വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയെന്ന്
സൗദി അറേബ്യ. പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിതമാകാതെ ഇസ്രയേലുമായി
ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ ആണ് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കുന്നത് വംശഹത്യയാണെന്ന് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കിയത്. മാനുഷിക സഹായം എത്തിക്കാന്‍ കഴിയാത്ത വിധം സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്.ഇവിടെ സാധാരണജനങ്ങള്‍ക്ക് പാര്‍പ്പിടങ്ങളോ സുരക്ഷിത കേന്ദ്രങ്ങളോ കണ്ടെത്താന്‍ കഴിയുന്നില്ല.ഇത് മാനുഷിക മൂല്യങ്ങള്‍ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും എതിരാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.
സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം സ്ഥാപിതകമാകും വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല എന്നതാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.അത് തുടരുമെന്നും ഫൈസല്‍ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കയുമായി നിലവില്‍ നടത്തി വരുന്ന ചര്‍ച്ചകളില്‍ ഇസ്രയേലുമായി നയന്ത്രതന്ത്രബന്ധം സ്ഥാപിക്കുന്ന വിഷയം ഇല്ല.ചില ഉഭയകക്ഷി കരാറുകള്‍ സംബന്ധിച്ചാണ് അമേരിക്കയുമായി നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍.ഇതില്‍ മറ്റൊരു മൂന്നാം കക്ഷി ഇല്ലെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.