Tuesday, August 11, 2026
Home Blog Page 107

ഹമാസിന് തിരിച്ചടിയായി യഹ്യ സിന്‍വറിന്റെ കൊലപാതകം

0

ഹമാസിന് കനത്ത തിരിച്ചടിയായി യഹ്‌യ സിന്‍വറിന്റെ കൊലപാതകം. ഇത് വലിയ വിജയം ആണെന്നും എന്നാല്‍ യുദ്ധത്തിന്റെ അവസാനം അല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ സാധാരണ പട്രോളിംഗിനിടയില്‍ ആണ് സിന്‍വറിനെ വധിച്ചത് എന്ന് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.

ഇസ്മയില്‍ ഹനിയ്ക്ക് പിന്നാലെ യഹ്യ സിന്‍വറിന്റെയും കൊലപാതകം.2011-ല്‍ ഇസ്രയേല്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത് മുതല്‍ ഹമാസിന്റെ നിര്‍ണ്ണായക ശക്തികേന്ദ്രമായിരുന്നു യഹ്യ സിന്‍വര്‍. പോരാട്ടവിര്യമുള്ള സേനയായി വളര്‍ത്തിയ നേതാവിന്റെ മരണം ഹമാസിന് വലിയ ആഘാതമാണ് സമ്മാനിക്കുന്നത്. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും നേതൃനിരയെ തകര്‍ത്തുകൊണ്ടാണ് ലബനനിലും ഗാസയിലും ഇസ്രയേല്‍ വിജയം നേടുന്നത്.ആയുധങ്ങളും പണവും നല്‍കി ഇരു സംഘടനകളേയും പിന്തുണയ്ക്കും ഇറാനും വന്‍ തിരിച്ചടിയാണ് സിന്‍വറിന്റെ മരണം.യഹ്യ സിന്‍വറിനെ വധിച്ച സൈനികരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അഭിനന്ദിച്ചു.മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും വരെ യുദ്ധം തുടരും എന്നും നെതന്യാഹു പറഞ്ഞു.ഗാസയിലെ റഫായില്‍ വെച്ചാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടത്. സിന്‍വര്‍ വധത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം ഇങ്ങനെയാണ്. തുരങ്കങ്ങള്‍ തകര്‍ത്തും തെരുവുകള്‍ക്കിടയിലെ സഞ്ചാരങ്ങള്‍ തടഞ്ഞും ഹമാസ് നേതാക്കള്‍ക്കായുള്ള തെരച്ചിലില്‍ ആയിരുന്നു സേനാംഗങ്ങള്‍.

ആക്രമിക്കപ്പെടാതിരിക്കാന്‍ ഒളിച്ചിരുന്ന തുരങ്കത്തില്‍ നിന്നും യഹ്യ സിന്‍വറിന് പുറത്ത് കടക്കേണ്ടിവന്നു.അവിടെ നിന്നും ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച സിന്‍വര്‍ പട്രോളിംഗ് നടത്തിയിരുന്ന ഇസ്രയേല്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു.് ടാങ്കുകള്‍ തിരികെ വെടിയുതിര്‍ക്കുകയും സിന്‍വര്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.വധിക്കപ്പെടുന്നതിന് തൊട്ടുമുന്‍പുള്ളത് എന്ന് അവകാശപ്പെട്ട് ഒരു തകര്‍ന്ന കെട്ടിടത്തില്‍ പരുക്കേറ്റ് കസേരയില്‍ ഇരിക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇല്ലാതാകും:കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ദുബൈ വിമാനത്താവളങ്ങള്‍

0

ദുബൈയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ വൈകാതെ ഇല്ലാതാകും എന്ന് ജിഡിആര്‍എഫ്എ. യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്ത് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരികയാണ്. സ്മാര്‍ട്ട് ഗെയ്റ്റുകളും പുതിയ സംവിധാനത്തിന് വഴിമാറും എന്നാണ് ജിഡിആര്‍എഫ്എ വ്യക്തമാക്കുന്നത്.

അതിര്‍ത്തികളില്ലാതെ യാത്ര ചെയ്യുക എന്ന പേരില്‍ ദുബൈ ജിഡിആര്‍എഫ്എ നടപ്പാക്കുന്ന പദ്ധതിയാണ് എമിറേറ്റിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ രീതികളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യകളുടെ കൂട്ടുപിടിച്ചാണ് മാറ്റം സാധ്യമാക്കുന്നത്.വ്യക്തികളുടെ മുഖം സ്‌കാന്‍ ചെയ്ത് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം ഉടന്‍ തന്നെ ദുബൈയിലെ വിമാനത്താവളങ്ങളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു.ഏതെങ്കിലും കൗണ്ടറില്‍ നില്‍ക്കാതെ യാത്രക്കാര്‍ക്ക് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. \

ഏതെങ്കിലും രേഖകള്‍ എവിടെയും കാണിക്കേണ്ടിയും വരില്ല.പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും സ്മാര്‍ട്ട്‌ഗേയ്റ്റുകള്‍ തന്നെയും പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിമാനത്താവളങ്ങളില്‍ ഇല്ലാതാകും എന്നും ജിഡിആര്‍എഫ്എ അധികൃതര്‍ വ്യക്തമാക്കി.പുതിയ ഇമിഗ്രേഷന്‍ സംവിധാനം ആദ്യഘട്ടത്തില്‍ ബിസിനസ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ആയിരിക്കും ആരംഭിക്കുക.ക്രമേണ അത് എല്ലാം ടെര്‍മിനലുകളിലേക്കും എല്ലാം യാത്രക്കാരിലേക്കും വ്യാപിപ്പിക്കും എന്നും ജിഡിആര്‍എഫ്എ അറിയിച്ചു.

ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

0

ഇസ്രയേല്‍ ഇറാന് എതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം മാരകമായിരിക്കും എന്ന് ഇറാന്റെ ഭീഷണി.ഇസ്രയേലിന്റെ ദൗര്‍ബല്യങ്ങള്‍ എന്തെല്ലാം എന്ന് ഇറാന് നന്നായി അറിയാമെന്നും റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി പറഞ്ഞു.ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ നെതന്യാഹു ഭരണകൂടം തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മേധാവി ഹൊസൈന്‍ സലാമി. ഇറാനിലോ രാജ്യത്തിന് പുറത്ത് മേഖലയില്‍ എവിടെയെങ്കിലുമോ ഇറാന്റെ സ്വത്തുക്കള്‍ ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടി വേദനാജനകമായിരിക്കും എന്നാണ് ഹൊസൈന്‍ സലാമിയുടെ ഭീഷണി. കഴിഞ്ഞ മാസം ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.ആര്‍.ജി.സി ജനറലിന്റെ സാംസ്‌കാര ചടങ്ങില്‍ ആണ് മേധാവിയുടെ ഭീഷണിപ്രസംഗം.

അമേരിക്ക നല്‍കിയ അത്യാധുനിക പ്രതിരോധ സംവിധാനത്തിന് പോലും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഐആര്‍ജിസി മേധാവി പറഞ്ഞു.മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തി.സൗദി അറേബ്യ,ഖത്തര്‍,ഇറാഖ്,ലബനന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ആണ് അബ്ബാസ് അരാഖ്ച്ചി ഈജിപ്തില്‍ എത്തിയിരിക്കുന്നത്.അതെസമയം ഗാസയിലും ലബനനിലും ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം ആണ് നടത്തുന്നത്. ഒരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വെടിനിര്‍ത്തിലിന് ഇല്ലെന്നും എന്ന സൂചനകള്‍ കൂടിയാണ് ഇസ്രയേല്‍ ഇതിലൂടെ നല്‍കുന്നത്.

താമസനിയമലംഘനം:നവംബര്‍ ഒന്ന് മുതല്‍ പരിശോധന എന്ന് യുഎഇ

0

നവംബര്‍ ഒന്ന് മുതല്‍ താമസനിയമലംഘകര്‍ക്കായി രാജ്യവ്യാപക പരിശോധന എന്ന് യുഎഇ ഐസിപി.പിടിക്കപ്പെടുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും.പൊതുമാപ്പ് കാലാവധി നീട്ടി നല്‍കില്ലെന്നും യുഎഇ ഐസിപി ആവര്‍ത്തിച്ചു.

പൊതുമാപ്പ് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് നവംബര്‍ ഒന്ന് മുതല്‍ താമസനിയമലംഘകരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധന നടത്തുമെന്ന് യുഎഇ ഐ.സി.പി വ്യക്തമാക്കുന്നത്. വിവിധ വകുപ്പുകളുമായി കൈകോര്‍ത്തായിരിക്കും നവംബര്‍ ഒന്ന് മുതല്‍ പരിശോധന.രാജ്യത്തെ താമസമേഖലകള്‍,വ്യവസായ മേഖലകള്‍,കമ്പനികള്‍ എന്നിവിടങ്ങളില്‍ എല്ലാം പരിശോധന നടക്കും എന്ന് ഐസിപി അറിയിച്ചു.

പിടിക്കപ്പെടുന്നവരെ നാടുകടത്തും എന്ന് മാത്രമല്ല യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയാത്ത വിധം പ്രവേശനം വിലക്കും ഏര്‍പ്പെടുത്തും എന്ന് ഐസിപി അറിയിച്ചു. താമസനിയമലംഘകര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും. രാജ്യത്ത് താമസനിയമലംഘകരായി കഴിയുന്നവര്‍ക്ക് രേഖകള്‍ നിയമപരമാകുന്നത്തിന് ഇനിയും മതിയായ സമയം ഉണ്ടെന്നും ഐസിപി വ്യക്തമാക്കി.

ബെയ്‌റൂത്തില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം:കരയുദ്ധം വ്യാപിപ്പിക്കുന്നതിനും തയ്യാറെടുപ്പ്‌

0

അമേരിക്കയുടെ എതിര്‍പ്പ് തള്ളി ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ലബനനില്‍ കരയുദ്ധം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നതിന് ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക രംഗത്ത് എത്തിയിരുന്നു.ബെയ്‌റൂത്തില്‍ ആക്രമണം നടത്തരുതെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.എന്നാല്‍ ഇതിന് വഴങ്ങാതെ ബെയ്‌റൂത്തില്‍ ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. പ്രാദേശികസമയം ഏഴ് മണിയോട് കൂടിയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഇസ്രയേല്‍ സൈന്യം ഒഴിഞ്ഞുപോകലിന് നിര്‍ദ്ദേശം നല്‍കി ഒരു മണിക്കൂറിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ പത്തിന് ബെയ്‌റൂത്തിലെ ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേരാണ് കൊല്ലപ്പെട്ടത്. മുന്നറിയിപ്പ് പോലും നല്‍കാതെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.ഈ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ ഇന്ന് നടന്ന ആക്രമണം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയത് ആണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു.

ലബനനില്‍ കരയുദ്ധം വ്യാപിപ്പിക്കുന്നതിന് ഇസ്രയേല്‍ നീക്കം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലബനന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്കും സിറിയന്‍ അതിര്‍ത്തിയിലേക്കും സൈനിക നീക്കം നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ലബനനിലെ മാനുഷികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും എന്നാണ് ആശങ്ക.നിലവില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആണ് ലബനനില്‍ തെരുവുകളില്‍ കഴിയുന്നത്.

സ്‌കൂള്‍ ബാഗിന് അധികഭാരം വേണ്ട: നിര്‍ദ്ദേശവുമായി അബുദബി

0

അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഭാരത്തിന്റെ പരിധി പരിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ക്ക് അനുസൃതമായി ഭാരവും നിശ്ചയിച്ചു. 2026 ഫെബ്രുവരി മുതല്‍ സ്‌കൂളുകളില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് അബുദബി വിദ്യാഭ്യസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം ശരീര ഭാരത്തിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ മാത്രമേ പാടുള്ളു എന്നാണ് അഡെകിന്റെ പുതിയ നിര്‍്‌ദ്ദേശം.ഒരോ വിദ്യാര്‍ത്ഥിയുടെയും ആരോഗ്യം, ശാരീരിക സ്ഥിതി എന്നിവ പരിഗണിച്ചാണ് ഭാരത്തിന്റെ പരിധി നിശ്ചയിക്കേണ്ടത് എന്നും അബുദബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കെജി വണ്‍ മുതല്‍ ഗ്രേഡ് വണ്‍ വരെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം പരമാവധി രണ്ട് കിലോഗ്രാമായിരിക്കണം . ഗ്രേഡ് ടു മുതല്‍ ഗ്രേഡ് ഫോര്‍ വരെ മൂന്ന് മുതല്‍ നാലര കിലോ വരെയാണ് പരമാവധി ഭാരം. ഗ്രേഡ് ഫൈവ് മുതല്‍ ഗ്രേഡ് 8 വരെ ആറ് മുതല്‍ എട്ട് കിലോഗ്രാം വരെയാണ് സ്‌കൂള്‍ ബാഗുകളുടെ ഭാരം അനുവദിക്കുക. ഗ്രേഡ് 9 മുതല്‍ ഗ്രേഡ് 12 വരെ പത്ത് കിലോഗ്രാം വരെയാണ് അനുവദിക്കുക.

അമേരിക്കന്‍ കൈറോപ്രാക്റ്റിക് അസോസിയേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഓരോ ഗ്രേഡുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത്തിന്റെ അളവ് നിശ്ചയിച്ചത്. 2026 ഫെബ്രുവരിയില്‍ സ്‌കൂളുകളില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് അബുദബി വിദ്യാഭ്യസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഛിന്നഗ്രഹ പര്യവേഷണ പേടകം യുഎഇ നിര്‍മ്മിക്കുക തദ്ദേശീയമായി

0


ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പര്യവേഷണ പേടകം യുഎഇ നിര്‍മ്മിക്കുക തദ്ദേശിയമായെന്ന് ബഹിരാകാശ ഏജന്‍സി. പേകടത്തിന്റെ നിര്‍മ്മാണം ഇമാറാത്തി എഞ്ചിനിയര്‍മാര്‍ വൈകാതെ ആരംഭിക്കും.ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് യുഎഇയുടെ ചിന്നഗ്രഹ പര്യവേഷണ ദൗത്യം.എംബിആര്‍ എക്‌സ്‌പ്ലോറര്‍ എന്ന് പേരിട്ടിരിക്കുന്ന 2300 കിലോഗ്രാം ഭാരം വരുന്ന പര്യവേഷണ പേടകം ആണ് ഇമാറാത്തി എഞ്ചിനിയര്‍മാര്‍ നിര്‍മ്മിക്കുക. പേകടത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. ചൊവ്വയിലേക്ക് അയച്ച പേകടത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ സങ്കീര്‍ണ്ണമാണ് ഛിന്നഗ്രഹ പര്യവേഷണത്തിന്റേത് എന്ന് യുഎഇ ബഹിരാകശ ഏജന്‍സിയിലെ എഞ്ചിനിയര്‍മാര്‍ വ്യക്തമാക്കുന്നു.

ചൊവ്വയേയും കടന്ന് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട പേടകം ആണ് നിര്‍മ്മിക്കേണ്ടത്.സൂരന്റെ കൂടുതല്‍ സമീപത്തേക്കാണ് പേകടത്തിന് സഞ്ചരിക്കേണ്ടത്.ഭൂമിയില്‍ നിന്നുള്ള ഇടപെടല്‍ ഇല്ലാതെ സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കും എംബിആര്‍ എക്‌സ്‌പ്ലോറര്‍ എന്നും എഞ്ചിനിയര്‍മാര്‍ വ്യക്തമാക്കി.അമേരിക്കയിലെ അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ഇറ്റാലിയന്‍ സ്‌പേസ് എജന്‍സിയും പേടകനിര്‍മ്മാണത്തില്‍ യുഎഇയുമായി സഹകരിക്കുന്നുണ്ട്.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ചിന്നഗ്രഹവലയങ്ങളെക്കുറിച്ച് ആണ് യുഎഇ പഠിക്കുക.

ആറ് ചിന്നഗ്രഹങ്ങളുടെ സമീപത്ത് എത്തുന്ന പേടകം ഏഴാമത്തെ ചിന്നഗ്രഹത്തില്‍ ഇറക്കുന്നതിന് ആണ് യുഎഇയുടെ പദ്ധതി.ഇത് 2035-ല്‍ സാധ്യമാക്കുന്നതിന് ആണ് തീരുമാനം.2028-ല്‍ എംബിആര്‍ എക്‌സ്‌പ്ലോററിന്റെ വിക്ഷേപണം നടത്തുന്നതിന് ആണ് യുഎഇ ബഹിരാകശ ഏജന്‍സിയുടെ തീരുമാനം

തെക്കന്‍ ലബനനില്‍ നിന്നും യുനിഫില്ലിനെ പിന്‍വലിക്കില്ലെന്ന് ഐക്യരാഷ്ട്രസഭ

0

തെക്കന്‍ ലബനിനല്‍ നിന്നും യു.എന്‍ സമാധാന സേനയെ പിന്‍വലിക്കണം എന്ന ഇസ്രയേലിന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ. യുനിഫില്‍ സേന നിലവിലുള്ള പ്രദേശത്ത് തന്നെ തുടരും എന്ന് യു.എന്‍ വ്യക്തമാക്കി. ലബനനിലെ യുനിഫില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടനത്തിയ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി അപലപിച്ചു.

നഗരഗ്രാമ വ്യത്യാസമില്ലാതെ ലബനനെ വന്‍സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുകയാണ് ഇസ്രയേല്‍ സൈന്യം.ഗാസയിലേതിന് സമാനമായി തകര്‍ക്കപ്പെട്ട കെട്ടിട കാഴാച്ചകളായി മാറിയിരിക്കുകയാണ് പല നഗരഭാഗങ്ങളും.കഴിഞ്ഞ മൂന്നാഴ്ച്ചക്കിടയില്‍ മാത്രം ലബനനില്‍ നാല് ലക്ഷത്തിലിധികം കുട്ടികള്‍ അഭയാര്‍ത്ഥികളായെന്നാണ് കണക്ക്. ഇതിനിടയില്‍ ആണ് ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് എതിരെയും ഇസ്രയേല്‍ തിരിഞ്ഞിരിക്കുന്നത്.തെക്കന്‍ ലബനനില്‍ നിന്നും യൂനിഫില്ലിനെ പൂര്‍ണ്ണമായും പിന്‍വലിക്കണം എന്നാണ് ഇസ്രയേലിന്റെ ആവശ്യം.എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളുകയാണ് ഐക്യരാഷ്ട്രസഭ.സാമാധാന സേനാംഗങ്ങള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരും എന്ന് യുനിഫില്‍ മേധാവി ജീന്‍ ലാക്രോയിക്‌സ് പറഞ്ഞു.

തെക്കന്‍ ലബനനിലെ യുനിഫില്‍ താവളങ്ങള്‍ ഹിസ്ബുള്ളയ്ക്ക് കവചം ഒരുക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആരോപിച്ചത്. തെക്കന്‍ ലബനനില്‍ സമാധാന സേനാംഗങ്ങളെ ലക്ഷ്യമിടുന്ന ഇസ്രയേല്‍ നടപടിയില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കടുത്ത ആശങ്കയും രേഖപ്പെടുത്തി.യുനിഫില്‍ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി 2006-ലെ യുഎന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് യുനിഫിലിനെ നിയോഗിച്ചത്. ഇസ്രയേല്‍ ലബനിനല്‍ കരയുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപതിലധികം തവണയാണ് യുനിഫില്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്

താമസനിയമലംഘകരുടെ മക്കളുടെ സ്‌പോസണ്‍സര്‍ഷിപ്പ് ഭാര്യയുടെ പേരിലേക്ക് മാറ്റം

0

യുഎഇയില്‍ വീസ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതില്‍ പുതിയ നയം പുറപ്പെടുവിച്ച് ഫെഡറല്‍ അതോരിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി. കുടുംബനാഥന്‍ വീസ നിയമം ലംഘിച്ചാല്‍ ജോലിയുള്ള ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. നിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഐസിപി അറിയിച്ചു.

കുടുംബനാഥന്‍ യുഎഇ വീസ നിയമം ലംഘനം നടത്തിയാല്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ അനുമതി നല്‍കിയതായി ഐസിപി അറിയിച്ചു. പൊതുമാപ്പ് തീരാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് സുപ്രധാന വീസാ നിയമഭേദഗതി ഐസിപി പ്രഖ്യാപിച്ചത്. വിവിധ നിയമലംഘനങ്ങളില്‍പെട്ട് വീസ പുതുക്കാന്‍ സാധിക്കാതെ യുഎഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാന്‍ പുതിയ നിയമഭേദഗതിയിലൂടെ സാധിക്കും. നിയമലംഘകരായ കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്.

കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയില്‍ തുടരുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കില്‍ കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കില്ല. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും പൊതുമാപ്പ് തിയതി നീട്ടില്ലെന്നും ഐസിപി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകള്‍ക്ക് കൈരേഖ സാങ്കേതികവിദ്യയുമായി യുഎഇ ഐസിപി

0

സാമ്പത്തിക ഇടപാടുകള്‍ക്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം കൈരേഖ ഉപയോഗിക്കുന്ന രീതി വൈകാതെ യുഎഇയില്‍ പ്രാബല്യത്തിലാകും. യുഎഇ ഐസിപിയും സെന്‍ട്രല്‍ ബാങ്കും ചേര്‍ന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.മെട്രോ യാത്രയ്ക്കും കൈരേഖ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയും.

ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സില്‍ ആണ് യുഎഇ ഐ.സി.പി കൈരേഖ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതോടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ ഇല്ലാതെ പണം ഇടപാടുകള്‍.മധ്യപൂര്‍വ്വദേശത്ത് ഈ സാങ്കേതിക നടപ്പാക്കുന്ന ആദ്യ രാജ്യമാകുന്നതിന് ആണ് യുഎഇ ഒരുങ്ങുന്നത്.പുതിയ സാങ്കേതികവിദ്യ നിലവില്‍ പരീക്ഷണ-വികസന ഘട്ടങ്ങളിലാണ്.ഓരോ വ്യക്തിയുടെയും കൈരേഖ തീര്‍ത്തും വ്യത്യസ്ഥമായിരിക്കും എന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍.

ഐസിപിക്ക് നല്‍കുന്ന ബയോമെട്രിക് ആണ് കൈരേഖ സാങ്കേതിക വിദ്യയ്ക്കായി ഉപയോഗിക്കുക.യുഎഇ സെന്‍ട്രല്‍ ബാങ്കുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ എടിഎമ്മില്‍ പണം എടുക്കുന്നതിന് പോലും കൈരേഖ ഉപയോഗിച്ചാല്‍ മതിയാകും. പരീക്ഷണഘട്ടവും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതോട് കൂടി പുതിയ സാങ്കേതിക വിദ്യ യുഎഇയില്‍ പ്രാബല്യത്തില്‍ വരും എന്നും ഐസിപി അറിയിച്ചു.