം തേടിയ ലബനന്‍ സ്വദേശികളെ സഹായിക്കുന്നതിനായി മുപ്പത് ദശലക്ഷം ഡോളറിന്റെ സഹായവും യുഎഇ പ്രഖ്യാപിച്ചു.ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന കടുത്ത ദുരിതം നേരിടുന്ന ലബനന്‍ ജനതയെ സഹായിക്കുന്നതിനായി നൂറ് ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന് പുറമേയാണ് കൂടുതല്‍ സഹായങ്ങള്‍ പ്രത്യേക വിമാനത്തില്‍ യുഎഇ ലബനനിലേക്ക് അയക്കുന്നത്.

ഔഷധങ്ങള്‍,ഭക്ഷ്യവസ്തുക്കള്‍, താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിനുള്ള വസ്തുക്കള്‍ എന്നിവയാണ് ആറ് വിമാനങ്ങളിലായി യുഎഇ ലബനനിലേക്ക് അയക്കുന്നത്. 205 ടണ്ണോള വരുന്ന സഹായ വസ്തുക്കള്‍ ആണ് യുഎഇ ലബനനിലേക്ക് അയച്ചത്. ലോകാരോഗ്യസംഘടന,യുനിസെഫ്, റെഡ്‌ക്രെസന്റ് എന്നിവയുമായി കൈകോര്‍ത്താണ് ദുരിതബാധിതരായ ലബനന്‍ ജനതയ്ക്ക് യുഎഇ സഹായം എത്തിക്കുന്നത്.

നാളെ മുതല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ നീണ്ടുനില്‍ക്കുന്നതാണ് യുഎഇയുടെ ദുരിതാശ്വാസവിതരണ ക്യാമ്പയിന്‍ യുഎഇ ലബനന് ഒപ്പം പേരില്‍ ആണ് ക്യാമ്പയിന്‍.ഇത് കൂടാതെ യുദ്ധം ഭയന്ന് ലബനനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്തവര്‍ക്കും യുഎഇ സഹായം എത്തിക്കും.ഇതിനായി മുപ്പത് ദശലക്ഷം ഡോളറും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണം നടന്നിട്ട് ഒരു വര്‍ഷം

0

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഇന്ന് ഒരാണ്ട് പൂര്‍ത്തിയായി. പിന്നാലെ ആരംഭിച്ച ഗാസ യുദ്ധവും ഒരു വര്‍ഷമായി തുടരുകയാണ്.ഒരു വര്‍ഷം പിന്നിടുമ്പോള്‍ യുദ്ധം മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചു എന്ന് മാത്രമല്ല പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുകയും ചെയ്തു.

2023 ഒക്ടോബര്‍ ഏഴിന് രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ഹമാസ് ഇസ്രയേലില്‍ കടന്ന് കയറി ആക്രമണം നടത്തുകയും 251 നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തത്.1200 പേരാണ് ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഹമാസിന്റെ ഈ പ്രവര്‍ത്തി പശ്ചിമേഷ്യയില്‍ പുതിയ ഒരു യുദ്ധതുറക്കുന്നതിന് ആണ് കാരണമായത്. ഹമാസിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയെന്ന് പ്രഖ്യാപിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമിച്ച യുദ്ധം ഒരു വര്‍ഷം കഴിയുമ്പോഴും തുടരുകയാണ്. നാല്‍പ്പത്തിരണ്ടായിരത്തോളം പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

വീടുകളും കെട്ടിടങ്ങളും തെരുവുകളും റോഡുകളും എല്ലാം തകര്‍ക്കപ്പെട്ട് മനുഷ്യജീവിതം സാധ്യമല്ലാത്ത നരകമായി മാറിയിരിക്കുകയാണ് ഗാസ ഇന്ന്. പതിനഞ്ച് ലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളാണ്.ഹമാസിനെ ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ച ഇസ്രയേലിന് ഇനിയും ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേലില്‍ ടെല്‍ അവീവിലേക്ക് ഇന്നും ഹമാസിന്റെ സായുധവിഭാഗം റോക്കറ്റുകള്‍ തൊടുത്തു.മാത്രമല്ല യുദ്ധം ഇപ്പോള്‍ ലബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലബനന്‍ യുദ്ധം ആരംഭിച്ച് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റമുട്ടല്‍ സാധ്യതയുടെ ഭീതിയിലുമാണ് പശ്ചിമേഷ്യ.

യുഎഇ പൊതുമാപ്പ് നീട്ടില്ല:ഒക്ടോബര്‍ 31-ന് ശേഷം കര്‍ശന നടപടി

0

യുഎഇ പൊതുമാപ്പ് നീട്ടി നല്‍കില്ലെന്ന് ഐസിപി. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് പൊതുമാപ്പ് അവസാനിക്കും. പൊതുമാപ്പ് കാലാവധിക്കും ശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഐസിപി മുന്നറിയിപ്പ് നല്‍കി.സെപ്റ്റംബര്‍ ഒന്നിന് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് ആയിരിക്കും നീണ്ടുനില്‍ക്കുക എന്ന് ഐസിപി വ്യക്തമാക്കിയിട്ടുണ്ട്. ഇനി മൂന്ന് ആഴ്ച്ചകള്‍ മാത്രമാണ് താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ശേഷിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള താമസ നിയമലംഘകര്‍ ശേഷിക്കുന്ന ദിവസങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നാണ് ഐസിപി നിര്‍ദ്ദേശിക്കുന്നത്. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ശേഷം പൊതുമാപ്പ് നീട്ടി നല്‍കില്ല. മാത്രമല്ല പൊതുമാപ്പ് കാലയളവിന് ശേഷം താമസനിയമലംഘകര്‍ക്ക് എതിരെ നടപടി കടുപ്പിക്കുകയും ചെയ്യും. നിയമലംഘകരെ പിടികൂടുന്നതിനായി ശക്തമായ പരിശോധന ആരംഭിക്കും. .താമസനിയമലംഘകരായി വിദേശികളോട് ഒരു വിട്ടുവീഴ്ച്ചയും പൊതുമാപ്പ് കാലാവധിക്ക് ശേഷം ഉണ്ടാകില്ല. പിടിക്കപ്പെടുന്നവരെ നാടുകടത്തും. പിന്നീട് ഒരിക്കലും യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയാത്ത വിധത്തില്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തും എന്ന് ഐസിപി അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ചിലര്‍ ഇനിയും രാജ്യത്ത് നിന്നും പുറത്ത് കടക്കാനുണ്ട്. ഇത്തരക്കാര്‍ ഒക്ടോബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് രാജ്യത്ത് നിന്നും പുറത്ത് കടക്കണം എന്നും ഐസിപി ആവശ്യപ്പെട്ടു.