വിവാഹം കഴിക്കണമെങ്കില്‍ വൈദ്യപരിശോധന കര്‍ശനമാക്കി ഒമാന്‍. പുതുവര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാന്‍ സുല്‍ത്താനേറ്റ്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാര്‍ക്കും വിവാഹത്തിന് മുന്‍പ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പര്‍ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കില്‍ വധുവോ വരനോ ഒരാള്‍ വിദേശിയാണെങ്കിലും, വിവാഹ കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കല്‍ പരിശോധന. വിവാഹത്തിന് മുന്‍പ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, പകര്‍ച്ചവ്യാധികള്‍, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിംഗും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്‌കാരം. ഈ തീരുമാനം ജനിതക, പാരമ്പര്യ, പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



