യുഎഇ ജയിലില്‍ പതിനെട്ട് വര്‍ഷമായി തടവില്‍ കഴിഞ്ഞിരുന്ന അഞ്ച് ഇന്ത്യന്‍ പ്രവാസികള്‍ മോചിതരായി നാട്ടില്‍ തിരികെ എത്തി.കൊലപാതക കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്ന അഞ്ച് തെലങ്കാന സ്വദേശികള്‍ക്കാണ് മോചനം ലഭിച്ചത്. തെലങ്കാന സര്‍ക്കാരിന്റെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലുകളെ തുടര്‍ന്നാണ് മോചനം സാധ്യമായത്.
തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലക്കാരായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ശിവരാത്രി ഹന്‍മന്തു, ഗൊല്ലം നമ്പള്ളി, ദുണ്ടുഗുല ലക്ഷമണ്‍ എന്നിവരാണ് പതിനെട്ട് വര്‍ഷം ശേഷം ജയില്‍ മോചിതരായത്. കൊലപാത കുറ്റത്തിന് 2005-ല്‍ ആണ് അഞ്ചുപേര്‍ക്കും ദുബ കോടതി ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ദുബൈയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളായിരുന്നും അഞ്ചുപേരും. നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൊലപാതകത്തില്‍ ആണ് ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്.
നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനുമായി ഉണ്ടായ വാക്ക് തര്‍ക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ബിആര്‍എസ് നേതാവും തെലങ്കാന മന്ത്രിയുമായിരുന്ന കെ.ടി രാമറാവു ആണ് അഞ്ച് പേരുടെയും മോചനത്തിനുള്ള ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.മോചനത്തിനുള്ള നിരാക്ഷേപത്രവും ബന്ധുക്കളില്‍ നിന്നും വാങ്ങി. ഇതിനിടയില്‍ ശിക്ഷയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ദുബൈ കോടതി തള്ളി. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോട് കൂടി ദുബൈ ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കി.
തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം അഞ്ചുപേരേയും ഫെബ്രുവരി പതിനെട്ടിന് ദുബൈ ജയിലില്‍ നിന്നും മോചിപ്പിച്ചത്. പതിനെട്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തിയ അഞ്ച് പേര്‍ക്കും വന്‍ സ്വീകരണം ആണ് ബന്ധുക്കളും നാട്ടുകാരും ബിആര്‍എസ് നേതൃത്വവും ചേര്‍ന്ന് നല്‍കിയത്.