ഇന്ത്യക്കെതിരെ ഹാക്കിങ് ഗ്രൂപ്പുകൾ സൈബർ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റേത് ഉൾപ്പെടെ പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കും എന്നാണ് വിവരം. എല്ലാ സർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സൈബർ സുരക്ഷ വർധിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കർഗ്രൂപ്പുകളിലൊന്നണ് ഇന്ത്യൻ വെബ്സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണത്തിന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കർമാരുടെ പ്രഥമലക്ഷ്യം എന്നാണ് കരുതുന്നത്. കൊറോണയ്ക്ക് ശേഷം ആരോഗ്യ മേഖലയിലെ ഡിപ്പാർട്ട്മെന്റുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഹാക്കിങ് ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് എന്നാണ് വിലയിരുത്തുന്നത്. ഏവരും പാലിക്കേണ്ട സൈബർ ഹൈജീൻ സ്റ്റാൻഡേർഡ് ഒപ്പറേറ്റിങ് പ്രോസീജിയർ ( SoPs) പൂർത്തിയാക്കാനാണ് നിർദ്ദേശം.
പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പാകിസ്ഥാൻ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈബർ ഗ്രൂപ്പുകൾ ഒരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഡിജിറ്റൽശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബർ 11 ന് സംഘടിതമായി ‘സൈബർ പാർട്ടി’ നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 4000 ഓളം അംഗങ്ങൾ ഉള്ള ഹാക്കർമാരുടെ ടെലഗ്രാം ഗ്രൂപ്പിലാണ് കൈമാറിയത്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലോ ഏതെങ്കിലും പ്രത്യേക ജന വിഭാഗങ്ങൾക്ക് എതിരായോ ഒക്കെ മുൻകാലങ്ങളിൽ ഇവർ സൈബർ ആക്രമങ്ങൾ നടത്തിയിട്ടുണ്ട്. 12,000 സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് ഇവർ ഒരു “റെഡ് നോട്ടീസ്” പുറപ്പെടുവിച്ചിരുന്നു. അമേരിക്ക, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ വൻ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരത്തെ നടത്തിയിരുന്നു.