അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ റഫ അതിർത്തി തുറന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാൻ പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. അതിർത്തി തുറന്നതായി പലസ്തീൻ സ്ഥിരീകരിച്ചു. ട്രക്കുകൾ പലസ്തീനിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ പ്രാദേശിക ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്.
റഫ കവാടം തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.
ഗാസയിൽ പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. തെക്കൻ റഫ സിറ്റിയിലെ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. ആക്രമണം 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണസംഖ്യ 4200 കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. .