ലബനനില്‍ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്ക്-പടിഞ്ഞാറന്‍ ലബനനിലേക്ക് ആണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം വ്യാപിപ്പിച്ചത്.ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പന്ത്രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായെന്ന് ലബനന്‍ സര്‍ക്കാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ മുപ്പതിന് ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ കരയുദ്ധം ആരംഭിച്ചത്. നിയന്ത്രിതമായ രീതിയില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം.ഒരാഴ്ച്ച പിന്നിടുമ്പോള്‍ ലബനനില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് കരയുദ്ധം വ്യാപിപ്പിക്കുയാണ് ഇസ്രയേല്‍. തുടക്കത്തില്‍ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലായിരുന്നു കരയുദ്ധം നടത്തിയിരുന്നത്.എന്നാല്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും ഇപ്പോള്‍ യുദ്ധം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ആണ് ഇസ്രയേല്‍ പുതിയ മേഖലകളില്‍ ആക്രമണം നടത്തുന്നത്.ഗാസയിലേതിന് സമാനമായി ലബനനിലും യുദ്ധം നീണ്ടുനിന്നേക്കും എന്ന ആശങ്കയാണ് ഇസ്രയേലിന്റെ പുതിയ നീക്കം സൃഷ്ടിക്കുന്നത്. തലസ്ഥാനമായ ബെയ്‌റൂത്ത് അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണവും മറുവശത്ത് ഇസ്രയേല്‍ നടത്തുന്നുണ്ട്.
ഇസ്രയേല്‍ ലബനനില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പന്ത്രണ്ട് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായത്. ഓരോ ദിവസും ആയരങ്ങള്‍ക്കാണ് വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ഓടേണ്ടിവരുന്നത്. നാല് ലക്ഷത്തോളം പേര്‍ അയല്‍രാജ്യമായ സിറിയയിലേക്ക് ആണ് പലായനം ചെയ്തത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയന്‍ ആഭ്യന്തരയുദ്ധകാലത്തേക്ക് ലബനനില്‍ അഭയം തേടിയവര്‍ ആണ്.ഒരു ലക്ഷത്തോളം ലബനന്‍ സ്വദേശികളും സിറിയയില്‍ അഭയം തേടി.കഴിഞ്ഞ മൂന്നാഴ്ച്ചക്കിടയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ 1400 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.