ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും വിധത്തിലുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഹമാസ്.ഗാസ-ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീണ്ടും രംഗത്ത് എത്തി
ഹമാസ് ബന്ദികളാക്കിയ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേലില്‍ വലിയ പ്രതിഷേപ്രകടനങ്ങളാണ് അരങ്ങേറുന്നത്. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് മുമ്പില്‍ അടക്കം പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഗാസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം യുദ്ധം ആരംഭിച്ചതില്‍ രാജ്യാന്തരതലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.ഗാസ യുദ്ധം ആരംഭിച്ചിട്ട് അടുത്ത മാസം ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്യും.ഇത്തര പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളുമായി അമേരിക്ക രംഗത്ത് എത്തുന്നത്.വെടിനിര്‍ത്തലിലേക്ക് എത്തുന്നതില്‍ നിലവില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വെടിനിര്‍ത്തല്‍ നടപ്പാക്കിയാലും ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയില്‍ നിന്നും സൈന്യം പിന്‍മാറില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹൂ ആവര്‍ത്തിക്കുന്നത്. വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതിനായി ഹമാസ് ഫിലാഡെല്‍ഫി ഇടനാഴി ഉപയോഗിക്കും എന്നാണ് നെതന്യാഹുവിന്റെ വാദം.ഫിലാഡെല്‍ഫിയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം ആണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മുന്നോട്ട് പോക്കിനെ ഏറ്റവും പ്രധാനമായി തടസ്സപ്പെടുത്തുന്നത്.ഇതിനൊപ്പം കൂടുതല്‍ വ്യവസ്ഥകള്‍ നെതന്യാഹു മുന്നോട്ട് വെയ്ക്കുന്നുണ്ട്. താത്കാലിക വെടിനിര്‍ത്തലിന് മാത്രമേ ഇസ്രയേല്‍ തയ്യാറാകു.അടുത്ത ഘട്ടത്തില്‍ സ്ഥിര വെടിനിര്‍ത്തലിലേക്ക് എത്തണം എങ്കില്‍ ഗാസയുടെ നിയന്ത്രണം ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ വ്യക്തത വേണം എന്നും നെതന്യാഹു പറയുന്നു.എന്നാല്‍ പുതിയ ഒരു വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലുള്ള ചര്‍ച്ചകള്‍ക്കില്ല എന്നാണ് ഹമാസ് നിലപാട്. നേരത്തെ ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തിയ കരാര്‍ നടപ്പാക്കുകയാണ് വേണ്ടതെന്നാണ് ഇപ്പോഴും ഹമാസിന്റെ നിലപാട്.