Thursday, April 25, 2024
HomeSportsടെന്റിൽ ഉറക്കം, ജീവിക്കാൻ പാനിപൂരി കച്ചവടം; മുംബൈയെ വിറപ്പിച്ച നാട്ടുകാരൻ യശസ്വി

ടെന്റിൽ ഉറക്കം, ജീവിക്കാൻ പാനിപൂരി കച്ചവടം; മുംബൈയെ വിറപ്പിച്ച നാട്ടുകാരൻ യശസ്വി

‘‘യശസ്വി ജയ്സ്‍വാൾ പ്രതിഭയുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഫോം അതേപടി ഐപിഎല്ലിലേക്കും കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അത് യശസ്വിക്ക് നല്ലതാണ്. ഇന്ത്യൻ ക്രിക്കറ്റിനും രാജസ്ഥാൻ റോയൽസിനും ഗുണം ചെയ്യും.’’– ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന യുവ ഓപ്പണർ യശസ്വി ജയ്‍സ്‍വാളിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. വാങ്കഡേ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ സാക്ഷിയാക്കി ജയ്‍സ്‍വാൾ നടത്തിയ ബാറ്റിങ് പ്രകടനം കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചറിയെന്ന നേട്ടവുമായാണ് അവസാനിപ്പിച്ചത്. 21 വയസ്സുകാരനായ യുവതാരം 62 പന്തുകളിൽനിന്നു നേടിയത് 124 റൺസ്.

ആദ്യ പന്തുമുതൽ ക്രീസിലുണ്ടായിരുന്ന ജയ്‍സ്‍വാൾ രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോഴാണു പുറത്തായത്. അതിനിടെ ഗാലറിയിലേക്കു സിക്സുകൾ മൂളിപ്പറന്നത് എട്ടുവട്ടം. 16 ഫോറുകൾ ബൗണ്ടറി കടന്നു. ഐപിഎല്ലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ കളിക്കുകയാണെന്നതിന്റെ ഒരു സമ്മർദവും വാങ്കഡേയിൽ രാജസ്ഥാൻ താരത്തിനുണ്ടായിരുന്നില്ല. കാരണം മുംബൈ യശസ്വി ജയ്‍സ്‍‌വാളിന്റെ സ്വന്തം കളിമൈതാനമാണ്.

ഉത്തർപ്രദേശില്‍നിന്ന് ക്രിക്കറ്റിന്റെ സാധ്യതകൾ തേടി 11–ാം വയസ്സിൽ മുംബൈയിലെത്തിയതാണ് യശസ്വിയുടെ ജീവിതംതന്നെ മാറ്റിമറിച്ചത്. രക്ഷിതാക്കളില്ലാതെ ആദ്യമായി മുംബൈയിലെത്തിയപ്പോൾ യശസ്വി ജയ്‍സ്‍വാൾ കിടന്നുറങ്ങിയിരുന്നത് ഒരു ഗോശാലയിലായിരുന്നു. പിന്നീട് അമ്മാവന്റെ വീട്ടിലേക്കു മാറി. അവിടെ സ്ഥലം കുറവാണെന്നു കണ്ടതോടെ മുംബൈയിലെ ആസാദ് മൈതാനത്തിനു സമീപത്തുള്ള ടെന്റിലായിരുന്നു യുവതാരത്തിന്റെ താമസം. മൈതാനത്ത് ക്രിക്കറ്റ് കളിച്ച് ഭക്ഷണത്തിനായി പണം കണ്ടെത്താൻ യശസ്വി ജയ്‍സ്‍വാള്‍ തെരുവിൽ പാനിപൂരി വിറ്റിരുന്നു. ആസാദ് മൈതാനത്തെ ജീവനക്കാർക്കൊപ്പമാണ് കുട്ടിക്കാലത്ത് യശസ്വി ഭക്ഷണം കഴിച്ചിരുന്നത്. ക്രിക്കറ്റ് പരിശീലകനായ ജ്വാല സിങ്ങിനൊപ്പം ചേർന്നതോടെയാണ് യശസ്വിയുടെ കരിയർ മാറിയത്. പരിശീലനത്തോടൊപ്പം യശസ്വിക്ക് താമസിക്കാനുള്ള സൗകര്യവും ജ്വാല സിങ് ഒരുക്കിനൽകി.

സച്ചിനെ സ്റ്റാറാക്കിയ ടൂർണമെന്റിൽ യശസ്വി

ഹാരിസ് ഷീൽഡ് സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുറത്താകാതെ 319 റൺസും 13 വിക്കറ്റും വീഴ്ത്തിയതോടെയാണ് യശസ്വി ജയ്സ്‍വാൾ ആദ്യമായി ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. ഇതേ ടൂർണമെന്റിൽ തിളങ്ങിയ മറ്റൊരാൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി മാറിയിട്ടുണ്ട്, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഹാരിസ് ഷീൽഡില്‍ തിളങ്ങിയതോടെ യശസ്വിക്ക് ക്രിക്കറ്റിൽ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2019ൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ ചേർന്നു. 15 മത്സരങ്ങളില്‍നിന്ന് 1845 റൺസാണു താരം നേടിയത്. ഫസ്റ്റ് ക്ലാസിൽ ഒൻപതു സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളുമുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ‍ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 വയസ്സായിരുന്നു ഡബിൾ സെഞ്ചറിയടിക്കുമ്പോൾ യശസ്വിയുടെ പ്രായം. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ താരം 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലും കളിച്ചു. ലോകകപ്പിലെ പ്ലേയർ ഓഫ് ദ് ടൂർണമെന്റും അണ്ടർ 19 ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററുമായി. ഇന്ത്യ ഫൈനലിൽ ബംഗ്ലദേശിനോടു തോറ്റെങ്കിലും ആറു മത്സരങ്ങളിൽനിന്ന് യശസ്വി 400 റൺസെടുത്തു. ഒരു സെഞ്ചറിയും നാല് അർധ സെഞ്ചറികളും അതിലുൾപ്പെടും.

2019ലെ ഐപിഎൽ താരലേലത്തിൽ 2.4 കോടി രൂപ ചെലവഴിച്ചാണ് യശസ്വിയെ രാജസ്ഥാൻ റോയൽ‌സ് സ്വന്തമാക്കിയത്. ഏതാനും സീസണുകൾക്കു ശേഷം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്‍ലർക്കൊപ്പം രാജസ്ഥാൻ ഓപ്പണിങ്ങിലെ വിശ്വസ്തനായി യശസ്വി ജയ്‌‍സ്‍വാൾ മാറി. ഒൻപതു മത്സരങ്ങളിൽനിന്ന് 428 റൺസുമായി, ഐപിഎൽ റൺവേട്ടക്കാരിൽ ഏറ്റവും മുന്നിലാണ് യശസ്വി ജയ്സ്‍വാൾ ഉള്ളത്. മുംബൈയ്ക്കെതിരായ സെഞ്ചറിയോടെ സൂപ്പർ താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലേസി എന്നിവരെ പിന്തള്ളിയാണ് യശസ്വിയുടെ മുന്നേറ്റം.

ഒരു സെഞ്ചറി, നേട്ടങ്ങൾ പലത്

53 പന്തുകളിൽനിന്നാണ് യശസ്വി ജയ്‍സ്‍വാൾ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ 32 മത്സരത്തിലായിരുന്നു ഇത്. 2023 ഐപിഎല്ലിലെ ഇതുവരെയുള്ളതിൽ ഉയർന്ന വ്യക്തിഗത സ്കോറും ജയ്സ്‌വാളിന്റെ പേരിലായി. ഐപിഎല്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്സ്‍വാൾ. 21 വയസ്സുള്ള ജയ്‍സ്‍വാളിനെക്കാൾ ചെറു പ്രായത്തിൽ സെഞ്ചറി ഉറപ്പിച്ചത് മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments