Monday, May 25, 2026
Home Blog Page 239

ഗ്ലാസ്സുകൊണ്ട് മുഖത്തടിച്ചു, കട്ടിലിൽ തല ഇടിപ്പിച്ചു; കിടപ്പുരോഗിയായ അമ്മയെ മകൻ അതിക്രൂരമായി ആക്രമിച്ചു കൊന്നു

0

മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മയാണ് (81) മരിച്ചത്. സംഭവത്തിൽ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 30 നാണ് സംഭവം. രാത്രി ഭക്ഷണം നല്കുന്നതിനിടെ കഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് സജീവ് അമ്മയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ചില്ലു ഗ്ലാസ്സുകൊണ്ട് മുഖത്തു അടിച്ചു, കട്ടിലിൽ തല ഇടിപ്പിച്ചു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ തങ്കമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടുക്കി- കോട്ടയം മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ ആയിരുന്ന തങ്കമ്മ ഈ മാസം 7 നാണു മരണമടഞ്ഞത്.

പോസ്റ്റുമോർട്ടും റിപ്പോർട്ടിലാണ് ഗ്ലാസ് കൊണ്ട് അടിയേറ്റെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടർന്നുള്ള ചോദ്യം ചെയ്യലിൽ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലാണ് സജീവ് കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റമില്ല; 6. 5 ശതമാനത്തിൽ തുടരും

0

പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക്. പലിശനിരക്കിൽ തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പോ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. പച്ചക്കറി വില കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പണപ്പെരുപ്പത്തെ 4 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശശികാന്ത ദാസ് പറഞ്ഞു.

ആർ.ബി.ഐ ഡയറക്ടർ ശക്തികാന്ത് ദാസിന്‍റെ അധ്യക്ഷതയിൽ ആഗസ്റ്റ് എട്ടിന് ആരംഭിച്ച മൂന്നു ദിവസത്തെ പണനയസമിതി യോഗമാണ് വായ്പനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് ശക്തികാന്ത് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ 15 ശതമാനം സംഭാവന ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പുരിൽ രാജ്യം കൊലചെയ്യപ്പെട്ടു’; ലോക്സഭയിൽ മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

0

മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടിയന്തിര പ്രമേയ ചർച്ചയിൽ മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. മണിപ്പൂർ ഇന്ത്യയിൽ അല്ല എന്നാണ് മോദി കരുതുന്നത്. താൻ മണിപ്പുർ സന്ദർശിച്ച്, എന്നാൽ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല. മണിപ്പുരിൽ ഇന്ത്യ കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ദരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുൽ പരിഹസിച്ചു. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രസംഗം.

നെയ്മർ പി എസ് ജി വിടുന്നു; ചെൽസിയിലേക്കെന്ന് സൂചന

0

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) വിടാൻ ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്നു സൂചന വന്നിരുന്നെങ്കിലും ചെൽസിയിലേക്കെന്നാണ് റിപോർട്ടുകൾ. പി എസ് ജി വിടുന്നവിവരം ക്ലബ്ബിനെ അറിയിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.

പി എസ് ജി യിൽ 2 വർഷത്തെ കരാർ കൂടി നെയ്മർക്ക് ഉണ്ട്. എന്നാൽ കരാർ തീരുന്നതു വരെ ക്ലബ്ബിൽ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ് വിടണമെന്നും പി എസ് ജിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചുവടുമാറ്റം നടത്തുന്നത്

നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സയിൽ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ക്ലബ് പരിശീലകൻ സാവി പ്രതികരിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നെയ്മറെ വാങ്ങാനുള്ള ശേഷി സ്പാനിഷ് ക്ലബ്ബിനില്ല. പ്രീമിയർ ലീഗ് ക്ലബ് ചെൽസി നെയ്മർക്കായി ശ്രമങ്ങൾ നടത്തുന്നുണ്ട്. പി എസ് ജിയുമായി ചെൽസി അധികൃതർ ചർച്ച നടത്തിയതായാണ് റിപോർട്ടുകൾ.

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

0

മണ്ണാറശാല അമ്മയായ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.

1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ ഭാര്യയായാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി.

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് മണ്ണാറശാല അമ്മ. പൂജാരിണിയായ ഈ അന്തർജനത്തെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം ഇവരാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.

പുതുപ്പള്ളി രാഷ്ട്രീയ പോരാട്ടത്തിലേക്ക്; ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങി

0

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിൽ രാഷ്ട്രീയ കളം ചൂട് പിടിച്ചിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിൽ എത്തിയ ചാണ്ടി ഉമ്മൻ, അച്ഛൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥന നടത്തി. തുടർന്ന് മാതാവ് മറിയാമ്മയുടെ അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ പ്രചാരണ പരിപാടികളിലേക്ക് കടന്നു.

പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു‍. കോണ്‍ഗ്രസ് 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര് 5 ന്; വോട്ടെണ്ണൽ 8 ന്

0

ഉമ്മന്‍ചാണ്ടിയുടെ മരണം മൂലം ഒഴിവുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5 നാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8ന് വോട്ടെണ്ണല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17നാണ്. 18ന് സൂക്ഷ്മപരിശോധന നടക്കും. പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.

യുപിയിലെ ഘോസി, ത്രിപുരയിലെ ധൻപുർ ബോക്സാനഗർ ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ബംഗാളിലെ ധുപ്ഗുഡി, ജാര്‍ഖണ്ഡിലെ ദുമ്റി എന്നീ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.

സിദ്ദിഖിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ സഹപ്രവർത്തകർ

0

സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ട് മണിവരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സഹപ്രവർത്തകരടക്കം നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തുന്നത്. സംവിധായകനും നടനുമായ സുഹൃത്ത് ലാൽ സിദ്ദിഖിന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. ലാലിനെ കൂടാതെ സംവിധായകരായ ഫാസിൽ, സിബി മലയിൽ, ലാൽ ജോസ് തുടങ്ങിയവരും നടന്മാരായ ജയറാം, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനീത് കലാഭവനിൽ കൂടെ ഉണ്ടായിരുന്ന കെ എസ് പ്രസാദ്, അൻസാർ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് യാത്രയായത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഏക സിവിൽകോഡ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിന്മാറണം; നിയമസഭ പ്രമേയം പാസ്സാക്കി

0

ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സഭ ആവശ്യപ്പെട്ടു. ഏകകണ്ടേനയാണ് നിയമസഭാ പ്രമേയം പാസ്സാക്കിയത്. ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തി. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. രണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് ഏത്. അത്തരത്തിലുള്ള ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിൽ ഒരു ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും പ്രമേയം വിലയിരുത്തി.

കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കേന്ദ്രം കാണുന്നത് വിവേചനപരമെന്നു മുഖ്യമന്ത്രി

0

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാറിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാറിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്തെ വിലക്കയറ്റം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ നോക്കുകുത്തിയായി. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.