സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ട് മണിവരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
സഹപ്രവർത്തകരടക്കം നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തുന്നത്. സംവിധായകനും നടനുമായ സുഹൃത്ത് ലാൽ സിദ്ദിഖിന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. ലാലിനെ കൂടാതെ സംവിധായകരായ ഫാസിൽ, സിബി മലയിൽ, ലാൽ ജോസ് തുടങ്ങിയവരും നടന്മാരായ ജയറാം, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനീത് കലാഭവനിൽ കൂടെ ഉണ്ടായിരുന്ന കെ എസ് പ്രസാദ്, അൻസാർ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.
ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് യാത്രയായത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.