ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന് ആണ് പ്രഥമ പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് തന്നെയാണ് സാധ്യത. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ചാഴിക്കാടന്‍ മല്‍സരിച്ചത്.