2026 ഓടെ രാജ്യത്ത് പറക്കുന്ന ടാക്‌സികളുടെ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി യുഎഇ. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും, യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും പദ്ധതിയ്ക്കായി കരാറില്‍ ഏര്‍പ്പെട്ടു. ഇലക്ട്രിക് എയര്‍ടാക്‌സിളാണ് യുഎഇയുടെ ആകാശത്ത് എത്തുന്നത്.
ഗതാഗത രംഗത്ത് മറ്റൊരു വിപ്ലവകരമായ നേട്ടത്തിന് ഒരുങ്ങുകയാണ് യുഎഇ. 2026 ഓടെ രാജ്യത്ത് ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എയര്‍ടാക്‌സികളുടെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിംഗ് നടത്തുന്നതില്‍ മുന്‍നിരയിലുള്ള ആര്‍ച്ചറിന്റെ ആദ്യ അന്താരാഷ്ട്ര വിക്ഷേപണ പങ്കാളിയായിരിക്കും അബുദാബി. അബുദാബിയിലെ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് വെഹിക്കിള്‍ ഇന്‍ഡസ്ട്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കി ആര്‍ച്ചറിന് പിന്തുണ നല്‍കും. ആര്‍ച്ചറിന്റെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫും ലാന്‍ഡിംഗും പരിശോധിച്ച ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
നഗരത്തിലെ കാറില്‍ 60 മിനുറ്റ് യാത്ര ചെയ്യുന്നത് പറക്കും ടാക്‌സികള്‍ വഴി 10 മിനുറ്റ് സമയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മുബദാല ക്യാപിറ്റല്‍, യുണൈറ്റഡ് എയര്‍ലൈന്‍സ്, സ്റ്റെല്ലാന്റിസ്, ബോയിംഗ് എന്നീ കമ്പനികള്‍ 110 കോടി ഡോളറിന്റെ നിക്ഷേപമാണ് ആര്‍ച്ചറില്‍ നടത്തിയിരിക്കുന്നത്. ദുബൈ എയര്‍ഷോയിലും അടുത്ത മാസം യുഎഇ ആതിഥേയത്വം വഹിക്കുന്ന ഏവിയേഷന്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍സ് കോണ്‍ഫറന്‍സിലും ആദ്യമായി ആര്‍ച്ചര്‍ മിഡ്‌നൈറ്റ് വിമാനം പ്രദര്‍ശിപ്പിക്കും. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്ന ഫാല്‍ക്കണ്‍ ഏവിയേഷനുമായി ആര്‍ച്ചര്‍ ധാരണാപത്രം ഒപ്പുവച്ചു. ഇലക്ട്രിക് എയര്‍ടാകിസ്‌കള്‍ ഗാതഗത മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.