സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ ഇടിവ്. ദുബൈയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 10 ദിര്‍ഹമാണ് ഇന്‌ന് ഇടിഞ്ഞത്.
വില കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ കുറഞ്ഞത്. 24, 22 കാരറ്റ് സ്വര്‍ണങ്ങള്‍ക്ക് ഗ്രാമിന് പത്ത് ദിര്‍ഹമാണ് ഇന്ന് കുറഞ്ഞത്. റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് വില ഉയര്‍ന്നശേഷമാണ് ഇ ഇടിവ്. ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണത്തിന്റെ വില ഇടിയാന്‍ വഴിവെച്ചത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി. ഞായറാഴ്ച്ച ഗ്രാമിന് 623.25 ദിര്‍ഹം വിലയുണ്ടായിരുന്ന 24 ക്യാരറ്റ് സ്വര്‍ണം ഇന്ന് വ്യാപാരം ആരംഭിച്ചത് 613.25 ദിര്‍ഹത്തിലാണ്. 22 ക്യാരറ്റാകട്ടെ 577.25 ല്‍ നിന്ന് താഴ്ന്ന് 567.75 ദിര്‍ഹത്തിലും. ഫെബ്രുവരിയില്‍ ഗ്രാമിന് 600 ദിര്‍ഹം കടന്ന 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില മാര്‍ച്ച് മാസത്തില്‍ 641 വരെ ഉയര്‍ന്നിരുന്നു. അതിനുശേഷമുണ്ടായ ഈ ഇടിവ് സ്‌വര്‍ണം വന്‍തോതില്‍ ആളുകള്‍ വിറ്റഴിച്ചതിന്റെ കൂടി ഫലമാണ്.
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധന: സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് യുഎഇ
യുദ്ധസമയത്ത് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ച കമ്പനികള്‍ക്ക് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രാലയം പിഴ ചുമത്തി. 449 കമ്പനികള്‍ക്കാണ് മന്ത്രി നേരിട്ട് നടത്തിയ റെയ്ഡിനൊടുവില്‍ പിഴ ചുമത്തിയത്.
റമദാന്‍ കാലത്തിന് പുറമെ നിലവിലെ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കരുതെന്ന് നേരത്തെ തന്നെ യുഎഇ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് അവഗണിച്ചും പല സ്ഥാപനങ്ങളും സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതോടെയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഉന്നത സമിതി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി നേരിട്ട് നടത്തിയ പരിശോധനയിലാണ് വിവിധ കമ്പനികള്‍ സാധനങ്ങളുടെ വിലകൂട്ടി വില്‍്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഏകദേശം 4,468 പരിശോധനകള്‍ നടത്തിയതായും ഇതില്‍ 554 ലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഫലമായി, വ്യാപാരികള്‍, വിതരണക്കാര്‍, വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കി, 176,000 ദിര്‍ഹം മൂല്യമുള്ള സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു. സാമ്പത്തിക മന്ത്രാലയം വിതരണക്കാരിലെയും ചില്ലറ വില്‍പ്പന ശാലകളിലെയും ദൈനംദിന സ്റ്റോക്ക് നില നിരീക്ഷിക്കുകയും ഓരോ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും പര്യാപ്തതയുടെ അളവ് സമഗ്രമായി വിശകലനം ചെയ്യുകയും ചെയ്തു.
ഈദുല്‍ ഫിത്തര്‍ മാര്‍ച്ച് 20 ന് ആയേക്കുമെന്ന് പ്രവചനം
ഈദുല്‍ ഫിത്തര്‍ 20 ന് ആയേക്കുമെന്ന് സൂചന. യുഎഇ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ ആണ് ഇക്കാര്യം പ്രവചിച്ചത്.
ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഈ മാസം 20ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് വിദഗ്ധരുടെ പ്രവചനം. ശാസ്ത്രീയ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കി ഈ മാസം 19ന് അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ച് 18 ന് സൂര്യന് മുമ്പേ ചന്ദ്രന്‍ അസ്ഥമിക്കുന്നതിനാല്‍ മാസപിറവി ദൃശ്യമാവില്ല. ഇതോടെ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് 20ന് യുഎഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. 19ന് പുലര്‍ച്ചെ 4.24ഓടെയാണ് അമാവാസി സംഭവിക്കുന്നത്. അന്ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രപ്പിറവി ദര്‍ശിക്കുന്നത് യുഎഇയില്‍ വളരെ പ്രയാസകരമായിരിക്കും. ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാലും ഈ പ്രദേശത്ത് ചന്ദ്രപ്പിറവി കാണുക എന്നത് അതീവ ദുഷ്‌കരമായ സാഹചര്യമാണെന്ന് വിദഗ്ധര്‍ അറിയിച്ചു.അതേസമയം, ഭൂമിശാസ്ത്രപരമായി കൂടുതല്‍ പടിഞ്ഞാറുള്ള മറ്റ് അറബ്, ഇസ്‌ലാമിക രാജ്യങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കാണാന്‍ അനുകൂലമായ സാഹചര്യമുണ്ടായേക്കാം. ഇത്തരം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് യുഎഇയിലും മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും 20ന് പെരുന്നാള്‍ ആയിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലസ്‌കോപ്പുകള്‍ കൊണ്ടോ കൃത്യമായി ചന്ദ്രപ്പിറവി കാണുന്നതിനെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ മാര്‍ച്ച് 21നാകും പെരുന്നാള്‍ ആഘോഷിക്കുക. ഔദ്യോഗികമായി ചന്ദ്രപ്പിറവി നിരീക്ഷണ സമിതിയുടെ പ്രഖ്യാപനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
ക്രൂഡ് ഓയില്‍ : ബാരലിന് 100 ഡോളര്‍ കടന്നു
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടന്നു. 2022 ന് ശേഷം ഇതാദ്യമായാണ് എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടക്കുന്നത്.
മേഖലയിലെ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം പ്രധാന പശ്ചിമേഷ്യന്‍ ഉല്‍പാദകര്‍ ഉല്‍പാദനം കുറച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഏഷ്യന്‍ വ്യാപാരത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിനു മുകളില്‍ ഉയര്‍ന്നു.
ഇറാനെതിരായ യുഎസ ്ഇസ്രായേല്‍ യുദ്ധം രൂക്ഷമാകുന്നതോടെ വിതരണ ആശങ്കകള്‍ക്കിടയിലും യുഎസ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 20 ശതമാനത്തിലധികം ഉയര്‍ന്ന് 111.24 ഡോളറിലെത്തി, ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 18.35 ഡോളര്‍ വരെ ഉയര്‍ന്ന് 111.04 ഡോളറിലെത്തി. 2022 ല്‍ ഉക്രെയ്‌നില്‍ റഷ്യന്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷമാണ് അവസാനമായി എണ്ണവില ബാരലിന് 100 ഡോളര്‍ കവിഞ്ഞത്. കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയില്‍ ഏകദേശം 35 ശതമാനം ഉയര്‍ന്നു, 1983 ന് ശേഷമുള്ള ഫ്യൂച്ചര്‍ വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തിയിരുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അഞ്ചാമത്തെ വലിയ എണ്ണ ഉല്‍പാദകനായ കുവൈറ്റ്, ‘ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ കടന്നുപോകുന്നതിനുള്ള ഇറാനിയന്‍ ഭീഷണികള്‍’ കാരണം ശനിയാഴ്ച എണ്ണ ഉല്‍പാദനത്തിലും ശുദ്ധീകരണശാല ഉല്‍പാദനത്തിലും മുന്‍കരുതല്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്നെ ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ ഇറാഖിലെ ഉത്പാദനം കുറയുകയും ചെയ്തു. തെക്കന്‍ ഇറാനിലെ മൂന്ന് പ്രധാന എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനവും 70 ശതമാനം കുറഞ്ഞ് പ്രതിദിനം 1.3 ദശലക്ഷം ബാരലായി.
പശ്ചിമേഷ്യന്‍ യുദ്ധം : അവസാനിപ്പിക്കാന്‍ റഷ്യയുടെ പ്രമേയം
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി പ്രമേയവുമായി റഷ്യ. യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ അവതരിപ്പിക്കാനായാണ് റഷ്യ പ്രമേയം തയ്യാറാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധം പത്ത് ദിവസം പിന്നിട്ടതോടെയാണ് യുദ്ധം അവസാനിപ്പിക്കാനായി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. മേഖലയിലെ സംഘര്‍ഷത്തില്‍ സാധാരണക്കാരടക്കമുള്ളവര്‍ കൊല്ലപ്പെടുകയും വ്യാപകനാശം വരികയും ചെയ്ത സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണം. സധാരണക്കാര്‍ക്കെതിരെ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ തന്നെ അപലപിക്കുന്ന പ്രമേയം പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുടേയും സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ കക്ഷികളും എത്രയും വേഗം യുദ്ധമവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങണമെന്നും റഷ്യ തയ്യാറാക്കുന്ന പ്രമേയം ആവശ്യപ്പെടുന്നു.
ഇറാന്‍ അമേരിക്ക നിര്‍ണായക ചര്‍ച്ച നടന്നു
മസ്‌കത്തില്‍ ഇറാന്‍ അമേരിക്ക നിര്‍ണായക ചര്‍ച്ച ഇന്ന് നടന്നു .മസ്‌കത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വൈറ്റ് ഹൗസ് ഉപദേശകന്‍ ജറദ് കുഷ്‌നര്‍ എന്നിവരും പങ്കെടുത്തു.ജൂണില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതിനുശേഷം ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ആദ്യത്തെ നയതന്ത്ര ഇടപെടലാണ് ഈ ചര്‍ച്ചകള്‍.ഇറാന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി നയിക്കുന്നു, യുഎസ് പക്ഷത്തെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നയിക്കുന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും ,ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍മാറുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറക്കുക എന്നിങ്ങനെയുള്ള ഉപാധികളാണ് അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കുക, നിലവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തല്‍ക്കാലം മറ്റൊരു രാജ്യത്തേക്ക് കൈമാറുക എന്നീ ഫോര്‍മുലകളാണ് മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ 3 രാജ്യങ്ങളാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. കൃത്യമായ ഉപാധികള്‍ ഇറാനും മുന്നോട്ട് വെച്ചിട്ടുണ്ട്. സൈനിക മുന്നൊരുക്കങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച ഉപരോധം ഇല്ലാതാക്കുക എന്നതാണ് ഇറാന്‍ മുന്നോട്ട് വെച്ച ഉപാധികള്‍.തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കുന്നുള്ളൂവെന്ന് ഇറാന്‍ പറഞ്ഞു.എന്നിരുന്നാലും, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്ന വിശാലമായ ഒരു അജണ്ട ആഗ്രഹിക്കുന്നതായി അമേരിക്ക സൂചന നല്‍കിയിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി
വെള്ളത്തിന് മുകളിലൂടെ പറക്കണോ?അബുദാബി സീഗ്ലൈഡറുകള്‍ പുറത്തിറക്കുന്നു
എമിറേറ്റ് മുഴുവന്‍ വേഗത്തിലുള്ള യാത്രയ്ക്കായി അബുദാബി സീഗ്ലൈഡറുകള്‍ പുറത്തിറക്കുന്നു.2028 ഓടെ എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കും.പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിവേഗ, സീറോ എമിഷന്‍ കപ്പലുകള്‍ സമുദ്രോപരിതലത്തിന് തൊട്ടുമുകളിലൂടെയാണ് പ്രവര്‍ത്തിക്കുക . ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും.അബുദാബിയിലെ തീരദേശ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി സാംസ്‌കാരിക, ടൂറിസം വകുപ്പ് അബുദാബി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ , വെര്‍സ അഡ്വാന്‍സ്ഡ് മാരിടൈം സര്‍വീസസ് എന്നിവ തമ്മില്‍ കരാര്‍ ഒപ്പുവച്ചു.2028 ഓടെ എമിറേറ്റിലുടനീളം നൂതനമായ സീഗ്ലൈഡര്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. പ്രാരംഭഘട്ടത്തില്‍ പദ്ധതികള്‍ അബുദാബി സിറ്റിക്കും അല്‍ ദഫ്ര മേഖലയ്ക്കും ഇടയിലുള്ള റൂട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക പിന്നീട് യുഎഇയിലുടനീളം ഇത് വ്യാപിപ്പിക്കും. യുഎഇയിലെ ആദ്യത്തെ സീഗ്ലൈഡര്‍ ഓപ്പറേറ്ററായ വെര്‍സ 2022 മുതല്‍ ഈ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.കര, വായു, കടല്‍ എന്നിവയിലുടനീളം സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി വ്യാപിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് കരാര്‍ എന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗ്‌ഫെലി കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന്, സമുദ്രഗതാഗതത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്ന നൂതനവും മലിനീകരണം കുറവുമായിരിക്കും ഇത്ന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ടിമോര്‍ലെസ്റ്റെ പ്രസിഡന്റ്
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നൊബേല്‍ ജേതാവ് കൂടിയായ ടിമോര്‍ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ട.ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിനിടെ രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ആഗോള സമാധാനത്തിനും മാനുഷിക സേവനങ്ങള്‍ക്കും യുഎഇ നല്‍കുന്ന സമാനതകളില്ലാത്ത സംഭാവനകളെ മുന്‍നിര്‍ത്തി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നൊബേല്‍ ജേതാവ് കൂടിയായ ടിമോര്‍ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ട പറഞ്ഞു. യുഎഇയുടെ മാനുഷികവും നയതന്ത്രപരവുമായ നീക്കങ്ങള്‍ പലപ്പോഴും ആഗോളതലത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് റാമോസ്‌ഹോര്‍ട്ട വ്യക്തമാക്കി. എറിത്രിയഎത്യോപ്യ തര്‍ക്കപരിഹാരവും, അടുത്തിടെ നടന്ന റഷ്യയുക്രെയ്ന്‍ ചര്‍ച്ചകളും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനുമായി യുഎഇ നല്‍കുന്ന സഹായം ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും, തന്റെ പേര് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം സമാധാന ദൗത്യങ്ങള്‍ നടത്തുന്നുണ്ടെന്നും ഹോര്‍ട്ട പറഞ്ഞു. ഗസയിലെ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി വേളയിലുള്ള സഹായങ്ങള്‍ തുടങ്ങി ലോകമെമ്പാടുമുള്ള യുഎഇയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്റാസല്‍ഖൈമ പോലീസ്
വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റാസല്‍ഖൈമ പോലീസ്. വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്നിട്ടുള്ള സന്ദേശങ്ങള്‍ ആധികാരികത ഉള്ളതാണോ എന്ന് വാഹനമോടിക്കുന്നവര്‍ എപ്പോഴും പരിശോധിക്കണം.അജ്ഞാത ലിങ്കുകളിലോ അറ്റാച്ചുമെന്റുകളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ലൈസന്‍സുള്ള കമ്പനികളോ, അംഗീകരിച്ച ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴിയോ മാത്രം പണമടയ്ക്കണമെന്നും സംശയാസ്പദമായ ഓഫറുകള്‍ കമ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റാസല്‍ഖൈമ പോലീസ് അഭ്യര്‍ത്ഥിച്ചു.ഇതിനകം തന്നെ അബുദാബിയുടെ ഡാര്‍ബ് ടോള്‍ ഫീസ് അടയ്ക്കാനുണ്ടെന്ന് അവകാശപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ നിരവധി യുഎഇ നിവാസികള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .് സന്ദേശങ്ങളില്‍ സാധാരണയായി കാണുന്ന തരത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു ലിങ്ക് ഉണ്ടായിരിക്കും.ഈ ലിങ്ക് ക്ലിക് ചെയ്താല്‍ ഉടന്‍ വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ നഷടപ്പെടാന്‍ കാരണമാകുന്നു.ടോള്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണയായി ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി കുടിശ്ശിക പേയ്‌മെന്റുകള്‍ ശേഖരിക്കാറില്ലെന്നും ഉപഭോക്താക്കളെ ഉടനടി നടപടിയെടുക്കാന്‍ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കാറില്ലെന്നും അധികൃതര്‍ അറിയിച്ചു
ദുബൈയില്‍ ‘പോഡ് ടാക്‌സികള്‍’ വരുന്നു
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡ്രൈവറില്ലാ പോഡ് ടാക്‌സികള്‍ അവതരിപ്പിച്ച് ദുബൈ ആര്‍.ടി.എ. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ‘റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി’ എന്ന പദ്ധതിയുടെ ആദ്യ മാതൃക അവതരിപ്പിച്ചത്. ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്കുകളിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറു വാഹനങ്ങളാണ് ഇലക്ട്രിക് പോഡുകള്‍. ഒറ്റ ചാര്‍ജിങ്ങില്‍ 250 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള പോഡുകളില്‍ പരമാവധി 6 പേര്‍ക്ക് യാത്ര ചെയ്യാം.മണിക്കൂറില്‍ 50 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയിലൂടെ ഓരോ മണിക്കൂറിലും ഇരുവശങ്ങളിലേക്കുമായി 10,000ത്തിലധികം യാത്രക്കാരെ വഹിക്കാനാകും. അത്യാധുനിക സെന്‍സറുകള്‍, ടിക്കറ്റ് സ്‌കാനിങ് സൗകര്യം, എന്നിവ വാഹനത്തിനുള്ളിലുണ്ടാകും. ബ്ലൂവാട്ടര്‍ ഐലന്റ്, ഉമ്മു സുഖൈം, അല്‍ ഖൂസ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നീ പ്രധാനപ്പെട്ട 4 മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ ബ്ലൂവാട്ടര്‍ ഐലന്‍ഡ് വരെ 2.8 കി.മീ ദൂരമുള്ളതാണ് ബ്ലൂവാട്ടര്‍ ഐലന്‍ഡ് റൂട്ട്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ മദീനത്ത് ജുമൈറ വരെ 1.9 കി.മീ ദൂരത്തിലുള്ളതാകും ഉമ്മു സുഖൈം റൂട്ട്. അല്‍ ഖൂസ് റൂട്ട് ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍സര്‍ക്കല്‍ അവന്യൂ, ടൈംസ് സെന്റര്‍ സ്‌ക്വയര്‍ വരെ 2.6 കി.മീ ദൂരത്തിലുള്ളതാണ്. ഇവയില്‍ ഏറ്റവും നീളമേറിയ പാതയായ ദുബായ് ഫെസ്റ്റിവല്‍ സിറ്റി റൂട്ട് 7 കി.മീ ദൂരത്തിലായിരിക്കും. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മാണച്ചെലവില്‍ 90 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 70 ശതമാനവും ലാഭിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


