പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു. അമേരിക്ക സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ ചര്‍ച്ചകള്‍ക്ക് ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ച് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്. പശ്ചിമേഷയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാകുന്ന നിലപാടാണ് ഇറാന് കൈക്കൊള്ളുന്നത്. അമേരിക്കയുമായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് വാഷിങ്ടണ്‍ ഏഴ് നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ പുതിയൊരു ചര്‍ച്ച പരിഗണിക്കൂവെന്ന് ഇറാന് വ്യക്തമാക്കുന്നു.
താല്‍ക്കാലിക കരാറുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കിയ ശേഷം അമേരിക്ക വീണ്ടും സൈനിക നടപടി ആരംഭിക്കുകയോ സമ്മര്‍ദം ശക്തമാക്കുകയോ ചെയ്യുമെന്ന ആശങ്കയും ഇറാന് ഉന്നയിച്ചിട്ടുണ്ട്. നിബന്ധനകള്‍ നടപ്പാക്കുന്നതിനുള്ള ഏഴ് ദിവസത്തെ സമയപരിധി നാലോ അഞ്ചോ ദിവസമായി കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിബന്ധനകള്‍ പാലിക്കപ്പെടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നയതന്ത്ര നീക്കങ്ങള്‍ നിര്‍ണായകമാകുന്നത്.
അതേസമയം മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇറാന് ഉള്‍പ്പെടുന്ന പുതിയ ഗള്‍ഫ് സുരക്ഷാ സംവിധാനത്തിന് ഒമാന്‍ ആഹ്വാനം ചെയ്തു. എട്ട് രാജ്യങ്ങള്‍ക്കിടയില്‍ ആക്രമണരഹിത കരാര്‍ രൂപീകരിക്കണമെന്നാണ് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ നിര്‍ദേശം. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങള്‍ക്കൊപ്പം ഇറാനും ഇറാഖും ഉള്‍പ്പെടുന്ന പ്രാദേശിക സുരക്ഷാ സംവിധാനമാണ് ഒമാന്‍ മുന്നോട്ടുവെക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കായി പുറത്തുനിന്നുള്ള ശക്തികളെ ആശ്രയിക്കുന്നതിന് പകരം പ്രാദേശിക രാജ്യങ്ങള്‍ തന്നെ നേതൃത്വം നല്‍കണമെന്നും ഒമാന്‍ ആവശ്യപ്പെട്ടു.



