പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ച് സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടെന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും സിറിയന്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദമാസ്‌ക്കസ് നഗരാതിര്‍ത്തിയില്‍ ഒരു ബഹുനിലകെട്ടിടത്തിന് നേരെയാണ് ഇന്ന് രാവിലെ പ്രദേശികസമയം ഒന്‍പതരയോട് കൂടി വ്യോമാക്രമണം ഉണ്ടായത്. ഒന്നിന് പിറകെ ഒന്നായി മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരാണ് ആക്രമണത്തിന് ഇരകളായതെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തില്‍ ബഹുനിലകെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി കാറുകളും തകര്‍ന്നു.
സ്‌കൂളുകളും പാര്‍പ്പിട കേന്ദ്രങ്ങളും, ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആക്രമണം. ഇറാന്റെ സ്വാധീനമേഖലയിലാണ് ആക്രമണം നടന്നത്.ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം സിറിയയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിസംബറിന് ശേഷം മാത്രം ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഒരു അരഡസനിലധികം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതെതുടര്‍ന്ന് ഇറാന്‍ സിറിയയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും സൈനികസാന്നിധ്യം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.