സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 99840 ആണ് ഇന്നത്തെ വില. ഇന്ന് രണ്ട് തവണയാണ് വില ഉയര്‍ന്നത്.
ചരിത്രകുതിപ്പാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. രണ്ട് തവണയായി 1440 രൂപയാണ് പവന് ഇന്ന് കൂടിയത്. രാവിലെ പവന് 800 രൂപ കൂടിയതിന് പിന്നാലെ ഉച്ചക്ക്‌ശേഷം 640 രൂപയും വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണത്തിന്റെ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ചു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ താണ്ടുന്ന കുതിപ്പ് നടത്തിയത്. ഉച്ചകഴിഞ്ഞ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 99,840 രൂപയാണ്. ഡിസംബര്‍ 15 ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നിരുന്നുവെങ്കിലും പിന്നീട് നേരിയ തോതില്‍ സ്വര്‍ണവില ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 880 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ റെക്കോര്‍ഡ് കുതിപ്പ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില കൂടുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നര ലക്ഷത്തിന് അടുത്ത് നല്‍കണം.



