Tuesday, August 11, 2026
Home Blog Page 103

ഷാര്‍ജ പുസ്തമേള:മലയാളത്തില്‍ നിന്നും ഇത്തവണയും എഴുത്തുകാരുടെ നീണ്ട നിര

0

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇത്തവണയും മലയാളത്തില്‍ നിന്നുള്ള
എഴുത്തുകാരുടെ നീണ്ട നിര. റഫീഖ് അഹമ്മദും വിനോയ് തോമസും അടക്കമുള്ള
എഴുത്തുകാരാണ് ഇത്തവണ എത്തുന്നത്.നംവബര്‍ ആറിന് ആണ് പുസ്തകോത്സവത്തിന്റെ
പുതിയ പതിപ്പിന് തുടക്കമാവുക.

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്,കവി പിപി രാമചന്ദ്രന്‍,വിനോയ് തോമസ്,
അഖില്‍ പി ധര്‍മ്മജന്‍,അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ
നാല്‍പ്പത്തിമൂന്നാം പതിപ്പില്‍ വായനാക്കാരുമായി സംവദിക്കും.നവംബര്‍ പതിനാറ് ശനിയാഴ്ച
വൈകിട്ട് ആറര മുതല്‍ എട്ട് മണിവരെ കോണ്‍ഫ്രറന്‍സ് ഹാളിലാണ് റഫീഖ് അഹമ്മദും
പിപി രാമചന്ദ്രനും പങ്കെടുക്കുന്ന കാവ്യസന്ധ്യ.നവംബര്‍ പതിനഞ്ചിന് രാത്രി എട്ട് മുതല്‍ ഒന്‍പതര വരെയാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍
പങ്കെടുക്കുന്ന പരിപാടി.

നവംബര്‍ 10 ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് വായനക്കാരുമായി സംവദിക്കും.നവംബര്‍ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ്
പങ്കെടുക്കുന്ന പരിപാടിയും നടക്കും.രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.നവംബര്‍ ആറ് മുതല്‍ പതിനേഴ് വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകമേള.രണ്ടായിരത്തഞ്ചൂറിലധികം പ്രസാധകരാണ് ഇത്തവണ ളേയ്ക്ക് എത്തുന്നത്.

പുതിയ റെക്കോര്‍ഡ് കുറിച്ച് യുഎഇയില്‍ സ്വര്‍ണ്ണവില

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 310 കടന്നു.ആഗോളതലത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

311 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് വര്‍ദ്ധിച്ചത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 336 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു.301 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.അമേരിക്കന്‍ പ്രസിഡന്റും തെരഞ്ഞെടുപ്പും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കും എന്ന സൂചനകളും ആണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 2782 ഡോളര്‍ വരെ ഇന്ന് വര്‍ദ്ധിച്ചിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ രാജ്യാന്തര വിപിണിയില്‍ സ്വര്‍ണ്ണവില 2800 ഡോളറിന് മുകളിലേക്ക് കുതിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇറാന്‍ ഇനി ആക്രമിച്ചാല്‍ പ്രത്യാക്രമണം മാരകമായിരിക്കുമെന്ന് ഇസ്രയേല്‍

0

ഇറാന്‍ ഇനി ഇസ്രയേലില്‍ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം അതിരൂക്ഷമായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി.കഴിഞ്ഞ തവണത്തേത് പോലെ ആയിരിക്കില്ല ആക്രമണം എന്നും ഇസ്രയേല്‍ സൈനിക മേധാവി ഇറാന് മുന്നറിയിപ്പ് നല്‍കി. അതെസമയം ഗാസയിലും ലബനനിലും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.

ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച തെറ്റ് ഇനിയും ഇറാന്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കല്‍ കൂടി തങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടിവരും എന്നാണ് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ തവണ ആക്രമിക്കാതെ വിട്ട സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കും എന്നും ഇസ്രയേല്‍ സൈനിക മേധാവി പറഞ്ഞു. ഇറാനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പങ്കെടുത്ത സൈനികരോടാണ് ഹെര്‍സി ഹലേവിയുടെ പ്രസ്താവന.ഒക്ടോബര്‍ ഇരുപത്തിയാറിന് ആണ് ഇറാനില്‍ ഇസ്രയേല്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് എതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.ഇതിനിടെ ഗാസയില്‍ അതിതീവ്രമായ ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്.

വടക്കന്‍ ഗാസയില്‍ ഒരു നാലുനില കെട്ടത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ തൊണ്ണൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആഗോളശ്രദ്ധ ലബനന്‍ യുദ്ധത്തിലേക്ക് തിരിച്ചഞ്ഞതോടെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ അതിരൂക്ഷമായ ആക്രമണം ആണ് കഴിഞ്ഞ മുന്ന് ആഴ്ച്ചകളായി നടത്തിവരുന്നത്.ബെയ്ത്ത് ലെഹിയയില്‍ ആണ് തീവ്രമായ ആക്രമണം നടക്കുന്നത്. ഇവിടെ ആകെ 120 പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍

0

കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ വീണ്ടും ഒന്നാമത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് കുവൈത്തിലെ പ്രവാസികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ജൂണ്‍ വരെ 5,37,430 ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമേയുള്ള കണക്കുകളാണിത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്. 4,47,000 പേരാണ് രാജ്യത്ത് തൊഴില്‍ മേഖലയിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ആകെ 16,89,000 പ്രവാസികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 20.4 ശതമാനം പ്രവാസികളാണുള്ളത്. അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 4.4 ശതമാനം മാത്രമാണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണയില്‍ വര്‍ദ്ധിച്ചു വരുന്ന ലഭ്യത കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയില്‍ അനധികൃത താമസക്കാര്‍ക്ക് തൊഴില്‍ നല്‍കിയാല്‍ 10 ലക്ഷം പിഴ

0

അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം പിഴയെന്ന് യുഎഇ ഐ.സി.പി.നവംബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപക പരിശോധനയുണ്ടാകും.രണ്ട് മാസം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് നാളെ അവസാനിക്കും.

നവംബര്‍ ഒന്ന് മുതല്‍ കമ്പനികളില്‍ പരിശോധന പുനരാരംഭിക്കും എന്നാണ് യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കുന്നത്.താമസനിയമലംഘകരെ പിടികൂടുന്നതിനായി രാജ്യവ്യാപക പരിശോധനയുണ്ടാകും.അനധികൃത താമസക്കാരെ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴശിക്ഷയെന്നും ഐസിപി അറിയിച്ചു.താമസനിയമലംഘകരെ പിടികൂടി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.രാജ്യത്ത് ഇനിയും താമസനിയമലംഘകരായി കഴിയുന്നവര്‍ പൊതുമാപ്പ് അവസാനിക്കും മുന്‍പ് രേഖകള്‍ നിയമപരമാക്കുകയോ രാജ്യത്ത് നിന്നും പുറത്ത് കടക്കുകയോ വേണം എന്ന് ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

ജോലി ലഭിക്കാത്തതിന്റെ പേരില്‍ രേഖകള്‍ നിയമപരമാക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്നും പുറത്ത് പോകണം എന്ന് ജിഡിആര്‍എഫ്എ കസ്റ്റമര്‍ ഹാപ്പിനെസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സലേം എം ബിന്‍ അലി പറഞ്ഞു.ഇത്തരക്കാര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരികെ എത്തുന്നതിന് തടസ്സങ്ങള്‍ ഇല്ല

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം

0

ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലുകള്‍ക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം. മൂന്ന് കപ്പലുകള്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആണ് ആക്രമിച്ചത് എന്നാണ് ഹുത്തികളുടെ അവകാശവാദം.ലൈബിരിയയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കപ്പലുകള്‍ ആക്രമിച്ചുവെന്നാണ് ഹുത്തികളുടെ പ്രസ്താവന.ഒമാനിലെ സലാലയില്‍ നിന്നും ഇന്ത്യന്‍ തീരത്തേക്ക് സഞ്ചരിച്ചിരുന്ന മേസ്‌ക്കിന്റെ കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടതില്‍ ഒന്ന്.

സീഷെല്‍സില്‍ നിന്നും സലാലയിലേക്ക് സഞ്ചരിച്ച എസ്.സി മൊണ്ടേരിയല്‍ എന്ന കപ്പലും സൂയസ് കനാലില്‍ നിന്നും ഷാങ്ഹായിലേക്ക് സഞ്ചരിച്ച മറ്റൊരു കപ്പലും ആക്രമിക്കപ്പെട്ടു.ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. യെമന്റെ തെക്കന്‍പടിഞ്ഞാറന്‍ തീരത്തുകൂടി സഞ്ചരിച്ച ഒരു ചരക്ക് കപ്പലിന് സമീപത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ബ്രിട്ടിഷ് സമൂദ്രസുരക്ഷ ഏജന്‍സി പറയുന്നുണ്ട്.ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതെന്നും ഗാസ ലബനന്‍ യുദ്ധങ്ങള്‍ അവസാനിക്കും വരെ ഇത് തുടരുമെന്നും ഹൂത്തികള്‍ അറിയിച്ചു.

ഇസ്രയേല്‍ തുറമുഖങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളോ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആണ് ആക്രമിക്കുന്നതെന്നും ഹൂത്തികള്‍ അവകാശപ്പെടുന്നുണ്ട്. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കത്തെ ബാധിച്ചിട്ടുണ്ട്. ചെങ്കടലും സൂയസ് കനാലും ഒഴിവാക്കിയാണ് പല ചരക്ക് കപ്പലുകളും സഞ്ചരിക്കുന്നത്.

ദുബൈയില്‍ പതിനെട്ട് മാസം താമസ വാടക മാറ്റമില്ലാതെ തുടരും

0

ദുബൈയില്‍ അടുത്ത ഒന്നര വര്‍ഷത്തിന് ശേഷം താമസ വാടക നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട്. അടുത്ത പതിനെട്ട് മാസം താമസ വാടക മാറ്റമില്ലാതെ തുടരും. വാടക വര്‍ദ്ധന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി വഴി ഓണ്‍ലൈനായി അറിയാന്‍ സാധിക്കും.

നിലവില്‍ വാടകയില്‍ വലിയ വദ്ധനവുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷം ലഭ്യത കൂടുന്നതനുസരിച്ച് വാടക കുറഞ്ഞേക്കുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ താമസകെട്ടിടങ്ങളുടെ ആവശ്യകതയും വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് നിലവില്‍ ശക്തകമായ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2022 – 2023 വര്‍ഷത്തില്‍ ബുക്ക് ചെയ്ത പ്രോപ്പര്‍ട്ടികള്‍ ഒന്നരവര്‍ഷത്തിനകം കൈമാറ്റം ചെയ്യപ്പെടും. 2025 – 2026 കാലയളവില്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് ഏകദേശം 1,82,000 വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കോവിഡിന് ശേഷം ദുബൈയില്‍ ലാന്‍ഡ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായി താമസകെട്ടിടങ്ങളുടെ ആവശ്യകത തുടരും. ഇതോടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അതിവേഗം വളരുകയാണെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നത്. ലഭ്യത കൂടുന്നതോടെ നിരക്ക് വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.

യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍

0

ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രയേല്‍.ഗാസയിലും വെസ്റ്റ് ബാങ്കിലും യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് നിരോധനം കാരണമാകും എന്നാണ് ആശങ്ക.ഇസ്രയേല്‍ തീരുമാനം പിന്‍വലിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ആണ് യു.എന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ട് ബില്ലുകള്‍ പാസാക്കിയത്. ഹമാസും യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയും തമ്മില്‍ ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.ഇസ്രയേലിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജന്‍സി ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധപ്പെടുന്നതിനും നിരോധനം ഉണ്ട്.കിഴക്കന്‍ ജറുസ്സലേമിലെ ഏജന്‍സിയുടെ ആസ്ഥാന മന്ദിരം അടച്ചുപൂട്ടും.ഏജന്‍സി ജീവനക്കാര്‍ക്ക് ഇസ്രയേലില്‍ നിന്നും നിയമപരമായ ഒരു സഹായവും ലഭിക്കില്ല.

ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സഹായങ്ങള്‍ നല്‍കുന്ന യു.എന്‍ ഏജന്‍സിയാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. നിരോധനം ഇസ്രയേലില്‍ ആണെങ്കിലും ഗാസയിലെ പ്രവര്‍ത്തനവും തടസ്സപ്പെടുന്നതിന് അത് കാരണമാകും.യുദ്ധം അഭയാര്‍ത്ഥികളാക്കിയ പതിനായിരങ്ങള്‍ പട്ടിണിയിലാകുന്നതിനും നിരോധനം കാരണമാകും.ഏജന്‍സിയുടെ വെസ്റ്റ് ബാങ്കിലേയും പ്രവര്‍ത്തനങ്ങള്‍ പരിമിതമാകും.നിരോധനം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം എന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ഏകീകൃത ജിസിസി വീസ ഈ വര്‍ഷം അവസാനം

0

ഏകീകൃത ജിസിസി വീസയുടെ അന്തിമരൂപം ഈ വര്‍ഷം തന്നെ പുറത്തിറക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി.ഗള്‍ഫ് മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഏകികൃത വീസ വഴിതുറക്കും എന്നാണ് പ്രതീക്ഷയെന്നും ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു.

ഒറ്റവീസയില്‍ യുഎഇയും സൗദി അറേബ്യയും അടക്കം ആറ് ഗള്‍ഫ് രാഷ്ട്രങ്ങളും സഞ്ചരിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിനുള്ള അന്തിമഘട്ട നടപടിക്രമങ്ങളിലാണ് ജിസിസി. വീസയുടെ അന്തിമ രൂപം ഈ വര്‍ഷം അവസാനത്തോടെയാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബദാവി പറഞ്ഞു. വാഷിങ്ടണ്ണില്‍ രാജ്യാന്തര നാണയ നിധിയുടെ വാര്‍ഷിക യോഗത്തില്‍ ആണ് ജിസിസി സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനം.ഏകികൃത വീസ പ്രാബല്യത്തില്‍ വരുന്ന തീയതിയും വൈകാതെ പ്രഖ്യാപിക്കും.

ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത വീസയാണ് ജിസിസി നടപ്പക്കാന്‍ ഒരുങ്ങുന്നത്.വീസയുടെ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ജിസിസി രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രാലയങ്ങള്‍. ജിസിസിയുടെ വിനോദസഞ്ചാരരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ജിസിസി വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ ആണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീംകൗണ്‍സില്‍ ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.

ഗാസയില്‍ വെടിനിര്‍ത്തലിന് ശ്രമങ്ങളുമായി മധ്യസ്ഥ രാജ്യങ്ങള്‍

0

ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി.പകരമായി ഹമാസ് ബന്ദികളാക്കി നാല് ഇസ്രയേല്‍ സ്വദേശികളെ വിട്ടയക്കും.ഖത്തര്‍ തലസ്ഥാനമായ ദോഹയിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു.

സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസത്തെ ഹ്രസ്വവെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മുന്നോട്ട് വെച്ചിരിക്കുന്നത്. ഹ്രസ്വകാലവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് പത്ത് ദിവസങ്ങള്‍ക്കുളളില്‍ സ്ഥിതിരമായ വെടിനിര്‍ത്തിലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം എന്നും അല്‍സിസി ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനാണ് ശ്രമം എന്നും ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ അല്‍സീസിയുടെ നിര്‍ദ്ദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല.ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാതെ ഗാസയില്‍ നിന്നും പുറത്തുപോകില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഹമാസും നിലപാട് സ്വീകരിക്കുമ്പോള്‍ അല്‍സീസിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല.അതെസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനാരരംഭിച്ചിട്ടുണ്ട്.അമേരിക്കയില്‍ നിന്നും സിഐഎ തലവനും ഇസ്രയേല്‍ പക്ഷത്ത് നിന്നും മൊസാദിന്റെ മേധാവിയും ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹമാസിന്റെ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല.ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് അമേരിക്കയും ഖത്തറും നടത്തുന്നത്.