പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്‌നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്ന് ദേവരകൊണ്ട പ്രഖ്യാപിച്ചു. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് തുക കൈമാറാന്‍ ഒരുങ്ങുന്നത്.
മുന്‍പും ആരാധകര്‍ക്കായി ദേവരകൊണ്ട സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ആരാധകര്‍ക്കായി വിനോദയാത്രകള്‍ ദേവരകൊണ്ട സംഘടിപ്പിക്കാറുണ്ട്. 100 ആരാധകരുടെ മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.
തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു കോടി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്. നടന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്.
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിച്ച ഖുഷി ഒരു റൊമാന്റിക് എന്റര്‍ടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.