ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചുമത്തിയ അധിക തീരുവ ട്രംപ് പിന്‍വലിച്ചു. നാറ്റോ സെക്രട്ടറി ജനറലുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദാവോസില് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. ഈ കൂടിക്കാഴ്ച്ചയില്‍ ആര്‍ട്ടിക് സുരക്ഷ സംബന്ധിച്ച ‘ഒരു കരാറിനുള്ള ചട്ടക്കൂട് സംബന്ധിച്ച് ഒരു ധാരണയിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് നടപടി പിന്‍വലിച്ചത്. ഗ്രീന്‍ലാന്‍ഡിന്റെ മേല്‍ യുഎസ് നിയന്ത്രണം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന തന്റെ ഭീഷണി പിന്‍വലിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡാനിഷ് ദ്വീപ് പിടിച്ചെടുക്കാന്‍ സൈനിക ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണിയില്‍ നിന്ന് താന്‍ പിന്മാറുകയാണെും ട്രംപ് ബുധനാഴ്ച വ്യക്തമാക്കി. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വിട്ടുകിട്ടേണ്ടത് അത്യന്താപേക്ഷിതമാണൊയിരുന്നു ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്ത് ചട്ടക്കൂടാണ് ഇതിനായി തയ്യാറാക്കിയത് എന്നതിന്റെ വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാവിയിലെ ചര്‍ച്ചകള്‍ ഗ്രീന്‍ലാന്‍ഡിനെ ഉള്‍പ്പെടുത്തി യുഎസ് ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രീന്‍ലാന്റ് അധിക തീരുവ ഇല്ല
കാബൂളിലെ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു…കുടുംബങ്ങള്‍ക്ക് അനുശോചനവും രേഖപ്പെടുത്തി
അഫ്ഗാനിസ്ഥാനിലെ മധ്യ കാബൂളില്‍ നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായ ഭീകരാക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശക്തമായി അപലപിച്ചു.ഇത്തരം ക്രിമിനല്‍ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.ആക്രമണത്തില്‍ അകപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്കും, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും, അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങള്‍ക്കും മന്ത്രാലയം ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ആദ്യ റൂട്ട് പ്രഖ്യാപിച്ച് ഇത്തിഹാദ് പാസഞ്ചര്‍
ഇത്തിഹാദ് റെയില്‍ ദീര്‍ഘകാലമായി കാത്തിരുന്ന പാസഞ്ചര്‍ നെറ്റ്‌വര്‍ക്കിലെ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു. ആദ്യ റൂട്ട് അബുദാബി, ദുബായ്, ഫുജൈറ എന്നിവയെ ബന്ധിപ്പിക്കുമെന്നും ഇത് രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ കിഴക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു നട്ടെല്ല് ആകുമെന്നും അധികൃതര്‍ അറിയിച്ചു
അബുദാബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ആദ്യ യാത്ര. ഇനി അബുദാബിയില്‍ നിന്ന് 50 മിനിറ്റുകൊണ്ട് ദുബായിലും 100 മിനിറ്റുകൊണ്ട് ഫുജൈറയിലും എത്താം. ദുബായിലേക്ക് റോഡ് മാര്‍ഗം ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ എടുക്കുന്ന ദൂരമാണ് 50 മിനിറ്റുകൊണ്ട് പിന്നിടുക. ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും.യുഎഇയിലുടനീളമുള്ള ജനസംഖ്യാ വളര്‍ച്ചയും ഹൈവേ ശൃംഖലയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവുമാണ് ആദ്യ റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് എത്തിഹാദ് റെയില്‍ അറിയിച്ചു . ജനസാന്ദ്രത, യാത്രാ ആവശ്യകത, ഇന്റര്‍എമിറേറ്റ് കണക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.വിശാലമായ സീറ്റുകള്‍, ചാര്‍ജിങ് പോയിന്റുകള്‍,വൈഫൈ സൗകര്യം, പ്രാര്‍ഥനാ മുറികള്‍ എന്നിവ ട്രെയിനിനുള്ളില്‍ ലഭ്യമാകുന്നതിനാല്‍ യാത്രയ്ക്കിടയില്‍ അത്യാവശ്യം ജോലികളും ചെയ്യാം. സമയബന്ധിതമായി പ്രാര്‍ഥിക്കാനും അവസരം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ഒരു ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. ഫസ്റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകള്‍.
യുഎഇയിലെ പ്രധാന നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കാനും, യാത്ര എളുപ്പമാക്കാനും പാസഞ്ചര്‍ റെയില്‍ സഹായിക്കും. ട്രെയിന്‍ ഗതാഗതം ഊര്‍ജിതമാകുന്നതോടെ റോഡിലെ വാഹനങ്ങളുടെ എണ്ണവും കാര്‍ബണ്‍ മലിനീകരണവും കുറയും. വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതോടെ വികസനത്തിനും വേഗം കൂടും.
അധ്യാപക സര്‍വ്വേ :ജോലിഭാരവും ബേണ്‍ ഔട്ടും വെല്ലുവിളി
യുഎഇ യിലെ അധ്യാപകരില്‍ ഭൂരിഭാഗവും ജോലി ഭാരവും ബേണ്‍ ഔട്ടും മൂലം വെല്ലുവിളി നേരിടുകയാണ് എന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാഭ്യാസത്തില്‍ കൃത്രിമബുദ്ധിയുടെ സംയോജനം അധ്യാപകര്‍ നേരിടുന്ന വെല്ലുവിളിയാണ് എന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
പത്ത് വെല്ലുവിളികളാണ് അധ്യാപകര്‍ മുഖ്യമായും നേരിടുന്നത് എന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടിയത്. ഇവയില്‍ ഏററവും വലുത് കൃത്രിമബുദ്ധിയുടെ സംയോജനമാണ്. 52.9 ശതമാനമാണ് വിദ്യാഭ്്യാസത്തില്‍ കൃത്രിമബുദ്ധി സംയോജിപ്പിക്കുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടത്. 49.02% അധ്യാപകരും ജോലിഭാരവും ബേണ്‍ഔട്ടും കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളി നേരിടുന്നതായി പറഞ്ഞു. ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായി സ്ഥിരീകരിച്ച 47.06% പേരും അധ്യാപകരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 35.29% പേര്‍ അക്കാദമിക് മുന്‍ഗണനകളും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സന്തുലിതമാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായി അഭിപ്രായപ്പെട്ടു. 31.37% പേര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കൊപ്പം പരിമിതമായ ബജറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളിയുണ്ട്. 29.41% പേര്‍ വിദ്യാര്‍ത്ഥികളെ ഭാവി ജോലികള്‍ക്കായി സജ്ജമാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നു. 19.61% പേര്‍ സ്റ്റാഫ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും നേതൃത്വ പാതകള്‍ വികസിപ്പിക്കുന്നതിലും വെല്ലുവിളിയുണ്ട്. 17.65% പേര്‍ക്ക് സമൂഹ വിശ്വാസം നിലനിര്‍ത്തുന്നതിലും ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിലും വെല്ലുവിളിയുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരുടെ 1.96% അഭിപ്രായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സുഡാന്‍ ദുരിതം; മാനുഷിക സഹായവുമായി യുഎഇ
സുഡാനിലെ ദുരിതബാധിത ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 5 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും. ഇതിനായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസുമായി കരാര്‍ ഒപ്പിട്ടു.
യുഎഇ എയ്ഡ് ഏജന്‍സി ചെയര്‍മാന്‍ ഡോ. താരിഖ് അഹമ്മദ് അല്‍ അമേരിയുടെ സാന്നിധ്യത്തിലാണ് യുഎഇ എയ്ഡ് ഏജന്‍സിയും ഒസിഎച്ച്എയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്. മേഖലാ, അന്തര്‍ദേശീയ പങ്കാളികളുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ളതാണ് യുഎഇ യുടെ പ്രവൃത്തി. സുഡാനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം, അയല്‍രാജ്യങ്ങളായ ചാഡ്, ദക്ഷിണ സുഡാന്‍, ഉഗാണ്ട, എത്യോപ്യ എന്നിവിടങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റമുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ട്. സുഡാന്‍ ജനതയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും സംഭാവന നല്‍കിക്കൊണ്ട്, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് കരാര്‍. കഴിഞ്ഞ ദശകത്തില്‍ (2015-2025), യുഎഇ സുഡാന് 4.24 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി (2023-2025) പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യുഎഇ 784 മില്യണ്‍ ഡോളര്‍ മാനുഷിക സഹായത്തിനായി അനുവദിച്ചിരുന്നു. സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, യുഎഇ അതിന്റെ അടിയന്തര മാനുഷിക പ്രതികരണം തുടരുകയും ഈ ദാരുണവും വിനാശകരവുമായ ആഭ്യന്തരയുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ. അല്‍ അമേരി പറഞ്ഞു.
റാസല്‍ ഖൈമ ഓട്ടോണമസ് വാഹനങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍
റാസല്‍ ഖൈമ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എമിറേറ്റിലെ ഓട്ടോണമസ് വാഹനങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണവും സംബന്ധിച്ച് പുതിയ നിയമം പുറത്തിറക്കി.ഒഫീഷ്യല്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍ വാഹനങ്ങള്‍ സുരക്ഷിത മോഡിലേക്ക് സ്വയമേവ മാറുക, സുരക്ഷിത നിയന്ത്രണ കേന്ദ്രങ്ങളുമായുള്ള കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പൊതു സുരക്ഷാ ആവശ്യകതകളിലൂടെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യന്റെ തെറ്റുകള്‍ കുറയ്ക്കുന്നതിനും നിയമം ലക്ഷ്യമിടുന്നു.തുടര്‍ച്ചയായ ഡിജിറ്റല്‍ മോണിറ്ററിങ്ങ് സംവിധാനങ്ങളും നിര്‍ബന്ധിത പിരിയോഡിക് റിപ്പോര്‍ട്ടിങ്ങും നടപ്പിലാക്കി ഏറ്റവും ഉയര്‍ന്ന സുരക്ഷാഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമമായ വികസനം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുമെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഇതിലൂടെ ഓട്ടോണമസ് വാഹന രംഗത്ത് റാസല്‍ഖൈമയെ മുന്‍നിരയിലെത്തിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സാധിക്കും. ഒഫീഷ്യല്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
ഷാര്‍ജ : റിയല്‍ എസ്റ്റേറ്റില്‍ റെക്കോര്‍ഡ് വളര്‍ച്ച
ഷാര്‍ജ എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖല 2025 ല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മൂല്യം രേഖപ്പെടുത്തി, മൊത്തം 65.6 ബില്യണ്‍ ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് പോയവര്‍ഷം നടന്നത്. 2024 നെ അപേക്ഷിച്ച് 64.3% വളര്‍ച്ചയാണ് കൈവരിച്ചത്.
2025 ല്‍ റെക്കോര്ഡ് പ്രകടനമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഷാര്‍ജ കാഴ്ച്ചവെച്ചത്. വിപണിമൂല്യത്തില്‍ 65.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് കഴിഞ്ഞവര്‍ഷം മാത്രം നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ബില്യണ്‍ ദിര്‍ഹത്തിന്റെ അധിക വ്യാപാരം. അതായത് 64.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖല കൈവരിച്ചത്. ഈ വര്‍ഷം നടത്തിയ മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 132,659 ആയി ഉയര്‍ന്നു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.3% വളര്‍ച്ചാ നിരക്കിനെ പ്രതിനിധീകരിക്കുന്നു. ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ വേഗതയും ക്ലയന്റുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിത്തറയും ഇത് സൂചിപ്പിക്കുന്നത്. വില്‍പ്പന ഇടപാടുകളിലും ശക്തമായ വളര്‍ച്ചയുണ്ടായി . 33,580 വില്‍പന ഇടപാടുകളില്‍ എത്തി, 2024 നെ അപേക്ഷിച്ച് 38.4% വളര്‍ച്ച. ഭവന, നിക്ഷേപ ആവശ്യങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യം, ഉയര്‍ന്ന വാടക വരുമാനം, സ്ഥിരതയുള്ള വിലകള്‍ക്ക് പുറമേ, റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ വൈവിധ്യം, ലഭ്യമായ ധനസഹായ ഓപ്ഷനുകള്‍ എന്നിവയാണ് ഇതിന് കാരണമായത്. 2025-ല്‍ ഷാര്‍ജ എമിറേറ്റിലെ മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 6,300 മോര്‍ട്ട്‌ഗേജ് ഇടപാടുകളിലൂടെ 15.5 ബില്യണ്‍ ദിര്‍ഹത്തിലെത്തി, 2024 നെ അപേക്ഷിച്ച് 45.1% ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. എമിറേറ്റില്‍ നിക്ഷേപമിറക്കുന്ന രാജ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. 2024 ല്‍ ഇത് 120 രാജ്യക്കാരായിരുന്നുവെങ്കില്‍, നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ എണ്ണം 2025 ല്‍ 129 ആയി.
ഡിംഡെക്‌സ് 2026 ദോഹയില്‍ തുടക്കമായി
ഒമ്പതാമത് ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടും നിന്ന് 110 ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ സായുധ സേന, അവരുടെ പങ്ക്, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ദൗത്യങ്ങള്‍ എന്നിവ എടുത്തുകാണിക്കുന്ന ഒരു ഡോക്യുമെന്ററിയും ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ സമുദ്ര പ്രതിരോധ, സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമ്മേളനത്തില് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ഖത്തര്‍ സായുധ സേനയുടെ പവലിയനുകളും ശ്രദ്ധാകേന്ദ്രമാണ്. നാവിക കപ്പല്‍ നിര്‍മ്മാണം, ആശയവിനിമയം, റഡാര്‍, മിസൈലുകള്‍, കടല്‍ ഖനികള്‍, സൈബര്‍ സുരക്ഷ, കൌണ്ടര്‍-പൈറസി പ്രവര്‍ത്തനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈനിക പ്രതിരോധ മേഖലയിലെ മറ്റ് പ്രത്യേക സമുദ്ര വ്യവസായങ്ങളും സേവനങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളും പരിഹാരങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍-താനിയുടെ സാന്നിധ്യത്തില്‍ സമുദ്ര പ്രതിരോധ മേഖലയിലെ നിരവധി കരാറുകള്‍, ധാരണാപത്രങ്ങള്‍, തന്ത്രപരമായ കരാറുകള്‍ എന്നിവയില്‍ ഒപ്പുവെച്ചു. ഹമദ് തുറമുഖത്ത് യുദ്ധകപ്പലുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 8 രാജ്യങ്ങളുടെ യുദ്ധകപ്പലുകളണ് ഹമദ് തുറമുഖത്ത് നങ്കൂരമിട്ടത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.
ഇറാന്‍ പ്രക്ഷോഭം; കീഴടങ്ങാന്‍ മൂന്ന് ദിവസം സമയം
ഇറാനില്‍ ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാന്‍ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമമായിട്ടാണ് പ്രക്ഷോഭത്തെ ഇറാന്‍ സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ തന്നെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണം, അല്ലെങ്കില്‍ ‘നിയമത്തിന്റെ പൂര്‍ണ്ണ ശക്തി’ നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ ദേശീയ പോലീസ് മേധാവി അഹ്‌മദ്-റെസ് റാദന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ ഇറാന്‍ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള നടപടികളുടെ വ്യാപ്തി ഇപ്പോഴും പുറംലോകത്തെത്തിയിട്ടില്ല. പ്രതിഷേധം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് 16500 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ ് റിപ്പോര്ട്ടുകള്‍. തെറ്റിദ്ധാരണ മൂലം പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും രണ്ടായിട്ടാണ് കാണുന്നതെന്ന് ഇറാന്‍ പോലീസ് വ്യക്തമാക്കി. ‘തെറ്റിദ്ധാരണമൂലം ഇതിലേക്ക് എത്തപ്പവരെ വഞ്ചിക്കപ്പെട്ട വ്യക്തികളായിട്ടാണ് കാണുന്നത്. അവര്‍ കീഴടങ്ങിയാല്‍ അവരോടുള്ള സമീപനം സൗമ്യമായിരിക്കുമെന്ന് ഇറാന്‍ പോലീസ് മേധാവി അറിയിച്ചു
ഒമാനില്‍ അതിശൈത്യം; ജബല്‍ ഷംസില്‍ താപനില പൂജ്യത്തിന് താഴെയായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനിലെ താപനില പൂജ്യത്തിന് താഴെയായി, ജബല്‍ ഷംസില്‍ മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നുള്ള റീഡിംഗ് പ്രകാരം താപനില പൂജ്യത്തിന് താഴെയായി. മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ജബല്‍ ഷംസില്‍ രേഖപ്പെടുത്തിയ താപനില. ജനുവരി 20 ന് സുല്‍ത്താനേറ്റിലുടനീളം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു ഇത്. ‘സൂര്യന്റെ പര്‍വ്വതം’ എന്നറിയപ്പെടുന്ന ജബല്‍ ഷംസ്, വടക്കന്‍ ഒമാനിലെ അല്‍ ഹജര്‍ പര്‍വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് വിനോദസഞ്ചാരികളുടേയും പ്രകൃതിസ്നേഹികളുടേയും ജനപ്രിയ സ്ഥലമാണിത്. മറ്റ് പര്‍വതപ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു. ടെറസഡ് ഫാമുകള്‍ക്കും റോസ് ഗാര്‍ഡനുകള്‍ക്കും പേരുകേട്ട അല്‍ ഹജര്‍ പര്‍വതനിരകളിലെ മറ്റൊരു ഉയര്‍ന്ന പ്രദേശമായ സൈഖില്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന യാങ്കുളില്‍ താപനില 9.5 ഡ്രിഗ സെല്‍ഷ്യസ് ആയി കുറഞ്ഞപ്പോള്‍ ധാന്‍കില്‍ അത് 12.4 രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ ചൂട് ഗണ്യമായി തുടര്‍ന്നു. മസ്‌കറ്റില്‍ നിന്ന് ഏകദേശം 164 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒമാന്റെ മുന്‍ തലസ്ഥാനമായ നിസ്വയിലെ ചരിത്ര നഗരത്തില്‍ 11.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സുനൈനയില്‍ 11.6, പുരാതന പട്ടണമായ ബഹ്ലയില്‍ 12.3, ഉം അല്‍ സമൈമില്‍ 12.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മധ്യ ഒമാനിലെ മരുഭൂമി പ്രദേശങ്ങളിലും ശൈത്യകാല തണുപ്പ് അനുഭവപ്പെട്ടു. ഹൈമയില്‍ 11, മുഖ്ഷിനില്‍ 11.3, ഫഹൂദില്‍ 11.5 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.


