സ്വന്തം നാട്ടിലാണ് കളി നടക്കുന്നതെന്ന ഒരു പരിഗണന പോലും ശ്രീലങ്കയ്ക്ക് നല്‍കാതെ ഏഷ്യ കപ്പ് ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്. താരം ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന്‍നിരയെ ഒന്നാകെ തകര്‍ത്ത് കളയുകയായിരുന്നു താരം. ആറോവറില്‍ 13 റണ്‍സ് മാത്രം നല്‍കി എടുത്തത് ആറു വിക്കറ്റുകളാണ്
കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. പഥുന്‍ നിസ്സംഗയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. രണ്ട് റണ്‍സെടുത്ത നിസ്സംഗ സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചാണ് താരം പുറത്തായത്. ജഡേജയുടെ മികച്ച ക്യാച്ചായിരുന്നു വിക്കറ്റിന് കാരണം.
അടുത്ത ഊഴം കുശാല്‍ മെന്‍ഡിസിന്റേതായിരുന്നു. 17 റണ്‍സെടുത്ത മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു സിറാജ്. സദീര സമരവിക്രമ സിറാജിന്റെ വേഗവും, സ്വിംഗും മനസ്സിലാക്കാനാവാതെ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. താരം റിവ്യൂ എടുത്തെങ്കില്‍ ലെഗ് സ്റ്റമ്പില്‍ കൊള്ളുന്ന തരത്തിലായിരുന്നു പന്ത് വന്നത്.
ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക എന്നിവരെ കൂടി മടക്കി ആറ് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു സിറാജ്. ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം 46 റണ്‍സ് വഴി നാല് വിക്കറ്റെടുത്തതായിരുന്നു സിറാജിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടം. പക്ഷേ അതിനെയെല്ലാം വെല്ലുന്ന പ്രകടനമായിരുന്നു ഫൈനലില്‍ നടന്നത്.