ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചു. വിളവെടുപ്പ് യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മികച്ച വിളവാണ് ഇത്തവണയും ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് ലഭിച്ചിരിക്കുന്നത്.ഷാര്‍ജ മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചതിന് ശേഷമുളള രണ്ടാമത് വിളവെടുപ്പിനാണ് തുടക്കമായിരിക്കുന്നത്. മൂന്ന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. കൊയ്‌തെടുത്ത ആദ്യ ഗോതമ്പ് മണികള്‍ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റുവാങ്ങി.
ഇത്തവണ 1428 ഹെക്ടറില്‍ ആണ് മെലീഹയില്‍ ഗോതമ്പ് കൃഷി. ഗോതമ്പ് കൃഷിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സംയോജിപ്പിച്ചാണ് ഇത്തവണ കൃഷി 1428 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആണ് ഷാര്‍ജ ഭരണകൂടം മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചത്. നാനൂറ് ഹെക്ടറില്‍ നടത്തിയ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചത്.ഏറ്റവും അധുനികമായ രീതികള്‍ ഉപയോഗിച്ചാണ് ഷാര്‍ജയിലെ ഗോതമ്പ് കൃഷി. ഗോതമ്പ് പാടത്ത് തന്നെ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മന്ദിരവും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. 1670 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഒരു ബയോടെക്‌നോളജി ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഗോതമ്പ് വിത്തിനങ്ങള്‍ പരീക്ഷിക്കുന്ന ഫാമിലും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സന്ദര്‍ശനം നടത്തി. ജനിതക വ്യതിയാനം വരുത്തിയിട്ടില്ലാത്ത 550 ഓളം ഗോതമ്പ് ഇനങ്ങളാണ് പരീക്ഷണ ഫാമില്‍ ഉള്ളത്. വ്യത്യസ്ഥ തരം ഗോതമ്പ് ഇനങ്ങള്‍ പരീക്ഷിച്ച് അതില്‍ നിന്നും ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുത്താണ് മെലീഹയില്‍ കൃഷി ചെയ്യുന്നത്.