ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് അഭിമാന നേട്ടം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.
ശ്രീലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ടിതാസ് സധുവാണ് മൂന്ന് വിക്കറ്റുകളുമെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ രാജേശ്വരി ഗയക്വാദ് പുറത്താക്കി.
22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി.