സൗദി ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും പ്രതിരോധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സേന തകര്‍ത്തതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഖമീസ് മുൈഷത്ത്, അഹദ് അല്‍ റുഫൈദ എന്നീ പ്രദേശങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ വിമാനത്താവള സുരക്ഷയിലും വിമാന സര്‍വീസുകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിമിതമായ രീതിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുന:രാരംഭിച്ചതായി അമേരിക്കന്‍ മിഷന് അറിയിച്ചു. ഒക്ടോബര്‍ 23 മുതല്‍ ആഭ്യന്തര സര്‍വീസുകളും ചില അന്താരാഷ്ട്ര സര്‍വീസുകളുമാണ് പുനരാരംഭിച്ചത്. ജിദ്ദ, ദമ്മാം വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിമാനസര്‍വ്വീസുകളും വൈകുന്നതും റദ്ദാക്കുന്നതും തുടരുകയാണ്. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.



