ഷാര്‍ജയില്‍ കണ്ടുകെട്ടി ആറ് മാസം പിന്നിട്ട വാഹനങ്ങള്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം ലേലം ചെയ്യുമെന്ന് മുന്‍സിപ്പാലിറ്റി. വാഹന ഉടമകള്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വാഹനങ്ങള്‍ വിട്ടുനല്‍കും എന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അറിയിച്ചു.വിവിധ നിയമലംഘനങ്ങള്‍ക്ക് ഷാര്‍ജ മുന്‍സിപ്പിലാറ്റി പിടിച്ചെടുത്ത കാറുകളും മറ്റ് വാഹനങ്ങളും യന്ത്രസാമഗ്രികളും ആണ് ലേലത്തില്‍ വില്‍ക്കുന്നത്.
കണ്ടുകെട്ടി ആറ് മാസം കഴിഞ്ഞിട്ടും ഉടമകള്‍ തിരികെ എടുക്കാത്തവയാണ് ലേലത്തില്‍ വെയ്ക്കുന്നത്. പിടിച്ചെടുത്തിട്ടുള്ള മോട്ടോര്‍ സൈക്കിളുകലും ലേലം ചെയ്യും. വാഹനങ്ങളും യന്ത്രസാമഗ്രികളും തിരികെ എടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ ഇന്ന് മുതല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം. ഫെബ്രുവരി പതിനഞ്ചിനാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ തിരികെ എടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫൈവിലെ ഷാര്‍ജ മുന്‍സിപ്പാലിറ്റിയുടെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ആണ് സമീപിക്കേണ്ടത്. കണ്ടുകെട്ടാന്‍ കാരണമായ നിയമലംഘനം തിരുത്തുകയും പിഴ അടച്ച് തീര്‍ക്കുകയും ചെയ്യുന്നവര്‍ക്കാണ് വാഹനം വിട്ടുനല്‍കുക.