സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യകള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് അതിശക്തമായി തിരിച്ചടി നല്‍കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. അബഹ, ഖമീസ് മുശൈത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ സൗദിയുടെ കടുത്ത മുന്നറിയിപ്പ്.
ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ യാണ് ഹൂതി ആക്രമണം നടത്തിയതെന്ന് സൈനിക സഖ്യം സ്ഥിരീകരിച്ചു. പരുക്കേറ്റ 13 പേരുടെയും നില ഗുരുതരമല്ല. ആക്രമണത്തില്‍ 7 വീടുകള്‍ക്കും 2 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ കേന്ദ്രങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
ഹൂതി ആക്രമണത്തിന് മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൗദി സഖ്യസേന അമ്പതിലേറെ വ്യോമാക്രമണങ്ങള്‍ നടത്തി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ശത്രുതാപരമായ നീക്കങ്ങളെ ചെറുക്കാനും ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്ന് സൗദി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച യെമനിലെ ചെങ്കടല്‍ തീരത്തിന്റെയും ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ഹൂതികള്‍ പിടിച്ചെടുത്തത് യെമന്‍ സര്‍ക്കാര്‍ സേനയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ ചെങ്കടല്‍ മേഖലയിലെ സംഘര്‍ഷം രാജ്യാന്തര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്.



