അടിസ്ഥാനസൗകര്യം വികസിപ്പിച്ചും ഗതാഗതസംവിധാനങ്ങള്‍ നവീകരിച്ചും 2006-2023 കാലയവളില്‍ ദുബൈ ലാഭിച്ചത് ഇരുപത്തിയാറായിരം കോടി ദിര്‍ഹം എന്ന് ആര്‍ടിഎ. കഴിഞ്ഞ വര്‍ഷം മാത്രം ആര്‍ടിഎയുടെ വരുമാനം 890 കോടി ദിര്‍ഹമായിരുന്നുവെന്ന് ഡയറക്ടടര്‍ ജനറല്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.ദുബൈയില്‍ നടന്ന രാജാന്തര പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തില്‍ ആണ് എമിറേറ്റില്‍ നടപ്പാക്കിയ പശ്ചാത്തലസൗകര്യവികസനവും അതുവഴിയുണ്ടായ നേട്ടങ്ങളും ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചത്.
ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനായി ദുബൈ ഭരണകൂടം പതിനാലായിരം കോടി ദിര്‍ഹം ആണ് ചെലവഴിച്ചതെന്ന് മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2006-ല്‍ ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിച്ചിരുന്നത് പ്രതിവര്‍ഷം 9.5 കോടി യാത്രക്കാരായിരുന്നു. 2022-ല്‍ ഇത് അന്‍പത് കോടിയായി വര്‍ദ്ധിച്ചു.
റോഡ് അപകടങ്ങളും മരണനിരക്കും വന്‍തോതില്‍ കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. റോഡഅപകട മരണനിരക്കില്‍ തൊണ്ണൂറ് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. സാലിക്ക് കമ്പനിയില്‍ നിന്നും 2400 കോടിയുടെ ലാഭമാണ് ഉണ്ടായതെന്നും മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.