ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ലിവിങ് ടുഗദര്‍ പങ്കാളിയായ ദേവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കി. ദേവ സ്ഥിരമായി മൊബൈലിൽ സമയം ചിലവഴിക്കുന്നതും ചിലര്‍ക്ക് മെസേജ് അയക്കുന്നതും സംശയത്തിന് കാരണമായി. സംഭവദിവസം ഇരുവരും ബെംഗളൂരുവില്‍ തന്നെ താമസിക്കുന്ന ദേവയുടെ സഹോദരി കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് രണ്ടു പേരും തമ്മില്‍ വഴക്കിട്ടിരുന്നതായി കൃഷ്ണ മൊഴി നൽകി. ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടു പേരും വാടകവീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദേവയെ വൈഷ്ണവ് കൊലപ്പെടുത്തിയത്.
കുക്കറുമായി കിടപ്പുമുറിയിലെത്തിയ പ്രതി വൈകിട്ട് നാലിനും നാലരയ്ക്കും ഇടയില്‍ മൂന്നു തവണ യുവതിയുടെ തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ യുവതി തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ദേവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി കൃഷ്ണ അയല്‍ക്കാരെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകവിവരം അറിഞ്ഞത്.