മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമാണ് ‘വൃഷഭ’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും പങ്കുവച്ചിട്ടുണ്ട്. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.
പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏകത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്.
റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.