Thursday, July 30, 2026
Home Blog Page 203

3 ദിവസത്തിൽ 1600 പോയിൻ്റ് ഇടിഞ്ഞ് സെൻസെക്സ്; നിക്ഷേപകര്‍ക്ക് നഷ്ടം 5.4 ലക്ഷം കോടി

0

11 ദിവസം നിർത്താതെ കുതിച്ചുകൊണ്ട് 2007 ന് ശേഷം ഏറ്റവും ദൈർഘ്യമേറിയ വിജയ പാതയിലായിരുന്ന സെൻസെക്‌സ് വെറും 3 ദിവസത്തിനുള്ളിൽ 1,600 പോയിന്റുകൾ നഷ്ടത്തിൽ. തിങ്കളാഴ്ച 242 പോയന്റും ബുധനാഴ്ച 796 പോയന്റും വ്യാഴാഴ്ച 570 പോയന്റുമാണ് സെന്‍സെക്‌സിന് നഷ്ടമായത്. മൂന്ന് വ്യാപാര ദിനങ്ങളിലെ നഷ്ടം 1,608 പോയന്റ്. വിനായക ചതുർത്ഥി ദിനമായ ചൊവ്വാഴ്ച അവധി ആയിരുന്നു.

കഴിഞ്ഞ രാത്രി, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധന വരുത്തിയില്ല. എന്നാൽ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് സൂചന നല്‍കിയത് വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അസംസ്‌കൃത എണ്ണ വിലയിലെ കുതിപ്പും വിപണിക്ക് തിരിച്ചടിയായി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സിപ്ല, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ തകര്‍ച്ച പ്രധാനമായും തകര്‍ച്ച നേരിട്ടത്.

കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; മരിച്ചത് എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി

0

കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ് ഇയാൾ. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയാണ് കൊല്ലപ്പെട്ടത്.

സുഖ ദുന്‍കെയുടെ മരണത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കടന്ന നേതാവാണ് സുഖ ദുന്‍കെ. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേരുണ്ട്.

ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടാകുന്നത്. നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. എന്നാൽ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ ആരോപണം. ഇതെ തുടർന്നാണ് കാനഡ- ഇന്ത്യ ബന്ധം വഷളായത്.

രണ്ടാം വന്ദേഭാരത് കാസര്‍കോട്- തിരുവനന്തപുരം റൂട്ടിൽ; ഞായറാഴ്ച സര്‍വീസ് ആരംഭിക്കും

0

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കേരളത്തിൽ എത്തി. പുതിയ സർവീസ് ഞായറാഴ്ച ആരംഭിക്കും. കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. ആലപ്പുഴ വഴിയാണ് സര്‍വീസ്. രാവിലെ ഏഴുമണിക്ക് കാസർകോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസർകോട് യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ലഭ്യതക്കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെയായിരിക്കും സർവീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. എട്ടു മണിക്കൂറാണ് കാസർകോട് തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള യാത്രാസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.

ട്രെയിൻ ഇന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം – കാസർകോട് റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണ് ബോഗികൾ.

കേരളത്തിൻറേതടക്കം ഒമ്പത് വന്ദേഭാരതുകളാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. തിരുനെൽവേലി-ചെന്നൈ, ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം ആറാകും. ഉദ്ഘാടനത്തിന് ശേഷം സ്പെഷ്യൽ സർവീസുണ്ടാകും. തിങ്കളാഴ്ച സർവീസില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആകും റെഗുലർ സർവീസ് ആരംഭിക്കുക.

ബേക്കറിയിൽ എസ്.ഐ.യുടെ പരാക്രമം; യുവതിക്കും കുട്ടിക്കും മർദനമേറ്റു; എസ് ഐക്ക് സസ്പെൻഷൻ

0

നെടുമ്പാശ്ശേരി കരിയാട് ബേക്കറി ഉടമയെയും ഭാര്യയെയും മർദിച്ച എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സുനിൽകുമാർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.

ഇന്നലെ രാത്രി കരിയാടുള്ള ബേക്കറിയിൽ കയറി പരാക്രമം നടത്തിയ സുനിൽ കുമാറിനെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറിയിൽ കയറി അക്രമം നടത്തിയത്.

നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ കടയാണിത്. ബേക്കറിയിലേക്ക് കയറിച്ചെന്ന ഇയാൾ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരെ അകാരണമായി ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് എസ്.ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.

ചന്ദ്രനിൽ സൂര്യനുദിച്ചു; ലാൻഡറും റോവറും ഉണരുമോ; പ്രതീക്ഷയോടെ ഐഎസ്ആർഒ

0

ചന്ദ്രനില്‍ സൂര്യനുദിച്ചു. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 യെ ഉറക്കമുണര്‍ത്താനുള്ള ശ്രമത്തിലാണ് ഇസ്രോ. ലാന്‍ഡര്‍, റോവര്‍ മോഡ്യൂളുകളെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആറ് ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയ്‌ക്കാണ് സൂര്യോദയ സമയത്ത് ചന്ദ്രനിൽ സൂര്യരശ്മികൾ പതിക്കുക. സൂര്യരശ്മികൾ പതിക്കുന്ന സമയത്താണ് പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുക. ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കാനുള്ള സാധ്യത തീരെകുറവാണ്. പ്രവർത്തിച്ചാൽ അത് സ്വപ്നം നേട്ടമാകും.

സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനിയുള്ള മണിക്കൂറുകൾ. ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാണ്. ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങിയാല്‍ 22ന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് ഐ എസ് ആര്‍ ഒയുടെ പ്രതീക്ഷ.

ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

0

മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദ്ദനം. പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ – വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് ക്രൂരമായി മർദിച്ചത്.

സെപ്‌റ്റംബർ രണ്ടിനാണ് കുട്ടിക്കു മർദനമേറ്റത്. കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. കുട്ടി ഇപ്പോഴും ഇവിടെ ചികിത്സയിൽ കഴിയുകയാണ്. മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കേസിലെ പ്രതി.

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി

0

യുപിയിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. സംഭവത്തിൽ കുറ്റക്കാരിയായ തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പോലീസ് നടപടി.

ഏറെ അന്വേഷണത്തിനൊടുവിൽ ആണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇത്.

കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ നിയമ നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആയിരുന്നു അവ.

കേരളത്തിൽ ഇന്നും മഴയുണ്ട്

0

സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീര പ്രദേശങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസുകാർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

0

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ അറിയിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ തിരൂര്‍ റെസ്റ്റ് ഹൗസിലെത്തിയ സംഘം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി രേഖപ്പെടുത്തി. എന്തൊക്കെയാണ് നടന്നതെന്ന് സി.ബി.ഐ സംഘത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് അന്വേഷണ സംഘത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.

ലഹരിവസ്തുക്കളുമായി പിടിയിലായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

മാധ്യമങ്ങള്‍ ഒരു കുടക്കീഴിയില്‍: സൗദിയില്‍ മീഡിയ റെഗുലേറ്ററി അതോരിറ്റി

0

സൗദിയില്‍ എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കി മീഡിയ റെഗുലേഷന്‍ അതോരിറ്റി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സംവിധാനം നടപ്പിലാക്കിയത്. സൗദി മന്ത്രി സഭയുടെ അംഗീകരാത്തോടെയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയത്. ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്റെ കീഴിലായിരിക്കും ഇനി മുതല്‍ എല്ലാ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം. അച്ചടി, ദൃശ്യ, ശ്രാവ്യ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഇതിന് പരിധിയില്‍ വരും. മാധ്യമ മേഖലയെ സംഘടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പുതിയ വ്യവസ്ഥകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുമ്പ് ഉണ്ടായിരുന്ന ജനറല്‍ അതോരിറ്റി ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ എന്ന സ്ഥാപനമാണ് ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ ആക്കി മാറ്റിയത്. വിഷന്‍ 2030 പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കുന്നത്. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അതോരിറ്റിയുടെ ചുമതലകളും വിപുലീകരിച്ചു. മാധ്യമങ്ങള്‍ക്കുമേല്‍ ഉത്തരവാദിത്വമുള്ള ആധികാരിക മേല്‍നോട്ട സംവിധാനമായി ജനറല്‍ അതോരിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ മാറി. മാധ്യമങ്ങള്‍ക്ക് മേല്‍ അതോരിറ്റിയുടെ നിരന്തര നിരീക്ഷണവും നിയന്ത്രവുമുണ്ടാകും. രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ വികസനം ഉറപ്പാക്കുന്നതിനുമാണ് അതോരിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വിപുലീകരിക്കുത്. മാധ്യമ മേഖലയിലെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും അതോരിറ്റിയുടെ ഉത്തരവാദിത്വമായിരിക്കും.