ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് തിങ്കളാഴ്ചയോട് കൂടി ധാരണയില്‍ എത്താന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റമദാന്‍ വ്രതാരംഭത്തോട് അനുബന്ധിച്ച് വെടിനിര്‍ത്തലിന് ഇസ്രയേല്‍ ഭരണകൂടം സമ്മതിച്ചെന്നും ബൈഡന്‍ പറഞ്ഞു.ഹമാസും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് പത്തിനോ പതിനൊന്നിനോ റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ താത്കാലികമായി എങ്കിലും നിര്‍ത്തിവെക്കുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ രാജ്യങ്ങള്‍.
കഴിഞ്ഞ ആഴ്ച പാരീസില്‍ നടന്ന യോഗങ്ങളില്‍ അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഖത്തറും ഈജിപതും ചര്‍ച്ചകളില്‍ സജീവ പങ്കാളികളാണ്. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങളില്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതീക്ഷ വെയ്ക്കുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും അടുത്തയാഴ്ച്ചയോട് കൂടി വെനിര്‍ത്തലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ എന്നും ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലില്‍ തടവില്‍ കഴിയുന്ന പലസ്തീനികളുടെ മോചനവും ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കലും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
നാനൂറോളം പലസ്തീന്‍ തടവുകാരെ വിട്ടയക്കുമ്പോള്‍ നാല്‍പത് ബന്ദികളെ ഹമാസും മോചിപ്പിക്കും. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഈ ആഴ്ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടരും.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ദോഹയില്‍ എത്തും.