അബുദബി: മാര്‍ബിള്‍ തൂണുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 184 കിലോ മയക്കമരുന്ന് അബുദബി പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ സീക്രട്ട് ഹൈഡൗട്ട്‌സ് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുഎഇക്ക് പുറത്ത് ആസ്ഥാനമായുള്ള ക്രിമിനല്‍ ശൃംഖലയില്‍പ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് അബുദബി പൊലീസ് പിടികൂടിയത്. ഒരു ഏഷ്യന്‍ പൗരന്‍ നിയന്ത്രിച്ചിരുന്ന സംഘമാണ് പിടിയിലായത്. വലിയ ട്രക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 184 കിലോ ഹാഷിഷ് പൊലീസ് കണ്ടെടുത്തു. ഒന്നിലധികം സ്ഥലങ്ങളിലായാണ് സംഘം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പൊലീസ് കണ്ടെത്തുന്നത് ഒഴിവാക്കുന്നതിനായാണ് വിവിധ സ്ഥലങ്ങളില്‍ മാറി സാധനങ്ങള്‍ സൂക്ഷിച്ചത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഘത്തെ പിടികൂടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. മയക്കു മരുന്ന് കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി അതിനൂതനമായ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് അബുദബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ബ്രിഗേഡിയര്‍ താഹെര്‍ ഗരിബ് അല്‍ ദഹേരി പറഞ്ഞു. രാജ്യത്തെ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതായും അല്‍ ദഹേരി അറിയിച്ചു.