രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എണ്ണയ്ക്ക് വില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ അധികമായി എണ്‍പത് ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡിന് ബാരലിന് വില.ആഗോളബെഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത്തിമൂന്ന് ഡോളറിന് മുകളിലേക്കും അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില എഴുപത്തിയെട്ട് ഡോളറിന് മുകളിലേക്കും ആണ് ഇന്ന് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ എണ്‍പത് ഡോളറിന്റെ പരിസരത്തായിരുന്നു ബ്രെന്റ് ക്രൂഡിന്റെ വില.
ഇന്നലെയും ഇന്നുമായി വില എണ്‍പത്തിമൂന്ന് ഡോളറിന് മുകളിലേക്ക് ഉയരുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ അമേരിക്കയില്‍ നിന്നുള്ള ആവശ്യകത വര്‍ദ്ധിച്ചതാണ് ക്രൂഡ് വിലയിലെ ഇപ്പോഴത്തെ വര്‍ദ്ധനയ്ക്ക് കാരണം. അമേരിക്കയിലെ വന്‍കിട റിഫൈനറികള്‍ തകരാറുകള്‍ തീര്‍ത്ത് വീണ്ടും പ്രവര്‍ത്തനകക്ഷമമാകുന്നതാണ് പുറത്തുനിന്നുള്ള എണ്ണയുടെ ആവശ്യകത അപ്രതീക്ഷിതമായി ഉയരാന്‍ കാരണം.ശൈത്യത്തെ തുടര്‍ന്ന് അമേരിക്കന്‍ റിഫൈനറികളുടെ ഉത്പാദനം പോയവാരം എണ്‍പത് ശതമാനമായി കുറഞ്ഞിരുന്നു.
ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളില്‍ തുടരുന്നത് യുഎഇയും സൗദിയും അടക്കമുളള സമ്പദ്ധഘടനയക്ക് സഹായകമാകും. മൊത്തആഭ്യന്തര ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലും വര്‍ദ്ധന രേഖപ്പെടുത്തും.