ഹണിട്രാപ്പിലൂടെ കേരള സർവകലാശാല മുൻജീവനക്കാരനായ വയോധികന്റെ 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നിത്യ ശശി, പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75കാരനാണ് ചതിയില്‍പ്പെട്ടത്.
കൊല്ലം പരവൂരിലാണ് സംഭവം. മേയ് 24ന് ആണ് ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ വയോധികനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുത്തു. വയോധികന്റെ ബന്ധു കൂടിയായ ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ 11 ലക്ഷം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെ വയോധികന്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.