സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അബുദബി. സ്വദേശികളില്ലാത്ത പക്ഷം മാത്രമേ വിദേശികള്‍ക്ക് ജോലി ലഭ്യമാകൂ. സര്‍ക്കാര്‍ ജോലിക്കുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണെന്നും എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.ഗവണ്‍മെന്റ് ജോലിയിലലെ പുതിയ നിയമനത്തിലും പ്രമോഷനിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അബുദാബി. സ്വദേശികള്‍ക്കാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രഥമ പരിഗണന. സ്വദേശികളില്ലാത്ത പക്ഷം മാത്രം വകുപ്പിന്റെ അനുമതിയോടെ വിദേശികളെ പരിഗണിക്കും. യോഗ്യരായ സ്വദേശി പ്രതിഭകളെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപാട്ട്‌മെന്റ് വിശദീകരിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരാകരുതെന്നും മുന്‍പ് കോടതി ഉത്തരവ് വഴിയോ അച്ചടക്ക നടപടി വഴിയോ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടവരാകരുതെന്നും നിബന്ധനയുണ്ട്. ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം. അംഗീകൃത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ജോലിക്ക് ആവശ്യമായ മുന്‍പരിചയം വേണംമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മികച്ച പ്രകടനം, സര്‍വീസിലെ സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രമോഷന്‍. ഒരു വര്‍ഷത്തില്‍ ഒന്നിലധികം പ്രമോഷന്‍ അനുവദിക്കില്ലെന്നും അബുദബി എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
യാത്രക്ക് ചെലവേറും,അബുദാബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ വരുന്നു
അബുദാബിയില്‍ പുതിയ ദര്‍ബ് ടോള്‍ ഗേറ്റുകള്‍ മെയ് നാലു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.പുതിയ ഗേറ്റുകള്‍ വരുന്നതോടെ ദുബായ് അതിര്‍ത്തി കടന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് യാത്രയുടെ തുടക്കത്തില്‍ തന്നെ ടോള്‍ നല്‍കേണ്ടി വരും. അബുദാബിയുടെ റോഡ് ടോള്‍ സംവിധാനമായ ദര്‍ബ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഘന്തൂത്തിലും അല്‍ ഖുര്‍മിലും പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗേറ്റിലൂടെ കടന്നു പോകാന്‍ ഓരോ തവണയും നാലു ദിര്‍ഹമാണ് നിരക്ക്. അബുദാബി നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായ പ്രധാന പാലങ്ങളില്‍ മാത്രമായിരുന്നു മുമ്പ് ടോള്‍ ഉണ്ടായിരുന്നത്. ഗതാഗതം സുഗമമാക്കാനും തിരക്ക് കുറക്കാനുമാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗത്തിലുള്ളവര്‍, കുറഞ്ഞ വരുമാനക്കാരായ പൗരന്‍മാര്‍, വിരമിച്ച പൗരന്‍മാര്‍ എന്നിവര്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല. നിലവില്‍ അല്‍ മഖ്ത പാലത്തിന് സമീപമുള്ള അല്‍ മഖ്ത ടോള്‍ ഗേറ്റ്. മുസഫ പാലത്തിന് സമീപമുള്ള ഗേറ്റ് റബ്ദാന്‍ ടോള്‍ ഗേറ്റ്, ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള സാസ് അല്‍ നഖ്ല്‍ ടോള്‍ ഗേറ്റ്. ഷെയ്ഖ് ഖലീഫ പാലത്തിന് സമീപമുള്ള അല്‍ സാദിയാത്ത് ടോള്‍ ഗേറ്റ് എന്നിവയാണ് നിലവിലുള്ള ടോള്‍ ഗേറ്റുകള്‍. ഇവിടെ തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ ഏഴു മുതല്‍ 9 വരയെും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് ടോളുകള്‍ ഈടാക്കുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബുര്‍ജ് അല്‍ അറബ് അടയ്ക്കുന്നു
ദുബായുടെ അടയാളമായ ആഡംബര ഹോട്ടല്‍ ബുര്‍ജ് അല്‍ അറബ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നുവെന്നാണ് ഓപ്പറേറ്ററായ ജുമൈറ അറിയിച്ചത്. 18 മാസമാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക നിലവിലെ ഭംഗി നിലനിര്‍ത്തി ഇന്റീരിയറില്‍ പുതുമ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. പാരീസ് ആസ്ഥാനമായുള്ള ഇന്റീരിയര്‍ ആര്‍ക്കിടെക്റ്റ് ട്രിസ്റ്റന്‍ ഓവര്‍ ആണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പാരീസിലെ ഹോട്ടല്‍ ഡി ക്രിലോണ്‍ ഉള്‍പ്പെടെയുള്ള മികച്ച നിര്‍മ്മിതികളില്‍ നവീകരണപ്രവര്‍ത്തനം നടത്തി പ്രശസ്തനാണ് അദേഹം. ദുബായുടെ ലാന്‍ഡ്മാര്‍ക്കിന്റെ തന്നെ പുനരുദ്ധാരണത്തിന് തന്നെ തെരഞ്ഞെടുത്തത് വലിയ ഉത്തവാദിത്വവും ബഹുമതിയുമാണെന്ന് ട്രിസ്റ്റന്‍ ഓവന്‍ വ്യക്തമാക്കി, കഴിഞ്ഞ 27 വര്‍ഷമായി ആധുനിക ദുബായുടെ അടയാളമായി ബുല്‍ജ് അല്‍ അറബ് നിലകൊള്ളുകയാണ്.
ഹോര്‍മുസിലെ ഉപരോധം ഇന്ന് വെകിട്ട് ആറിന് നിലവില്‍ വരും
ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിയോടെ മേഖലയില്‍ വീണ്ടും ആശങ്ക. ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകള്‍ തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം തങ്ങളുടെ പോര്‍ട്ടുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഗള്‍ഫിലെ തുറമുഖങ്ങള്‍ സുരക്ഷിതമാകില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.ചെറിയ ഇടവേളക്ക് ശേഷം മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയോടെ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങി. അനധികൃതമായി ടോള്‍ നല്‍കുന്ന കപ്പലുകളെയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. പാകിസ്താനില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കടുത്ത നീക്കം. ട്രംപ് അറിയിച്ചത് പ്രകാരം യുഎഇ സമയം ഇന്ന് വൈകിട്ട് ആറിന് ഉപരോധം നിലവില്‍ വരും.ഉപരോധം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന കപ്പലുകളെയെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പെട്രോഡോളര്‍ വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാനുമാണ് പല കപ്പലുകളും ചൈനീസ് യുവാന്‍ ഉപയോഗിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. എണ്ണയ്ക്ക് പുറമെ വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും വില കുത്തനെ വര്‍ദ്ധിച്ചു. നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകള്‍ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതില്‍ നാറ്റോ പരാജയപ്പെട്ടെന്ന് പറഞ്ഞ ട്രംപ് നാറ്റോ സഖ്യത്തില്‍ യുഎസ് അംഗമായി തുടരുന്നതിനെയും ചോദ്യം ചെയ്തു.
അല്‍ഖൂസില്‍ ഡ്രെയിനേജ്, മഴവെള്ള പൈപ്പ് ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ണം
ദുബായ് അല്‍ഖൂസില്‍ ഡ്രെയിനേജ്, മഴവെള്ള പൈപ്പ് ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ അല്‍ ഖൂസ് ക്രിയേറ്റീവ് സോണിലൂടെയാണ് പദ്ധതി കടന്നു പോകുന്നത്. മഴ പെയ്താലുടന്‍ തന്നെ വെള്ളം ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പുകളിലൂടെ കടന്നുപോകുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.മലിനജലം നിര്‍മാര്‍ജ്ജനം ചെയ്യുന്നതോടൊപ്പം മഴവെള്ളവും നീക്കം ചെയ്യാവുന്ന തരത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 50 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 25 കോടി ദിര്‍ഹമാണ് ചെലവാക്കിയത്. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രദേശങ്ങള്‍ക്കും. ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനുമിടയിലുള്ള ഭാഗങ്ങള്‍ക്കും സേവനം നല്‍കുന്ന സമഗ്രവും സുസ്ഥിരവുമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1,600 ഹെക്ടര്‍ വിസ്തൃതിയിലും 1,500ലധികം പ്ലോട്ടുകളിലുമായാണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 155 ഹെക്ടറിലാണ് മലിനജല, മഴവെള്ള നിര്‍ഗമന ശൃംഖലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 15 കിലോമീറ്റര്‍ നീളത്തില്‍ മലിനജല പൈപ്പ്‌ലൈനുകളും 14 കിലോമീറ്റര്‍ മഴവെള്ള ഡ്രെയിനേജ് ലൈനുകളും ഇതിന്റെ ഭാഗമായി സ്ഥാപിച്ചു. മഴവെള്ളം ഒഴുക്കിവിടുന്നത് മെച്ചപ്പെടുത്താനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും അല്‍ ഖൂസിലെ ബിസിനസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഈ നവീകരണം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയുടെ അടിസ്ഥാന സൗകര്യ ശേഷി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാകും. എമിറേറ്റിലെ മലിനജല സംവിധാനം നവീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. ഇതിന് പുറമെ 3,000 കോടി ദിര്‍ഹത്തിന്റെ ഏകീകൃത മഴവെള്ള ശേഖരണ സംവിധാനമായ തസ്‌രീഫ് പദ്ധതിയും ദുബൈയില്‍ പുരോഗമിക്കുകയാണ്.
ദുബൈയില്‍ വരുന്നു;726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍
ദുബൈ നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ആര്‍ടിഎ 726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ദുബൈയിലെ ജനസാന്ദ്രതയേറിയ വിവിധ ഭാഗങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.മെട്രോ സ്റ്റേഷനുകള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയുമായി ബസ് സര്‍വീസുകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ഈ പുതിയ ഷെല്‍ട്ടറുകള്‍ സഹായിക്കും. യാത്രക്കാര്‍ക്ക് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് കൂടുതല്‍ എളുപ്പമാകും.യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പാക്കാനാകും.പുതിയ ഷെല്‍ട്ടറുകള്‍ പ്രതിവര്‍ഷം 192 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു. ചില ഷെല്‍ട്ടറുകള്‍ 10ലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിലെ തിരക്ക് പരിഗണിക്കുന്നതിനൊപ്പം തന്നെ ഭാവിയില്‍ പൊതുഗതാഗത സംവിധാനത്തിലുണ്ടാകാന്‍ പോകുന്ന വികസനസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിലുള്ള നിര്‍മാണ ശൈലിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍
മേഖലയിലെ സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ചെറുകിട- ഇടത്തരം സംരഭര്‍ക്കായി വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസപാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍. ബാങ്കുകളുടെ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ വ്യവസ്ഥയ്ക്ക് കരുത്താകുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. അബുദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, അജ്മാന്‍ ബാങ്ക് അടക്കമുള്ളവയാണഅ ഉപഭോക്താക്കള്‍ക്കായി ഇളവുകള്‍ ലഭ്യമാക്കുന്നത്.
മേഖലയിലെ സംഘര്‍ഷസാഹചര്യം ബാധിച്ചിട്ടുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവുമായാണ് യുഎഇയിലെ ചില ബാങ്കുകള്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയും രാജ്യത്തെ വിവിധ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും തമ്മില്‍ന്ന കൂടിക്കാ്‌ഴ്ചയിലാണ് തീരുമാനം. അസാധാരണസാഹചര്യങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയക്കുന്നതിന് ബാങ്കിംഗ് മേഖളയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും ദുരിതാശ്വാസ പാക്കേജ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മുന്നണിപ്പോരാളികള്‍ക്കും ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കും ലോണ്‍ തിരിച്ചടവുകളില്‍ ഇളവുകള്‍ അടക്കമാണ് ലഭ്യമാക്കുന്നത്. അബുദബി ഇസ്ലാമിക് ബാങ്ക് വഴി ചെറിയ-ഇടത്തരം സംരംഭങ്ങള്‍ക്ക് പിഴയില്ലാതെ ലോണടക്കാന്‍ ഒന്നുമുതല്‍ രണ്ടുമാസത്തെ ഇളവാണ് ലഭിക്കുക. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഈ ഇളവ് പ്രയോജനപ്പെടുത്താം. പിഒഎസ് സേവനങ്ങളില്‍ 50 ശതമാനം ഫീസ് ഇളവും എഡിഐബി നല്‍കുന്നു. യുഎഇ സായുധസേന, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍, പൊലീസ്, സിവില്‍ ഡിഫന്‍സ്, അടിയന്തര ആരോഗ്യസേവന ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് മുന്നണിപ്പോരാളികളായി പരിഗണിക്കുക. വിദ്യാഭ്യാസ ലോണുകള്‍, വ്യക്തിഗത ലോണുകള്‍ എന്നിവയ്ക്ക് 7 മാസം വരെയും വാഹനങ്ങളുടെ ലോണുകള്‍ക്ക് 6 മാസം വരെയും ഗ്രേസ് പീരിയഡ് ലഭിക്കും. എമിറേറ്റ്‌സ് എന്‍ബിഡിയും ഫസ്റ്റ് അബുദബി ബാങ്കും പ്രത്യേക കാഷ് ബാങ്ക് ഓഫറുകളും ലോണ്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാന്‍ ബാങ്ക് ലോണുകളില്‍ മുന്നുമാസത്തെ ഇളവാണ് പ്രഖ്യാപിച്ചത്. 200 ശതമാനം ക്യാഷ് ബാക് അടക്കം നിരവധി പേയ്‌മെന്റ് പ്ലാനുകളും അജ്മാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിടുട്ഉമയ്
ഹോര്‍മൂസ് കടലിടുക്ക് ഇറാന്റേതല്ല ,നിലപാട് ശക്തമാക്കി യുഎഇ
ഹോര്‍മൂസ് കടലിടുക്കിലെ ഇറാന്റെ കൈകടത്തലില്‍ നിലപാട് ശക്തമാക്കി യുഎഇ. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഹോര്‍മൂസിലെ ഏതൊരു തടസവും ലോകത്തിന് തന്നെ ഭീഷണിയാകുമെന്നും അത് അനുവദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടി മേഖലയിലെ മാത്രം ആശങ്കയല്ലെന്നും മറിച്ച് ആഗോള സാമ്പത്തിക ഭീഷണിയാണെന്നും ആവര്‍ത്തിക്കുയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍. ലോകത്തെയാകെ ബാധിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ധമാണിതെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും ഇറാന്റേതല്ലെന്നും സുല്‍ത്താന്‍ അല്‍ ജാബര്‍ എക്‌സില്‍ കുറിച്ചു. ഹോര്‍മൂസിലുണ്ടാകുന്ന ഓരോ നിയന്ത്രണവും ലോകത്തിന് താങ്ങാനാകില്ലെന്നും അത് അനുവദിക്കരുതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28 മുതല്‍ കുറഞ്ഞത് 22 കപ്പലുകളെയെങ്കിലും ലക്ഷ്യമിട്ടിട്ടുണഅടെന്നും 10 കപ്പല്‍ ജീവനക്കാര്‍ മരണമടഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 20000 ത്തോളം നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ധനവിലയ്ക്ക് പുറമെ ഭക്ഷ്യവില വര്‍ദ്ധന, വിമാന ടിക്കറ്റ് നിരക്ക്,, മരുന്ന് വില വര്‍ദ്ധന എന്നിങ്ങനെ ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഏകദേശം 400 എണ്ണ ടാങ്കറുകള്‍ അടക്കം 800 വാണിജ്യ കപ്പലുകളാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെയാണ് താളംതെറ്റിച്ചിരിക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാകകി.
കൂടിക്കാഴ്ച നടത്തി നേതാക്കള്‍ ,കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍
വെല്ലുവിളികള്‍ക്കിടയിലും രാജ്യം കാത്തുസൂക്ഷിക്കുന്ന കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസ്താവന. ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഭരണ നേതൃത്വം ആവര്‍ത്തിച്ചു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യുഎഇയ്ക്ക് നേരെ നടന്ന ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുഎഇ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പുലര്‍ത്തിയ അസാമാന്യ ജാഗ്രതയെ ഭരണാധികാരികള്‍ പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കുന്നതിനൊപ്പം സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക-സിവില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ നിസ്തുലമാണെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ശക്തമായ സ്ഥാപനങ്ങളും കെട്ടുറപ്പുള്ള സമൂഹവുമാണ് യുഎഇയുടെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം കാട്ടിയ സഹിഷ്ണുതയും പോരാട്ടവീര്യവും ലോകത്തിന് മാതൃകയാണ്. ജനങ്ങളുടെ ഐക്യമാണ് നാടിന്റെ കരുത്ത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കുമെന്നും ഐക്യത്തോടെയുള്ള ഈ മുന്നേറ്റം തുടരുമെന്നും ഭരണാധികാരികള്‍ ഉറപ്പുനല്‍കി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് ഉപഭരണാധികാരികളും ഉപപ്രധാനമന്ത്രിമാരുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങി നിരവധി ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


