ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഭ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നൽകുമെന്ന് ഒളിംപിക് മെഡൽ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു. പത്മശ്രീ തിരിച്ച് നൽകുമെന്ന് അറിയിച്ച് ബജരംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങൾ നേരിടുന്ന കടുത്ത അനീതി പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷൻ രാഷ്ട്രീയ പിൻബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.
അതിനിടെ, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയതിനെതിരെ വിമർശനം ശക്തമാണ്. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു.