Wednesday, May 27, 2026
Home Blog Page 218

ഇന്ത്യയുടെ ലോകകപ്പ് ടിം പ്രഖ്യാപിച്ചു; സഞ്ജു പുറത്ത് !

0

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. നേരത്തേ ശ്രീലങ്കയിലെത്തിയ അഗാര്‍ക്കര്‍ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല.

‘സൂപ്പര്‍ 4 ല്‍ ഈ കളി പോര ഇന്ത്യ പ്രകടനം ഇനിയും മെച്ചപ്പെടുത്തണം’-രോഹിത് ശര്‍മ

0

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലേക്ക് ഇന്ത്യ മുന്നേറിയെങ്കിലും പ്രകടനം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
‘ഞങ്ങള്‍ ഇതുവരെ മികച്ച നിലയിലായിരുന്നില്ല. ആദ്യ കളിയില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മാസങ്ങളോളം പുറത്തിരുന്ന് കുറച്ച് പേര്‍ തിരിച്ചു വന്ന
പരമ്പരയാണിത്, ബൗളിംഗ് ശരാശരി മാത്രമായിരുന്നു, ഫീല്‍ഡിംഗില്‍ ശരാശരിക്കും താഴെ പോയി. വരും മല്‍സരങ്ങളില്‍ അത് പരിഹരിക്കും’ എന്ന്
രോഹിത് വ്യക്തമാക്കി.

ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇരയായ സന്ദര്‍ഭത്തിലായിരുന്നു രോഹിതിന്റെ
ഈ വാക്കുകള്‍

തല കൊയ്യാൻ 10 കോടി പ്രഖ്യാപിച്ച പരമഹംസക്ക് മറുപടി; തല ക്ഷൗരം ചെയ്യാൻ പത്ത് രൂപയുടെ ചീപ്പ് മതിയെന്ന് ഉദയനിധി

0

സനാതനധർമ പരാമർശം വിവാദമായെങ്കിലും പറ‍ഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട് സ്​പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരെ കൊലവിളി നടത്തുകയും തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്നും പറഞ്ഞ അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉദയനിധി. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഇത്തരം ഭീഷണികളിൽ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് പരിഹസിക്കുകയും ചെയ്തു.

‘എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചുവെന്ന് കേട്ടു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ വ്യാജനാണോ? എന്റെ തലയോട് എന്താണ് ഇത്ര താൽപര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി, തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഇത്തരം ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’, ഉദയനിധി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പരംഹൻസയുടെ 10 കോടി വാഗ്ദാനം. മറ്റാർക്കും ഉദയനിധിയുടെ തലയെടുക്കാൻ സാധിക്കാതെ വന്നാൽ താൻ തന്നെ തലയറുക്കുമെന്നും പറഞ്ഞിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്‍റെയും ചിത്രം കത്തിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാദ്ധ്യത

0

സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂനമർദമായി മാറിയിട്ടുണ്ട്.

നാളെ രാത്രിവരെ കേരള തീരത്ത് 2.1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി ശക്തമായ തിരമാലക്ക് സാദ്ധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് എൽ ‍‍ഡി എഫ്; മികച്ച വിജയം ലഭിക്കുമെന്ന് ചാണ്ടി ഉമ്മൻ

0

പുതുപ്പള്ളിയിൽ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പുതുപ്പള്ളി പളളിയിലെത്തി പ്രർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടുചെയ്യാനായി പോളിം​ഗ് ബൂത്തിലേക്ക് തിരിച്ചത്. പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്.

കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും യു ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിം​ഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധ ബൂത്തുകളിൽ ചാണ്ടി സന്ദർശനം നടത്തി. ശേഷം9.30 ഓടെയാണ് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പെന്ന നിലയില്‍ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെ താത്പര്യം ജനാധിപത്യവിശ്വാസികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണെന്നും ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയിൽ ബൂത്തുകളിൽ നീണ്ട ക്യൂ; ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിം​ഗ്

0

പുതുള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴ് മണി മുതൽ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. 10 മണിയായപ്പോൾ പോളിം​ഗ് ശതമാനം 20 കടന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടർമാരും മണ്ഡലത്തിലുണ്ട്.

182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്സ്; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

0

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കെ സി വേണുഗോപാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാനുള്ള സാദ്ധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അടിയന്തിര പാർലമെന്റ് സമ്മേളനവും നടക്കാനിരിക്കുകയാണ്. ഈ സാ‍ഹചര്യത്തിലാണ് കോൺ​ഗ്രസ് നീക്കം.

കമ്മറ്റി അം​ഗങ്ങൾ

മല്ലികാർജുൻ ഖാർഗെ
സോണിയ ഗാന്ധി
രാഹുൽ ഗാന്ധി
അംബിക സോണി
അധിർ രഞ്ജൻ ചൗധരി
സൽമാൻ ഖുർശിദ്
മധുസൂദനൻ മിസ്ത്രി
എൻ. ഉത്തം കുമാർ റെഡ്ഢി
ടി.എസ് സിങ് ദേവ്
കെ.ജെ. ജോർജ്
പ്രീതം സിങ്
മുഹമ്മദ് ജാവേദ്
അമി യാജ്നിക്
പി.എൽ. പുനിയ
ഓംകാർ മർകം
കെ.സി. വേണുഗോപാൽ

ഉദയനിധിയുടെ സനാതന പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മമത ബാനർജി; പ്രതിഷേധം കടുപ്പിച്ച് ബിജെപി

0

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിനെത്തിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. മമതയടക്കം നേതാക്കൾ ഉദയനിധിയുടെ പ്രസ്താവനയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്.

ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാന‍‍ര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് പ്രതികരണം.

എന്നാൽ സനാതനയെന്ന വാക്ക് ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗം എസ് പി നേതാവാണ് സ്വാമി പ്രസാദ് മൗര്യ.

സനാതന ധർമ്മ പരാമർശത്തിനെതിരെ നിലപാട് കടുപ്പിക്കുയാണ് ബിജെപി. പ്രസ്താവന ബി.ജെ.പി ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുകയാണ്. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്‍റെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. വിഷയത്തിൽ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സര്‍വധര്‍മ്മ സമഭാവനയാണ് കോൺഗ്രസ് നിലപാടെന്നായിരുന്നു വിഷയത്തിൽ എഐസിസി പ്രതികരണം.

കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെപ്പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നാണ് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിലാണ് ‘സനാതന’ത്തെയും ദ്രാവിഡ സംസ്കാരത്തെയും താരതമ്യം ചെയ്ത് അദ്ദേഹം സംസാരിച്ചത്.

യൂടൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു

0

കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിക്കുകയും ചെയ്തിരുന്നു. അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്.

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ യുവാവിൻ്റെ മൃതദേഹം; കണ്ടെത്തിയത് കഴിഞ്ഞ മാസം തൂങ്ങി മരിച്ച ആളുടെ പുരയിടത്തിൽ

0

തൃശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം വന്ന ശേഷമേ മരിച്ചത് ആരാണെന്ന്
വ്യക്തമാകൂ എന്നാണ് പോലീസ് നിലപാട്.

രണ്ട് മാസം മുമ്പാണ് പ്രതീഷിനെ കാണാതാകുന്നത്. ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി എത്തുമെന്നും ആണ് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതേ സമയം, കഴിഞ്ഞമാസം 25ാം തീയതിയാണ് ശിവരാമൻ എന്നയാൾ തൂങ്ങിമരിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതകകേസുകളിലെ പ്രതിയായാണ് എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പ്രതീഷിന്റെ പേരിൽ ആറിലധികം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെയാണ് ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുകയാണ്.