കുവൈത്തില്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെ രാജ്യത്ത് കനത്ത മൂടല്‍മഞ്ഞും കാഴ്ചാപരിധി 50 മീറ്ററില്‍ താഴെയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താല്‍ക്കാലികമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. സര്‍വീസുകള്‍ പുനരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍രാജ്ഹി പറഞ്ഞു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് ടീമുകളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടീമുകളും സാഹചര്യം നിരീക്ഷിക്കുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചതായും അല്‍രാജ്ഹി വിശദീകരിച്ചു. വിമാന കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് നിലവില്‍ പതിവ് ഷെഡ്യൂളുകള്‍ അനുസരിച്ചാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അബുദബി അല്‍ ദഫ്ര മണലാരണ്യത്തില്‍
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഡിസം 12 മുതല്‍ അബുദബി അല്‍ ദഫ്ര മണലാരണ്യത്തില്‍ ആരംഭിക്കും. 23 ദിവസം നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിവലില്‍ സംസ്‌ക്കാരിക – വിനോദ പരിപാടികള്‍കൊണ്ട് സമ്പന്നമായിരിക്കും.
മരുഭൂമിയിലെ മഹാവേദി. അതാണ് ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍. യുഎഇയിലെ ഏറ്റവും വലിയ മണല്‍കൂനയായ താല്‍ മൊറീബിന്റെ താഴ്വാരത്തായി ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ മോട്ടോര്‍ സ്‌പോര്‍ട്ട് മുതല്‍ കമ്മ്യൂണിറ്റി ജീവിതം വരെ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. എയര്‍ ഷോ, ഡ്രോണ്‍ പ്രൊജക്ഷന്‍, ഹോട്ട് എയര്‍ ബലൂണ്‍സ്, മരുഭൂമിയിലെ മത്സരയോട്ടങ്ങള്‍, ലൈവ് കണ്‍സര്‍ട്ടുകള്‍, എന്നുവേണ്ട നിരവധി കായിക – വിനോദ പരിപാടികളാണ് ഇത്തവണ പ്രേക്ഷകനെ കാത്തിരിക്കുന്നത്. പരിപാടികള്‍ കണ്ട് രാത്രിമുഴുവന്‍ നക്ഷത്രവും ആസ്വദിച്ച് രാവ് മുഴുവന്‍ മലരാരണ്യത്തില്‍ ടെന്റടിച്ച് കഴിയാനുള്ള അവസരവും കൂടിയാണ് ലിവ് ഫെസ്റ്റിവല്‍. ജനുവരി മൂന്ന് വരെ നടക്കുന്ന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മാംസവിപണന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കി മസ്‌ക്കറ്റ്
കശാപ്പുശാലകളിലും വിപണികളിലും മസ്‌കത്ത് മുനിസിപ്പാലിറ്റി നിരീക്ഷണം ശക്തമാക്കി. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം മാംസം വാങ്ങണമെന്നും പൊതുജനങ്ങളോട് മസ്‌കത്ത് മുനിസിപ്പാലിറ്റി അഭ്യര്‍ഥിച്ചു
കശാപ്പുശാലകള്‍ ആരോഗ്യസുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ പരിശോധനാസംഘങ്ങള്‍ വിപണികളെയും കശാപ്പുശാലകളെയും നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന മാംസ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും പൊതുജനാരോഗ്യഅപകടമുണ്ടാക്കുന്ന സ്ഥിരീകരിക്കാത്തതോ അനുചിതമായി സംഭരിച്ചതോ ആയ മാംസത്തിന്റെ വില്‍പന തടയുന്നതിനും ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു.
വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ട്രംപ്
അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായും ശക്തമായും നിലനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രഖ്യാപനത്തോടെ കുടിയേറ്റ അജണ്ടയില്‍ നിന്നും ട്രംപ് മലക്കംമറിഞ്ഞിരിക്കുകയാണ്.
മാഗ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന സ്വന്തം അജണ്ടയില്‍ന്നാണ് ട്രംപിന്റെ യുടേണ്‍. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖമാണ് ട്രംപ് തന്റെ മുന്‍ നിലമാടില്‍ നിന്നും പിന്നാക്കം പോയത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല-കോളേജ് സംവിധാനങ്ങളെ നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ.. എനിക്കും അത് ചെയ്യാന്‍ താല്‍പ്പര്യമില്ല.” പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുഎന്നും ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തല്‍. അധികാരത്തില്‍ വന്നതിന് ശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും, പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും, അപേക്ഷാ നടപടികളില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
സി സി മുകുന്ദന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
സി സി മുകുന്ദന്‍ എംഎല്‍എയുടെ ജീവചരിത്രം വിശപ്പും വിവേചനവും’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും കേരള വര്‍മ്മ കോളേജ് മുന്‍ പ്രൊഫസറുമായ വിജി തമ്പി, സി സി മുകുന്ദന്‍ എംഎല്‍എ , സോണിയ തമ്പി എന്നിവര്‍ ചേര്‍ന്ന് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ലാല്‍ കച്ചില്ലമാണ് പുസ്തക രചയിതാവ്.
വിദ്യാര്‍ത്ഥി കാലം മുതല്‍ എംഎല്‍എ ആകുന്ന വരെയുള്ള ജീവിത കാലമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങളിലെ രേഖചിത്രങള്‍ വരച്ചത് വിശേശ്വരയ്യ ആര്‍ട്ട്‌സ് & സയന്‍സ് സീനിയര്‍ ആര്‍ട്ടിസ്റ്റ് എസ്.കെ അന്തിക്കാട് ആണ്. ചെറുപ്പക്കാലത്തെ ദരിദ്ര്യമാര്‍ന്ന ജീവിതകാലഘട്ടത്തിന് പുറമെ തൃശൂരിലെയും അന്തിക്കാട്ടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും , കര്‍ഷക – ചെത്ത് തൊഴിലാളികളുടെ ജീവിതവും , സമര പോരാട്ടങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
ചടങ്ങില്‍ യുവസംരഭകന്‍ ബിജു പുളിക്കല്‍ സ്വാഗതം പറഞ്ഞു. പുസ്തകത്തിന്റെ ആമുഖ പ്രസംഗം ഹരിതം ബുക്‌സ് പ്രസാധകന്‍ പ്രതാപന്‍ തായാട്ട് നിര്‍വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ബഷീര്‍ തിക്കൊടി പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങളായ സുധീര്‍ ഇ വൈ , യൂസഫ് സഗീര്‍ , യുവകലാസഹിതി അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് ചിതറ, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച് ഷാനവാസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു..
ആന്തരിക രക്തസ്രാവം – ശ്രേയസ് അയ്യറിനെ ഐസിയുവിലാക്കി
ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സിഡ്നിയിലെ ആശുപത്രിയില്‍ തീവ്രപരിചരത്തില്‍ ആണ് ശ്രേയസ്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു എന്നും ആരോഗ്യം മെച്ചപ്പെട്ടുവരുന്നു എന്നും ബിസിസിഐ വ്യക്തമാക്കി.
ഒക്ടോബര്‍ 25-ന് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യരുടെ ഇടത് വശത്തെ താഴത്തെ വാരിയെല്ലിന് ആഘാതമേറ്റത്.
പരിക്കിനെത്തുടര്‍ന്ന് തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐസിയുവിലാണ്. ഡസ്സിംഗ് റൂമില്‍ വച്ച് ശ്രേസിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍ പരിക്ക് മാരകമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചുരുങ്ങിയത് ഒരാഴ്ച്ച എങ്കിലും ശ്രേയസിന് ആശുപത്രിയില്‍ കഴിയേണ്ടി വരും. സ്‌കാനിങ്ങില്‍ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. സിഡ്നിയിലേയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് ഉടന്‍ തന്നെ സുഖം പ്രാപിച്ച് മത്സരത്തിലേക്ക് തിരിച്ചുവരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നവംബര്‍ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം
ഇന്ന് തുലാം പത്ത്.വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം.വടക്കന്‍ കേരളത്തിന്റെ നാട്ടിടവഴികള്‍ ഇനിയുള്ള 8 മാസക്കാലം ചായില്യചോപ്പിനാല്‍ ചുവന്ന്, വെള്ളോട്ട് ചിലമ്പൊച്ചയാല്‍ ശബ്ദമുഖരിതമാകും.
സൂര്യന്‍ അതിന്റെ പൂര്‍ണ്ണ ശോഭയോടെ ഭൂമിയില്‍ പതിക്കുന്ന ദിനമത്രെ ഇത്.. വടക്കന്‍ കേരളത്തിന് പ്രത്യേകിച്ചും ഉത്തര മലബാറിന് ഇത് പത്താമുദയമാണ്.. തങ്ങളുടെ എല്ലാ സങ്കടങ്ങള്‍ക്കും ഒരു നുള്ള് മഞ്ഞള്‍ക്കുറിയില്‍ സാന്ത്വനം പകരുന്ന സ്വന്തം തെയ്യങ്ങള്‍ ഒരിടവേളക്ക് ശേഷം മണ്ണിലേക്കിറങ്ങുന്ന പുണ്യദിനം. ഇടവപ്പാതിയുടെയും കള്ളക്കര്‍ക്കിടകത്തിന്റെയും കാറും കോളു മടങ്ങി മാനം തെളിയുമ്പോള്‍ ഓരോ ഉത്തര മലബാറുകാരന്റെയും മനസ്സും പ്രകാശ പൂരിതമാകും.തുലാം ഒന്നിന് തന്നെ തെയ്യാട്ടങ്ങള്‍ ആരംഭിക്കുമെങ്കിലും കളിയാട്ടക്കാലം സജിവമാകുന്നത് തുലാപത്ത് അഥവ പത്താതയോടെയാണ്.വടക്കന്‍ കേരളത്തിന്റെ നാട്ടിടവഴികള്‍ ഇനിയുള്ള 8 മാസക്കാലം ചായില്യചോപ്പിനാല്‍ ചുവന്ന്, വെള്ളോട്ട് ചിലമ്പൊച്ചയാല്‍ ശബ്ദമുഖരിതമാകും. രാവെന്നൊ പകലെന്നോ വ്യത്യാമില്ലാ എരിയുന്ന ഓലച്ചൂട്ടില്‍ ഇക്കഴിഞ്ഞ അഞ്ചു മാസക്കാലത്തോളം മനസിലടക്കിപ്പിടിച്ച അവന്റെ എല്ലാ സങ്കടങ്ങളും എരിഞ്ഞു തീരും. ചെണ്ടയുടെ രൗദ്രതാളത്തില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ അവര്‍ എല്ലാം മറക്കും.ഏഴിമലയോളം മേലേക്കും ഏഴുകോലാഴം താഴേക്കും പടര്‍ന്നുകിടക്കുന്ന നാട്ടരയാലുകളുടെ വേരുകള്‍ തോറ്റംപാട്ടുകളുടെ വിത്തുകളെ വീണ്ടും തട്ടിയുണര്‍ത്തിത്തുടങ്ങിയിരിക്കുന്നു.ഒരോ കളിയാട്ടക്കാലവും വടക്കന് അവനവനെ തന്നെയുള്ള വീണ്ടെടുപ്പ് കൂടിയാണ്.. ദിന രാത്രങ്ങളോ.. ദേശാന്തരങ്ങളോ വ്യതിയാനമില്ലാത്ത കൂടിച്ചേരലുകളിലൂടെ.. പങ്കുവെക്കുന്ന പഴങ്കഥകളിലൂടെ.. കൈമാറുന്ന പുഞ്ചിരിയിലൂടെ.. ഒക്കെയുള്ള വീണ്ടെടുപ്പ്.
ഭാവി തലമുറകള്‍ക്കായി ദുബൈയുടെ പൈതൃക സംരക്ഷണ പദ്ധതി
ദുബൈയുടെ ചരിത്രവും പൈതൃകവും ഭാവി തലമുറകള്‍ക്കായി ലക്ഷ്യമിട്ടുള്ള പുതിയൊരു പൈതൃക സംരംഭത്തിന് തുടക്കമായി. അല്‍ മക്തും സര്‍ക്യൂട്ട് എന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ആണ് പ്രഖ്യാപിച്ചത്.
ദുബൈ നഗരത്തിന്റെ ശ്രദ്ധേയമായ യാത്ര, അതിന്റെ നാഴികകല്ലുകള്‍, നേതൃത്വം , മേഖലയുടെ വളര്‍ച്ചയ്ക്ക് ദുബൈ വഹിച്ച പങ്ക് എന്നിവ എടുത്തുകാണിക്കുന്നതാണ് പുതിയ പദ്ധതി. ചരിത്രവും പൈതൃകവും ഭാവി തലമുറയ്ക്കായി കരുതിവെക്കുകയെന്നത് കൂടിയാണ് പൈതൃക പദ്ധതിയുടെ പിന്നിലെ ലക്ഷ്യം. ചരിത്രം സംരക്ഷിക്കുക, ഒര്‍മകള്‍ ദൃഢമാക്കുക, ദുബൈയുടെ വികസന യാത്രയുടെ പൂര്‍ണമായ കഥ ഭവി തലമുറകള്‍ക്കും ലോകത്തിനും പകര്‍്ന്ന് കൊടുക്കുക എന്നത് ഇതിന്റെ ഉദ്ദേശലക്ഷ്യമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല് മക്തും പറഞ്ഞു. ദുബൈയുടെ പൈതൃകം സംരക്ഷിക്കുക, അത് ആര്‍ക്കൈവ് ചെയ്യുക, പങ്കുവെക്കുക എന്നതിന് അടിസ്ഥാനപ്പെടുത്തിയാണ് അല്‍ മക്തും സര്‍ക്യൂട്ട് ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ എക്‌സിക്യൂട്ടീവ് ഓഫീസുമായി അഫിലിയേററ് ചെയ്തിട്ടുള്ള അല്‍ മക്തും ആര്‍ക്കെവ്‌സ് കോര്‍പറേഷനാണ് സംരംഭത്തിന് മേല്‍നോട്ടം വരൃഹിക്കുന്നത്.
ഒരുമയുടെ ആഘോഷം – ഈദ് അല്‍ ഇത്തിഹാദ്
ഡിസംബര്‍ 2,
യുഎഇ യ്ക്ക് അത് അഭിമാന ദിനമാണ്.
അന്നാണ് യുഎഇയുടെ ദേശിയ ദിനം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ദിനത്തെ അങ്ങനെയല്ല വിശേഷിപ്പിക്കുന്നത്.
ഈദ് അല്‍ ഇത്തിഹാദ് എന്നാണ്,
എന്താണ് ഈദ് അല്‍ ഇത്തിഹാദ്, എന്താണ് ഈ പേര് മാറ്റത്തിന് പിന്നിലെ കഥ.
സത്യത്തില്‍ പേരൊന്നും മാറ്റിയതല്ല. ഈദ് അല്‍ ഇത്തിഹാദ് എന്നായിരുന്നു ദേശിയ ദിനത്തെ പണ്ട് വിശേഷിപ്പിച്ചിരുന്നത്. അതായത് രാജ്യത്തിന്റെ സ്ഥാപക നേതാക്കള്‍ അടക്കമുള്ളവര്‍ അങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീടത് കാലക്രമേണ ദേശിയ ദിനം എന്നായിമാറി.
എന്താണ് ഈദ് അല്‍ ഇത്തിഹാദിന്റെ അര്‍ത്ഥം എന്നറിയാമോ.
ഐക്യത്തിന്റെ ആഘോഷം എന്നാണ് ഈദ് അല്‍ ഇത്തിഹാദിന്റെ അര്‍ത്ഥം.
കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന് മുന്നോടിയായി ഈ പദം പുനരുജ്ജീവിപ്പിച്ചു. രാജ്യത്തിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി വീണ്ടും ഉറപ്പിക്കുകയും എമിറേറ്റുകളുടെ ഐക്യത്തെ ആഘോഷത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കുകയും ചെയ്തു. ഒരു പുതിയ പേരായിട്ടല്ല, മറിച്ച് ഐക്യത്തിന്റെയും സ്വത്വത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ തലക്കെട്ടിലേക്കുള്ള തിരിച്ചുവരവായിട്ടാണ് ആഘോഷിക്കപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത് രാഷ്ട്ര സ്ഥാപകര്‍ ഈ ദിവസത്തെ വിശേഷിപ്പിച്ചിരുന്ന ആധികാരിക അറബി നാമത്തിലേക്കുള്ള തിരിച്ചുവരവാണ്.
ഈദ് അല്‍ ഇത്തിഹാദ് വെറുമൊരു പേരുമാറ്റമല്ല; അതൊരു സന്ദേശമാണ്.
‘സ്ഥാപിതമായതുമുതല്‍ യുഎഇയെ രൂപപ്പെടുത്തിയ ഒരുമയുടെ ആത്മാവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ‘യൂണിയന്റെ ആഘോഷം’ എന്ന അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതിലൂടെ, ഐക്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗം മാത്രമല്ല, നമ്മുടെ പുരോഗതിയുടെ പിന്നിലെ പ്രേരകശക്തിയുമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു
ട്രംപും ഖത്തര്‍ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച
ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തി. ആസിയന്‍ കരാറില്‍ പങ്കെടുക്കാനായി മലേഷ്യയിലേക്ക് പോകുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച്ച.
ആസിയാന്‍ കരാറില് പങ്കെടുക്കാനായി ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി,
പ്രധാനമന്ത്രി മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഒദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഖത്തറിലെ അമേരിക്കയുടെ സൈനിക എയര്‍ ബേസ് ആയ അല്‍ ഉദൈദില്‍ ഇന്ധനം നിറയ്ക്കാനായി വിമാനം ലാന്റ് ചെയ്തപ്പോഴായിരുന്നു ഖത്തര്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച.
ഇതിലൂടെ കടന്നുപോകുമ്പോള്‍ ട്രംപിനെ അഭിവാദ്യം ചെയ്യാതെ തനിക്ക് പറഞ്ഞുവിടാനാവില്ലെന്ന്തിനാലാണഅ താന്‍ നേരിട്ട് വന്നതെന്ന് അമീര്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഖത്തര്‍ വഹിച്ച പങ്കിനെ ട്രംപ് പ്രശംസിച്ചു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് നിര്‍ണായകമായ മാധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് ഖത്തറായിരുന്നു. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിലും മാധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് ഖത്തറായിരുന്നു.


