Saturday, August 8, 2026
Home Blog Page 73

ഇന്ത്യ-പാക്ക് അതിര്‍ത്തി ശാന്തം: പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ

0

ദില്ലി: ഇന്നലെ രാത്രി അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. രാജസ്ഥാന്‍, ജമ്മു, പഞ്ചാബ് അതിര്‍ത്തികളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ-പാക്ക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഫോണില്‍ ചര്‍ച്ച നടത്തി. സംഘര്‍ഷ സാഹചര്യത്തില്‍ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ 14 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ കനത്ത ജാഗ്രത തുടരും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം നേരത്തേ നടത്തിയ ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പഞ്ചാബിന്റെ അതിര്‍ത്തി മേഖലകളില്‍ ജീവിതം സാധാരണനിലയിലേക്കെത്തി. മേഖലകളിലെ മാര്‍ക്കറ്റുകള്‍ തുറന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഫിറോസ്പുര്‍, ഫാസിക, പഠാന്‍കോട്ട്, അമൃത്സര്‍, ടാന്‍ തരണ്‍, ഗുര്‍ദാസ്പുര്‍ ജില്ലകളിലെ സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ മൂന്നു സേനകളും സംയുക്തമായി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഡിജിഎംഒ തല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടേക്കും.

ദുബൈ ഗ്ലോബല്‍ വില്ലേജ്: മെയ് പതിനെട്ട് വരെ പ്രവര്‍ത്തനം നീട്ടി

0

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ ഈ സീസണിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. സന്ദര്‍ശന കേന്ദ്രം മെയ് പതിനെട്ട് വരെ പ്രവര്‍ത്തിക്കും. ആകര്‍ഷകമായ അനുഭവങ്ങളാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ 29-ാമത് സീസണ്‍ ഇന്നലെ അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒരാഴ്ചത്തേയ്ക്ക് കൂടി പ്രവര്‍ത്തനം നീട്ടിയത്. സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫറുകളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. മെയ് പതിനെട്ട് വരെ എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ഓഫര്‍ തുടരും. 50 ദിര്‍ഹത്തിന് കാര്‍ണിവല്‍ റൈഡുകള്‍ ആസ്വദിക്കാം. ഇതിനൊപ്പം വിവിധ ഗെയിമുകളും സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും രുചിവൈവിധ്യങ്ങള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത വാരാന്ത്യത്തില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി വെടിക്കെട്ടും നടത്തും.

കെട്ടിടങ്ങളില്‍ ഡിഷുകള്‍ സ്ഥാപിച്ചാല്‍ പിഴ:അബുദബി മുനിസിപ്പാലിറ്റി

0

അബുദബി: സാറ്റലൈറ്റ് ഡിഷുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. കെട്ടിടങ്ങളുടെ സൗന്ദര്യവും ശുചിത്വും സംരക്ഷിക്കുന്നതിന്റ ഭാഗമായാണ് നിര്‍ദ്ദേശം. അബുദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് നിയമം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നത്. കെട്ടിട ഉടമകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കണം. മേല്‍ക്കൂരകളിലും ബാല്‍ക്കണികളിലും ചുമരുകളിലും തെറ്റായ രീതിയില്‍ ഡിഷുകള്‍ സ്ഥാപിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യം ആയിരം ദിര്‍ഹം പിഴ ഈടാക്കും. സമാനമായ ലംഘനം ആവര്‍ത്തില്‍ പിഴ തുക രണ്ടായിരം ദിര്‍ഹമാക്കി ഉയര്‍ത്തും. ആവര്‍ത്തിച്ചുള്ള നാലായിരം ദിര്‍ഹം പിഴ ചുമത്തും. കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ അനാവശ്യമായ ഫര്‍ണീച്ചറുകള്‍, മറ്റ് അവശിഷ്ടങ്ങള്‍, ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിന് അഞ്ഞൂറ് ദിര്‍ഹം മുതല്‍ രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ വാണിജ്യ മേഖലകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം പരിശോധനകള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

ഭീകരരെ വേട്ടയാടും, സൈന്യത്തിന് അഭിനന്ദവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്‌

0

ദില്ലി: ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നല്‍കി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനില്‍ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്‌നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കി. ലഖ്‌നൗവിലെ പുതിയ ബ്രഹ്മോസ് നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതേസമയം, ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താനിലെ വ്യോമതാവളങ്ങള്‍ തകര്‍ന്നതായി പാക് മാധ്യമങ്ങളും സ്ഥിരീകരിച്ചു. റഹിം യാര്‍ ഖാനിലെ വ്യോമതാവളത്തിന് നേരേ ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്നും കാര്യമായ നാശനഷ്ടമുണ്ടായെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തകര്‍ന്നുകിടക്കുന്ന വ്യോമതാവളത്തിന്റെ ചിത്രങ്ങളും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല: ദൗത്യം തുടരുമെന്ന് ഇന്ത്യന്‍ വ്യോമസേന

0

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തപ്പെട്ടത്. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിവരണം യഥാസമയം നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് IAF അഭ്യര്‍ത്ഥിക്കുന്നു’ വ്യോമസേനയുടെ എക്‌സില്‍ കുറിച്ച വാചകങ്ങളാണിത്. പഹല്‍ഗാം ഭീകരാക്രമണത്തിനു രാജ്യം തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 5 ഭീകരരെ വധിച്ചെന്നു സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ തിരിച്ചടിയില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതില്‍ ഭീകരര്‍ ആരൊക്കെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് മേയ് 7നു പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചത്.

ജെറ്റ് സ്‌കീകളില്‍ പരിശോധന: നിയമലംഘനത്തിന് പിഴ ഈടാക്കി ദുബൈ പൊലീസ്‌

0

ദുബൈ: പ്രവര്‍ത്തന രഹിതമായതും ലൈസന്‍സില്ലാത്തതുമായ ജെറ്റ് സ്‌കീകള്‍ പിടിച്ചെടുത്ത് പൊലീസ്. ജലയാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമലംഘനങ്ങള്‍ക്ക് അയ്യായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. സാരമായ കേടുപാടുകള്‍ സംഭവിച്ചതും അപകടങ്ങളില്‍പ്പെട്ടതുമായ 32 ജെറ്റ് സ്‌കീകളാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. ദുബൈ ഫിഷിംഗ് പോര്‍ട്ട് ത്രീയിലാണ് ജെറ്റ് സ്‌കീ കമ്പനികളില്‍ പരിശോധന നടത്തിയത്. സഹാസിക ജലയാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. ഉപയോഗ ശൂന്യമായ വാഹങ്ങള്‍ പിടിച്ചെടുത്തു. സുരക്ഷാപരമായ ലംഘനങ്ങള്‍ക്ക് 39 ജെറ്റ് സ്‌കീകള്‍ക്കെതിരെ കേസെടുത്തു. ഇലക്ട്രോണിക് രേഖകളിലെ അഭാവവും നടപടിക്രമങ്ങളിലെ വ്യക്തതയില്ലായ്മയും കണ്ടെത്തി. ലൈസന്‍സില്ലാത്ത മറൈന്‍ വാഹനം ഓടിക്കുകയോ എമിറേറ്റില്‍ ജലാശയങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത വാഹനം ഓടിക്കുകയോ ചെയ്താല്‍ അയ്യായിരം ദിര്‍ഹം പിഴ ഈടാക്കും. ലൈസന്‍സ് കലാവധി കഴിഞ്ഞ മറൈന്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ആയിരം ദിര്‍ഹമാണ് പിഴ. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയ്ക്ക് അയ്യായിരം ദിര്‍ഹവും പിഴ ഈടാക്കും. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും പൊലീസ് അറിയിച്ചു.

ദുബൈയുടെ ഏറ്റവും വലിയ റോഡ് വികസനം: അന്‍ ഷിന്ദഗ ഇടനാഴി വികസനം പൂര്‍ത്തിയായി: യാത്രാ സമയം 85 ശതമാനം കുറഞ്ഞു

0

ദുബൈ: ഏറ്റവും പ്രധാന റോഡ് വികസന പദ്ധതിയായ അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂര്‍ത്തിയായി. അവസാനഘട്ടം പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നു നല്‍കി. റോഡ് വികസ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ദുബൈയുടെ ദ്രുതഗതിയിലുള്ള നഗരവികസനത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി. ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മിന സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ പാലം പൂര്‍ത്തിയായതോടെയാണ് അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂര്‍ത്തിയായത്. ഇതോടെ ദുബൈ നഗരത്തിലെ യാത്രാ സമയം 85 ശതമാനം വരെ കുറഞ്ഞതായി ആര്‍ടിഎ അറിയിച്ചു. 18 കിലോ മീറ്റര്‍ ദൂരത്തില്‍ പാലങ്ങളും ടണലുകളും 15 പ്രധാന കവലകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായതോടെ, ഗര്‍ഹൂദ് പാലത്തില്‍ നിന്ന് ഇന്‍ഫിനിറ്റി പാലത്തിലേക്കും വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലേക്കും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതാണ് ഈ ഇടനാഴി. യാത്രാ സമയം 104 മിനിറ്റില്‍ നിന്ന് 16 മിനിറ്റായി കുറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരണം. ദെയ്‌റ, ബര്‍ ദുബൈ, ദുബൈ ഐലന്റ്, ദുബൈ മാരിടൈം സിറ്റി, പോര്‍ട്ട് റാഷിദ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ പത്ത് ലക്ഷത്തിലധികം താമസക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

0

ദില്ലി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം

0

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം. 2,270 കോടി ദിര്‍ഹമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം. മുന്‍ വര്‍ഷത്തേക്കാള്‍ വലിയ വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സര്‍വ്വീസുകളിലെ കൃത്യതയും മികച്ച സേവനവുമാണ് എമിറേറ്റ്‌സിനെ കൂടുതല്‍ ജനപ്രീയമാക്കിയത്. കൂടുതല്‍ യാത്രക്കാരെത്തിയതോടെ എയര്‍ലൈന്റെ വാര്‍ഷിക ലാഭത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,540 കോടി ദിര്‍ഹമാണ് വരുമാനം. ഇതില്‍ നികുതി ഉള്‍പ്പെടെ 2,270 കോടി ദിര്‍ഹം ലാഭം സ്വന്തമാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. വരുമാനത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ആറ് ശതമാനമാണ് വര്‍ദ്ധന. ലാഭത്തില്‍ 18 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. രാജ്യത്ത് നടപ്പിലാക്കിയ കോര്‍പ്പറേറ്റ് ടാക്‌സ് ആദ്യമായി നടപ്പിലാകുന്ന വര്‍ഷമാണിത്. ഒമ്പത് ശതമാനം നികുതി കുറച്ച ശേഷം 2050 കോടി ദിര്‍ഹം ലാഭമാണ് ലഭിച്ചത്. ആഗോള വ്യോമയാന മേഖലയില്‍ പ്രവര്‍ത്തനം വന്‍ വിജയമായതായാണ് ലാഭ നേട്ടം വ്യക്തമാക്കുന്നത്. ദുബൈയുടെ വ്യോമയാന മേഖല ആഗോള തലത്തില്‍ സ്വാധീനുമുള്ള മേഖലയായി മാറുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു. ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതില്‍ എമിറേറ്റ്‌സ് നടത്തുന്ന പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് ലാഭ നേട്ടത്തിനു പിന്നിലെന്ന് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു. 2024 – 2025 സമ്പത്തിക വര്‍ഷം 53.7 ദശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സില്‍ യാത്ര ചെയ്തത്. അടുത്ത വര്‍ഷം 16, എ350 വിമാനങ്ങളും, 4 ബോയിങ് 777 വിമാനങ്ങളുമാണ് എമിറേറ്റ്‌സ് പുതിയതായി വാങ്ങുന്നത്. ഇതോടെ സര്‍വ്വീസുകള്‍ കൂടുതല്‍ വിപുലമാക്കും.

നൂറ് ഭീകരര്‍ കൊല്ലപ്പെട്ടു: പ്രകാപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ: സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

0

ദില്ലി:ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികളും ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ വായിച്ചു. സര്‍വകക്ഷി യോഗത്തിനു തൊട്ടുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തുകൊണ്ടാണ് രണ്ട് സര്‍വകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തില്‍ ഖാര്‍ഗെ ഉന്നയിച്ചു. പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.