വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സരിത കുമാരിയെന്ന 24 കാരിയാണ് ധര്‍മ്മേന്ദ്ര കുമാര്‍ എന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു.
ധര്‍മ്മേന്ദ്ര കുമാര്‍ യുവതിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ യുവതിയെ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.
ആക്രമണത്തിന് ഇരയായ ധര്‍മ്മേന്ദ്ര കുമാർ ടാക്സി ഡ്രൈവറാണ്. ഇരുവരും അയല്‍ക്കാരായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്നാണ് ആസിഡ് ആക്രമണം.