യുഎഇയില്‍ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴശിക്ഷ. ഇരുനൂറ് ദിര്‍ഹം ആണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ജനുവരി ഒന്നിനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.ദുബൈ അടക്കം യുഎഇയുടെ മുഴുവന്‍ എമിറേറ്റുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസിറ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള യുഎഇ മന്ത്രിസഭാ തീരുമാനം ആണ് വിവിധ എമിറേറ്റുകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
പ്ലാസ്റ്റിക് കവറുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് ഫില്‍സ് ഈടാക്കിയാണ് സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും നല്‍കുന്നത്. യുഎഇ ഭരണകൂടം നിശ്ചയിച്ച നിരക്കാണ് ഇരുപത്തിയഞ്ച് ഫില്‍സ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ലംഘിക്കുന്നവര്‍ക്ക് ഇരുനൂറ് ദിര്‍ഹം ആണ് പിഴശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി രണ്ടായിരം ദിര്‍ഹം വരെയാണ് പിഴശിക്ഷ ലഭിക്കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റികിന്റെ ഉപയോഗം ഒഴിവാക്കുന്നതിനാണ് യുഎഇ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് 2026 ജനുവരി ഒന്നിന് നിരോധനം ബാധകമാകും. പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടയ്‌നറുകള്‍,സ്പൂണ്‍ ഫോര്‍ക്ക്,സ്‌ട്രോ തുടങ്ങിയവയാണ് 2026-ല്‍ നിരോധിക്കപ്പെടുക.