യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ അറിയിപ്പിലാണ് ഉള്ളത്. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യമൻ ഹൈക്കോടതി നടപടി അപ്രതീക്ഷിതമെന്നും നിമിഷയുടെ അമ്മ പറഞ്ഞു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്നത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ കത്തെഴുതിയിരുന്നു. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് നിമിഷ പ്രിയ പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതിക്കും കെെമാറിയിരുന്നത്.