ഷാര്‍ജ: വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മെറ്റാവേര്‍സിലൂടെ ബോധവത്കരണം നല്‍കി ഷാര്‍ജ പൊലീസ്. എല്ലാ പ്രായക്കാര്‍ക്കും മനസിലാകും വിധമാണ് പുതിയ സംവിധാനം ഷാര്‍ജ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗെയിമുകള്‍, മുന്നറിയിപ്പ് വീഡിയോകള്‍, ഇ ക്രൈം സാഹചര്യങ്ങള്‍ എന്നിവ വേഗത്തില്‍ മനസിലാക്കാന്‍ കഴിയും വിധമാണ് ബോധവത്കരണം നടത്തുന്നത്. മെറ്റാവേര്‍സിന്റെ സഹായത്തോടെ ഡിജിറ്റല്‍ സംവിധാനത്തിലാണ് പുതിയ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി, പരാതിക്കാരുടെ വിശദാംശങ്ങള്‍, സൈബര്‍ ക്രൈമുകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് മെറ്റവേര്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ടെക്‌നോളയില്‍ പ്രാവീണ്യമുള്ള യുവാക്കളുടെ സഹായവും പദ്ധതിയ്ക്കായി തേടും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയായി തീരുന്ന നിരവധി ആളുകളുണ്ട്.
എന്നാല്‍ കുറ്റകൃത്യങ്ങളില്‍പ്പെടാതിരിക്കാനും പരാതികള്‍ നല്‍കാനും ഉള്ള അറിവില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇതേ തുടര്‍ന്നാണ് പുതിയ ബോധവത്കരണ സംവിധാനം നടപ്പിലാക്കുന്നതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ ഷംസി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 361 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 117 ആയിരുന്നു. രണ്ട് വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 70 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് ഷാര്‍ജ പൊലീസ്.