കവിയും ഗാനരചയിതാവും അഭിനേതാവുമായിരുന്ന മുല്ലനേഴി ഓർമ്മയായിട്ട് പന്ത്രണ്ട് വർഷം. ഗൃഹാതുരത്വം നിറഞ്ഞ ഒരുപാട് വരികൾ മലയാളികൾക്ക് സമ്മാനിച്ചാണ് മുല്ലനേഴി യാത്രയായത്. പുതിയ തലമുറ പോലും ഇന്നും ആ പാട്ടുകൾ ആസ്വദിക്കുന്നു.1948 മേയ് 16ന് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്‍റെയും മകനായി ജനനം. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയിൽ അംഗമായിരുന്നു.
പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കടന്നുവന്നത്. 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്ന ഗാനത്തിന്‍റെ രചനയിലൂടെ പ്രശസ്തനായി. 1995-ൽ നാടകത്തിനും 2010-ൽ കവിതക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. 2011 ഒക്ടോബര്‍ 22-ന് തൃശൂരില്‍ വെച്ച് അന്തരിച്ചു.