ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് യെമനിലെ ഹൂത്തി വിമതര്‍. കടലിന് അടിയില്‍ നിന്നും കപ്പലുകള്‍ ആക്രമിക്കും എന്നും ഹുത്തികള്‍ ഭീഷണി മുഴക്കി. ചെങ്കടലില്‍ ഒരു ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം നടത്തിയെന്നും ഹൂത്തികള്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയായി ചെങ്കടലിലും മറ്റ് സമുദ്രമേഖലകളിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തിപ്പെടുത്തും എന്നാണ് ഹൂത്തി നേതാവ് അബ്ദുള്‍ മാലിക്ക് അല്‍ ഹൂത്തി ഭീഷണി മുഴക്കുന്നത്. ഇതുവരെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ആണ് നടത്തിയത് എങ്കില്‍ ഇനിമുതല്‍ സമുദ്രാന്തര്‍ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകും.
കടലിന് അടിയില്‍ നിന്നും ആക്രമണം നടത്തന്നതിന് എന്ത് തരം ആയുധമാണ് ഉപയോഗിക്കുക എന്ന് ഹുത്തി നേതാവ് വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളും യു.എസ് യു.ക കപ്പലുകളും ചെങ്കടലില്‍ കൂടി സഞ്ചരിക്കുന്നത് വിലക്കിക്കൊണ്ട് ഹൂത്തികള്‍ നോട്ടീസും പുറത്തിറക്കിയിരുന്നു. കപ്പല്‍ കമ്പനികള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ആണ് ഹൂത്തികള്‍ നോട്ടീസ് നല്‍കിയത്. ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെയാണ് ഏറ്റവും ഒടുവില്‍ ഹൂത്തികളുടെ ആക്രമണം ഉണ്ടായത്. ഐസ്‌ലാന്‍ഡര്‍ എന്ന കപ്പലില്‍ ഹൂത്തി മിസൈല്‍ ആക്രമണത്തില്‍ തീപിടുത്തം ഉണ്ടായെന്ന് യു.കെ സമുദ്രസുരക്ഷാ സേന അറിയിച്ചു. രണ്ട് മിസൈലുകള്‍ ആണ് കപ്പലിന് നേരെ എത്തിയത്.
ആക്രമണത്തില്‍ നേരിയ കേടുപാടുകള്‍ സംഭവിച്ച കപ്പല്‍ യാത്ര തുടരുകയാണ്. ചെങ്കടലിന് മുകളില്‍ ഹൂത്തികളുടെ ആറ് ഡ്രോണുകള്‍ തകര്‍ത്തതായി അമേരിക്കന്‍ സഖ്യസേനയും അറിയിച്ചു.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ നാല്‍പ്പകത്തിയെട്ട് കപ്പലുകള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തി എന്നാണ് ഹൂത്തികളുടെ അവകാശവാദം. കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള യു.എസ്-യുകെ സഖ്യം പരാജയപ്പെട്ടിരിക്കുകയാമെന്നും ഹൂത്തികള്‍ ആരോപിച്ചു.